Football

കളിച്ചത് ഖത്തറിനെതിരേ ഇക്വഡോര്‍ ആരാധകര്‍ക്ക് കലിപ്പ് ചിലിക്കെതിരേ!! പണികൊടുത്ത് ഫിഫ

ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മല്‍സരത്തില്‍ കാണികളുടെ ചാന്റിനെതിരേ ഫിഫയുടെ നടപടി. ഇക്വഡോര്‍ ആരാധകര്‍ നടത്തിയ ചാന്റുകളാണ് ഫിഫയെ നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചത്. രസകരമായ വസ്തുത എന്തെന്നാല്‍ എതിരാളികളായ ഖത്തറിനെതിരേ ആയിരുന്നില്ല ആരാധകരുടെ പ്രതികരണങ്ങള്‍.

ലാറ്റിനമേരിക്കയിലെ തങ്ങളുടെ അയല്‍ക്കാരായ ചിലിക്കെതിരേ ആയിരുന്നു ഇക്വഡോര്‍ ആരാധകര്‍ അത്ര സുഖകരമല്ലാത്ത ചാന്റ് വിളിച്ചത്. ലോകകപ്പ് യോഗ്യത റൗണ്ടില്‍ അനര്‍ഹനായ കളിക്കാരനെ ഇക്വഡോര്‍ കളിപ്പിച്ചെന്ന് ആരോപിച്ച് ചിലി ഫിഫയ്ക്കും രാജ്യാന്തര കായിക കോടതിക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി തള്ളപ്പെട്ടു.

ഇതാണ് ചിലിക്കെതിരേ മല്‍സരത്തിനിടെ പ്രതിഷേധം ഉയര്‍ത്താന്‍ ഇക്വഡോര്‍ ആരാധകരെ പ്രേരിപ്പിച്ചത്. നടപടി എടുക്കുമെന്ന് അറിയിച്ച ഫിഫ പക്ഷേ എന്താകും നടപടിയെന്ന് പ്രഖ്യാപിച്ചിട്ടില്ല. ശക്തരായ ചിലിക്ക് ഇത്തവണ ലോകകപ്പിന് യോഗ്യത നേടാന്‍ സാധിച്ചിരുന്നില്ല.

ഉദ്ഘാടന മല്‍സരത്തിനിടെ വീ വാണ്ട് ബിയര്‍ മുദ്രാവാക്യങ്ങളും ഇക്വഡോര്‍ ആരാധകര്‍ ഉയര്‍ത്തിയിരുന്നു. ഇതും ഫിഫയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മല്‍സരം നടക്കുന്ന സ്റ്റേഡിയങ്ങളില്‍ മദ്യത്തിന് കര്‍ശന വിലക്കാണുള്ളത്.

Related Articles

Back to top button