FootballTop Stories

വിജയവഴിയില്‍ തിരിച്ചെത്തി ഗോള്‍ഡന്‍ ത്രെഡ്സ്

തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ക്ക് ശേഷം കേരള പ്രീമിയര്‍ ലീഗില്‍ ഗോള്‍ഡന്‍ ത്രെഡ്സിന്റെ തിരിച്ചുവരവ്. മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന ബി ഗ്രൂപ്പ് മത്സരത്തില്‍ ഒരുഗോളിന് പിന്നില്‍ നിന്ന ശേഷം കൊല്ലം സായി സെന്ററിനെയാണ് 2-1ന് ഗോള്‍ഡന്‍ ത്രെഡ്സ് തോല്‍പ്പിച്ചത്. പത്താം മിനിറ്റിലെ പെനാല്‍റ്റി ഗോളിലൂടെയാണ് സായി മുന്നിലെത്തിയത്. 48ാം മിനിറ്റില്‍ റോഷന്‍ പി രാജും, 89ാം മിനിറ്റില്‍ ഇസഹാഖ് നുഹു സെയ്ദുവും ത്രെഡ്സിന്റെ വിജയഗോള്‍ നേടി.

പ്രതിരോധത്തില്‍ തിളങ്ങിയ ത്രെഡ്സിന്റെ ബിബിന്‍ അജയനാണ് കല്‍യിലെ താരം. വിജയത്തോടെ എട്ടു മത്സരങ്ങളില്‍ നിന്ന് ടീമിന് 18 പോയിന്റായി. പോയിന്റ് ടേബിളില്‍ നാലാം സ്ഥാനത്ത് തുടര്‍ന്നു. രണ്ടു മത്സരങ്ങള്‍ ടീമിന് അവശേഷിക്കുന്നുണ്ട്. ഏഴു മത്സരങ്ങളില്‍ നിന്ന് 5 പോയിന്റുള്ള സായി എട്ടാം സ്ഥാനത്താണ്. എസ്. ഷാഹിറിനെ രണ്ടു പ്രതിരോധ താരങ്ങള്‍ ബോക്സില്‍ വീഴ്ത്തിയതിനാണ് സായിക്ക് കളിയുടെ പത്താം മിനിറ്റില്‍ പെനാല്‍റ്റി ലഭിച്ചത്. പ്രതിരോധ താരം പി.കെ ഫസീന്റെ ശക്തിയേറിയ ഷോട്ട് വലതുളച്ചു. ആദ്യപകുതിയില്‍ ഒപ്പമെത്താന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളിയും സായി പ്രതിരോധവും ത്രെഡ്സിന് തലവേദനയായി.

മറുഭാഗത്ത് സായിയും ചിലശ്രമങ്ങള്‍ നടത്തി. രണ്ടാം പകുതിയിലാണ് ത്രെഡ്സിന്റെ രണ്ടു ഗോളുകളും പിറന്നത്. ബോക്സിനകത്ത് നിന്ന് പകരക്കാരനായി എത്തിയ സജീഷ് നല്‍കിയ പന്ത് തൊട്ടുപുറത്ത് നിന്ന് സ്വീകരിച്ച റോഷന്‍ മികച്ചൊരു ഷോട്ടിലൂടെ വലയിലാക്കുകയായിരുന്നു. കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ നുഹു വിജയഗോള്‍ സമ്മാനിച്ചു. മധ്യഭാഗത്ത് നിന്ന് ലഭിച്ച പന്തുമായി ബോക്സിലേക്ക കുതിച്ച നുഹുവിനെ തടയാന്‍ ഗോളി അഡ്വാന്‍സ് ചെയ്തു. അല്‍ക്കേഷ് രാജിനെ കബളിപ്പിച്ച് നുഹുവിന്റെ നിലംപറ്റെയുള്ള ഷോട്ട് വലയില്‍ പതിച്ചു. 28ന് പനമ്പിള്ളി ഗ്രൗണ്ടില്‍ കോവളം എഫ്സിയുമായാണ് ത്രെഡ്സിന്റെ അടുത്ത മത്സരം.

Related Articles

Leave a Reply

Back to top button