ISL

എടികെയ്ക്ക് കഷ്ടകാലം മാറുന്നില്ല!! കളിക്കാരന് സസ്‌പെന്‍ഷനും

വന്‍ പണം മുടക്കി ക്ലബിനെ പരിപാലിക്കുന്ന എടികെയ്ക്ക് കഴിഞ്ഞ ഒരു വര്‍ഷം കളത്തിലെ റിസല്‍ട്ട് അത്ര സുഖം നല്‍കുന്നതല്ല. ഇപ്പോഴിതാ കൂനിന്‍മേല്‍ കുരുപോലെ മറ്റൊരു തിരിച്ചടിയും ക്ലബിനെ തേടി എത്തിയിരിക്കുകയാണ്. എടികെയുടെ പ്രധാന ഇന്ത്യന്‍ താരങ്ങളിലൊരാളായ അശുതോഷ് മെഹ്തയ്ക്ക് രണ്ടു വര്‍ഷത്തേക്ക് സസ്‌പെന്‍ഷന്‍ വിധിച്ചിരിക്കുകയാണ്.

നിരോധിത മരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ നാഡയാണ് താരത്തെ വിലക്കിയിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന ഐഎസ്എല്‍ മല്‍സരത്തിനിടെ എടുത്ത സാമ്പിളാണ് മെഹ്തയുടെ കരിയറില്‍ തിരിച്ചടി നല്‍കിയത്. ഫെബ്രുവരിയില്‍ ഹൈദരാബദിനെതിരെ നടന്ന ഐഎസ്എല്‍ മത്സരത്തിന് മുമ്പായി നാഡ നടത്തിയ പരിശോധനയിലാണ് അശുതോഷ് നിരോധിത മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയത്.

പുറം വേദനയെത്തുടര്‍ന്ന് ടീമംഗം നല്‍കിയ ഒരു മരുന്ന് കഴിച്ചിരുന്നതായി ഇതേക്കുറിച്ച് അശുതോഷ് നാഡ അധികൃരോട് വിശദീകരിച്ചു. ആയുര്‍വേദ മരുന്നാണെന്ന് കരുതിയാണ് ഇത് കഴിച്ചതെന്നും അശുതോഷ് അധികൃതരെ അറിയിച്ചു. തനിക്ക് മരുന്ന് നല്‍കിയ സഹതാരത്തിന്റെ വിവരങ്ങളും അശുതോഷ് അധികൃതര്‍ക്ക് കൈമാറി.

മദ്യപിക്കുകയോ മറ്റ് ദുശീലങ്ങളോ ഇല്ലാത്ത മെഹ്ത ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ടതിന്റെ ഞെട്ടലിലാണ് സഹതാരങ്ങള്‍. വിലക്കിനെതിരേ അപ്പീല്‍ നല്‍കിയെങ്കിലും ഈ സീസണില്‍ താരത്തിന്റെ തിരിച്ചുവരവ് സംശയകരമാണ്.

Related Articles

Back to top button