Football

റഫറി ലാലിഗ സ്വഭാവം മറന്നില്ല!! കണ്ണില്‍ കണ്ടവര്‍ക്കെല്ലാം മഞ്ഞ പൊക്കി ലാഹോസ്!!

അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സ് ക്ലാസിക് ക്വാര്‍ട്ടര്‍ പോരാട്ടം ആരാധകര്‍ ഓര്‍ത്തിരിക്കുക റഫറിയുടെ തേരോട്ടത്തിന്റെ പേരിലാകും. രണ്ടു ടീമിലുമായി 14 താരങ്ങള്‍ക്കാണ് മാതേവു ലാഹോസ് എന്ന ലാലിഗ റഫറി മഞ്ഞക്കാര്‍ഡ് വീശിയത്. അര്‍ജന്റീന നിരയില്‍ എട്ടു പേരാണ് മഞ്ഞക്കാര്‍ഡ് കണ്ടത്. ഇവരില്‍ ചിലര്‍ക്ക് അടുത്ത മല്‍സരം നഷ്ടമാകും.

നെതര്‍ലന്‍ഡ്‌സ് നിരയില്‍ 7 പേര്‍ക്കും കാര്‍ഡ് കിട്ടി. അവര്‍ പുറത്തായതിനാല്‍ അടുത്ത മല്‍സരത്തിന്റെ പേടി വേണ്ട. തുടക്കം മുതല്‍ അനാവശ്യമായി മഞ്ഞക്കാര്‍ഡ് കാണിക്കാന്‍ ലാഹോസ് ഉത്സാഹിച്ചിരുന്നുവെന്ന് പറഞ്ഞാലും അതിശയോക്തിയാകില്ല. പെനാല്‍റ്റി എടുക്കാന്‍ വന്ന താരത്തിന് വരെ കാര്‍ഡ് നല്‍കിയാണ് ലാഹോസ് സാന്നിധ്യം അറിയിച്ചത്.

സ്പാനിഷ് ലാലിഗയില്‍ സ്ഥിര സാന്നിധ്യമായ ലഹോസ് കാര്‍ഡ് കൊടുക്കുന്നത്തില്‍ ഒരു മടിയുമില്ലാത്ത റഫറിയാണ്. ലാലിഗയില്‍ റയല്‍ മാഡ്രിഡിന് അനുകൂലമായി പക്ഷപാതിത്വത്തോടെ പെരുമാറുന്നുവെന്ന് വിമര്‍ശനം കേള്‍ക്കുന്ന റഫറിയാണ് ലാഹോസ്.

ഈ ലോകകപ്പിലെ ഉദ്ഘാടന മല്‍സരം നിയന്ത്രിച്ചിരുന്നതും ലാഹോസാണ്. അന്ന് 6 മഞ്ഞക്കാര്‍ഡുകള്‍ വീശി. പിന്നീട് യുഎസ്എ-ഇറാന്‍ മല്‍സരവും നിയന്ത്രിച്ചതും ഇദേഹമാണ്. അന്നും നാല് കാര്‍ഡുകള്‍ പൊക്കി.

ഇതിഹാസതാരം ഡീഗോ മറഡോണ മരിച്ച ശേഷം നടന്ന മല്‍സരത്തില്‍ ലയണല്‍ മെസി അദേഹത്തിന് കളത്തില്‍ ആദരവ് അര്‍പ്പിച്ചിരുന്നു. മല്‍സരത്തില്‍ ഗോള്‍ നേടിയ ശേഷം മെസി തന്റെ ജേഴ്സി ഊരിയ ശേഷം മറഡോണയുടെ പ്രശസ്തമായ ഓള്‍ഡ് ബോയ്സ് ജേഴ്സി അണിഞ്ഞ് കൈകള്‍ ആകാശത്തേക്ക് ഉയര്‍ത്തി ആദരം അര്‍പ്പിച്ചിരുന്നു. ഈ പ്രവര്‍ത്തിക്ക് മെസിക്ക് മഞ്ഞക്കാര്‍ഡും കിട്ടിയിരുന്നു.

അനാവശ്യമായ കാര്യങ്ങള്‍ക്കു പോലും ലാഹോസ് മഞ്ഞക്കാര്‍ഡ് നല്‍കിയെന്ന വാദം കളി വിദഗ്ധര്‍ തന്നെ ഉന്നയിക്കുന്നുണ്ട്. കളിയുടെ താളം നശിപ്പിക്കുന്ന രീതിയിലാണ് ലാഹോസ് ഇടപെട്ടതെന്ന് വാദം ശക്തമാണ്. അടുത്ത മല്‍സരങ്ങളില്‍ ലാഹോസിനെ ഫിഫ കളി നിയന്ത്രിക്കാന്‍ നിയോഗിക്കുമോയെന്ന ആശങ്കയിലാണ് ആരാധകരും.

Related Articles

Back to top button