FootballTop Stories

9 വര്‍ഷം 7 കിരീടങ്ങള്‍!! ഇന്ത്യയില്‍ എല്ലാം നേടി ബെംഗളൂരൂ!!

ഇന്ത്യയിലെ എല്ലാ പ്രധാന ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളിലും കിരീടം നേടിയ ഏക ക്ലബായി ബെംഗളൂരു എഫ്‌സി. ഡ്യൂറന്റ് കപ്പ് മാത്രമായിരുന്നു ബെംഗളൂരുവിന്റെ ഷെല്‍ഫില്‍ ഇല്ലാതിരുന്നത്. ഞായറാഴ്ച്ച മുംബൈ സിറ്റിയെ വീഴ്ത്തിയതോടെ സുനില്‍ ഛേത്രിയും സംഘവും ആ നിരാശയും മായ്ച്ചു കളഞ്ഞു. ചുരുങ്ങിയ കാലംകൊണ്ട് ഇത്രയധികം നേട്ടങ്ങള്‍ സ്വന്തമാക്കിയ മറ്റൊരു ക്ലബ് ലോകത്ത് കാണില്ല.

ഇതുവരെ നേടിയത് ഒരു ഐഎസ്എല്‍ കിരീടം, രണ്ട് ഐലീഗ് ട്രോഫികള്‍, രണ്ടു തവണ ഫെഡറേഷന്‍ കപ്പ്, ഓരോ തവണ വീതം ഡ്യൂറന്റ് കപ്പും സൂപ്പര്‍ കപ്പും. 2013 ലാണ് ബെംഗളൂരു എഫ്‌സി രൂപീകൃതമാകുന്നത്. 2013-14 സീസണില്‍ തന്നെ ഐലീഗില്‍ കിരീടം നേടി ടീം ഏവരെയും ഞെട്ടിച്ചു. ഒരുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 2015-16 സീസണിലും കിരീടം നേടിയതോടെ വെറുമൊരു സീസണ്‍ വണ്ടറല്ല ക്ലബെന്ന് ഒരിക്കല്‍ക്കൂടി ബെംഗളൂരു തെളിയിച്ചു.

ബെംഗളൂരു എഫ്‌സിയുടെ വിജയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാരണം അവരുടെ പ്രെഫഷണലിസമാണ്. രൂപീകരിച്ച് ആദ്യ ദിവസം മുതല്‍ കൃത്യമായ പ്രെഫഷണല്‍ സമീപനത്തോടെയാണ് അവരുടെ ഓരോ ചുവടുവയ്പ്പും. ബിസിനസ് വമ്പന്മാരായ ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്ലബ്. സാമ്പത്തികം ഒരു പ്രശ്‌നമല്ലാത്തതിനാല്‍ എല്ലാ മേഖലയിലും ഏറ്റവും മികച്ചവരെ തന്നെ കൊണ്ടു വരാന്‍ ക്ലബ് മാനേജ്‌മെന്റിനായി.

കൃത്യമായ വിഷനോടെയാണ് ക്ലബിന്റെ പ്രവര്‍ത്തനമെന്ന് കാണാം. ഫുട്‌ബോളിന് കാര്യമായ വളക്കൂറില്ലാത്ത ബെംഗളൂരു സിറ്റിയില്‍ സ്വന്തമായി ഒരു ഫാന്‍സ് ഗ്രൂപ്പിനെ വളര്‍ത്തിയെടുക്കാനും ടീമിന് സാധിച്ചു. സാമ്പത്തികമായി വലിയ നഷ്ടമായിരുന്നിട്ടു കൂടി ഈ ടീമിനെ പ്രെഫഷണല്‍ സമീപനത്തില്‍ മുന്നോട്ട് നയിക്കുന്ന ജിന്‍ഡാല്‍ ഗ്രൂപ്പ് ഒരു കൈയ്യടി അര്‍ഹിക്കുന്നുണ്ട്.

Related Articles

Back to top button