FootballISL

ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്കെതിരേ ബെംഗളൂരു ആരാധകരുടെ ഗുണ്ടായിസം!!

ബെംഗളൂരു എഫ്‌സിക്കെതിരായ എവേ മല്‍സരം കാണാനെത്തിയ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് നേരെ ബെംഗളൂരു ആരാധകരുടെ കൈയേറ്റവും തെറിയധിക്ഷേപവും. ശനിയാഴ്ച്ചത്തെ മല്‍സരശേഷം ബെംഗളൂരു ആരാധകര്‍ പലതവണ പ്രശ്‌നമുണ്ടാക്കാന്‍ രംഗത്തു വന്നതോടെ ആരാധകരില്‍ പലര്‍ക്കും പരിക്കേറ്റിരുന്നു.

ബെംഗളൂരു എഫ്‌സി മാനേജ്‌മെന്റിന്റെ മൗനസമ്മതത്തോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്കു നേരെ ഗ്യാലറിയില്‍ വച്ചും പിന്നീട് സ്റ്റേഡിയത്തിന് വെളിയിലും വച്ച് ആക്രമണമുണ്ടായതെന്ന് ആരോപണം. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ബ്ലാസ്റ്റേഴ്‌സിന്റെ വനിതാ ആരാധകര്‍ക്കു നേരെ വലിയ തോതില്‍ അധിക്ഷേപമുണ്ടായതായി ആരാധകര്‍ സ്‌പോര്‍ട്‌സ്‌ക്യൂവിനോട് പറഞ്ഞു.

ടിക്കറ്റ് ഇല്ലാതെ ഫ്രീയായി പലരും സ്‌റ്റേഡിയത്തിലേക്ക് കടത്തി വിട്ടതായി ബെംഗളൂരുവിന്റെ മല്‍സരങ്ങള്‍ക്ക് സ്ഥിരമായി പോകാറുള്ള ഒരു മലയാളിയായ ബെംഗളൂരു ആരാധകര്‍ സ്‌പോര്‍ട്‌സ്‌ക്യൂവിനോട് പ്രതികരിച്ചു. യഥാര്‍ത്ഥ ബെംഗളൂരു ഫാന്‍സ് സൗമ്യതയോടെയാണ് ബ്ലാസ്‌റ്റേഴ്‌സിനെ സ്വീകരിച്ചതെന്ന് പേരുവെളിപ്പെടുത്താത്ത ഈ ആരാധകര്‍ ചൂണ്ടിക്കാട്ടി.

ഗ്യാലറിയില്‍ വച്ച് ബെംഗളൂരു ആരാധകര്‍ ബ്ലാസ്റ്റേഴ്‌സ് ഫാന്‍സിനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ വലിയതോതില്‍ സോഷ്യല്‍മീഡിയയില്‍ പടരുന്നുണ്ട്. മനപൂര്‍വം പ്രശ്‌നമുണ്ടാക്കാന്‍ വന്ന രീതിയിലാണ് ബെംഗളൂരു ഫാന്‍സിന്റെ ഇടപെടലെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

ഫുട്‌ബോളില്‍ ക്ലബുകളും ആരാധകരും തമ്മിലുള്ള വാശിയും അതിനു പുറത്ത് പ്രശ്‌നങ്ങളും ലോകമെങ്ങും ഉണ്ട്. എന്നാല്‍ ഒരു ക്ലബ് തന്നെ ഇത്തരത്തില്‍ എവേ ഫാന്‍സിനെ ആക്രമിക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്നത് ശരിയല്ലെന്നാണ് കളി കാണാന്‍ ബെംഗളൂരുവിലെത്തിയവരില്‍ ചിലര്‍ പ്രതികരിച്ചത്.

അതേസമയം, ഈ പ്രശ്‌നങ്ങളില്‍ ഐഎസ്എല്‍ അധികൃതര്‍ക്ക് പരാതി നല്‍കുമെന്ന സൂചന ചില ബ്ലാസ്റ്റേഴ്‌സ് ഫാന്‍സ് നല്‍കിയിട്ടുണ്ട്. ടിക്കറ്റില്ലാതെ ഗ്യാലറിയിലേക്ക് കടത്തിവിട്ടവരെ കണ്ടെത്തി ശിക്ഷിക്കണമെന്നാണ് ആവശ്യം.

പോലീസുകാര്‍ നോക്കി നില്‍ക്കെയാണ് പല ആരാധകര്‍ക്കു നേരെയും ബെംഗളൂരു ഫാന്‍സിന്റെ കൈയേറ്റമെന്നത് ഗൗരവകരമാണ്. അതേസമയം, സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തുമെന്ന് കര്‍ണാടക പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ബെംഗളൂരു-ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഐഎസ്എല്ലില്‍ ഇരുകൂട്ടരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ മുതലുള്ള കാര്യമാണ്. ഇത്തവണ പക്ഷേ കാര്യങ്ങള്‍ കൈവിട്ടു പോയത് നിയന്ത്രിക്കാന്‍ ബെംഗളൂരു എഫ്‌സി അധികൃതര്‍ ഒരു കാര്യവും ചെയ്തില്ലെന്നതാണ് സത്യം.

Related Articles

Back to top button