ISLTop Stories

ബൈജൂസ് മഹാനഷ്ടത്തില്‍! ബ്ലാസ്റ്റേഴ്‌സിനും പ്രശ്‌നമായേക്കും

മലയാളി യുവവ്യവസായി ബൈജു രവീന്ദ്രന്റെ സ്റ്റാര്‍ട്ടപ്പ് കമ്പനി ബൈജൂസിന്റെ നഷ്ടക്കയത്തില്‍. 2020-21 സാമ്പത്തിക വര്‍ഷത്തെ നഷ്ടം മാത്രം 4,588 കോടി രൂപയാണ്. ദിനംപ്രതി ഈ നഷ്ടം കണക്കാക്കിയാല്‍ 12.6 കോടി രൂപ വീതം വരും. ഈ ബിസിനസ് വാര്‍ത്തയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മില്‍ ബന്ധമെന്തെന്ന ചോദിച്ചാല്‍ വളരെ അടുത്ത ബന്ധമുണ്ടെന്ന് പറയേണ്ടി വരും. ബൈജൂസിന് വരുന്ന ഏതൊരു തിരിച്ചടിയും ബ്ലാസ്റ്റേഴ്‌സിനെ സാരമായി ബാധിക്കും.

ബ്ലാസ്റ്റേഴ്‌സിന്റെ ടൈറ്റില്‍ സ്‌പോണ്‍സറാണ് ബൈജൂസ്. ഇന്ത്യയില്‍ ഒരു ഫുട്‌ബോള്‍ ക്ലബിന് ലഭിക്കുന്നതില്‍ വച്ചേറ്റവും വലിയ സ്‌പോണ്‍സര്‍ഷിപ്പ് തുകയാണ് ബൈജൂസ് കേരള ക്ലബിന് നല്‍കുന്നത്. കരാര്‍ തുടങ്ങിയ വര്‍ഷം മുതല്‍ ഓരോ സീസണിലും ലഭിക്കുന്ന തുകയില്‍ 10 മുതല്‍ 17 ശതമാനം വരെ വര്‍ധനവും ഉണ്ടെന്നാണ് സ്‌പോര്‍ട്‌സ് ക്യൂവിന് അറിയാന്‍ സാധിക്കുന്നത്.

ബൈജൂസ് ഇപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയിലായതോടെ കമ്പനി ചെലവു ചുരുക്കലിലേക്ക് നീങ്ങി പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. അങ്ങനെ വന്നാല്‍ അവര്‍ ആദ്യം കൈവയ്ക്കുക പരസ്യത്തിനു മാറ്റിവച്ച തുകയിലാകും. കാരണം കോര്‍പ്പറേറ്റ് കമ്പനികള്‍ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ആദ്യം ചെയ്യുന്നത് ഇത്തരത്തിലുള്ള അധിക ചെലവുകള്‍ കുറയ്ക്കുകയാണ്.

നിലവില്‍ ഇന്ത്യന്‍ ദേശീയ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍ കൂടിയാണ് ബൈജൂസ്. 86 കോടി രൂപയിലധികം ബൈജൂസ് ബിസിസിഐയ്ക്ക് കൊടുക്കാനുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്ന് പിന്‍മാറാന്‍ ബൈജൂസ് ക്രിക്കറ്റ് ബോര്‍ഡിന് കത്തെഴുതിയെന്ന വാര്‍ത്തകളും അടുത്തിടെ പുറത്തു വന്നിരുന്നു. ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിന്റെ ഒരു സ്‌പോണ്‍സറും ബൈജൂസാണ്.

ബൈജു രവീന്ദ്രന്‍

ഇനി ബൈജൂസിന്റെ വീഴ്ച്ച ബ്ലാസ്‌റ്റേഴ്‌സിനെ എങ്ങനെ ബാധിച്ചേക്കാമെന്ന് നോക്കാം. ഇന്ന് ഇന്ത്യയില്‍ ഒരു ഫുട്‌ബോള്‍ ക്ലബിന് ലഭിക്കാവുന്നതില്‍ കൂടുതല്‍ തുകയാണ് ബൈജൂസ് സ്‌പോണ്‍സര്‍ഷിപ്പ് വഴി ബ്ലാസ്റ്റേഴ്‌സിന് നല്‍കുന്നത്. മലയാളിയും കായികപ്രേമിയുമെന്ന നിലയിലാണ് ഇത്തരത്തില്‍ വലിയൊരു തുക സ്‌പോണ്‍സര്‍ഷിപ്പിനായി മുടക്കാന്‍ ബൈജു രവീന്ദ്രനെ പ്രേരിപ്പിച്ചതെന്ന് ബിസിനസ് വിദഗ്ധര്‍ സ്‌പോര്‍ട്‌സ് ക്യൂവിനോട് പറഞ്ഞത്.

ബൈജൂസ് പോയി മറ്റൊരു സ്‌പോണ്‍സര്‍ വന്നാല്‍ ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന രീതിയില്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ വലിയ തുക കിട്ടണമെന്നില്ല. ബ്ലാസ്റ്റേഴ്‌സ് വലിയ ബ്രാന്‍ഡാണെന്നതും നിരവധി ആരാധകരുണ്ടെന്നതും ശരി തന്നെ. പക്ഷേ പരസ്യ മാര്‍ക്കറ്റിലേക്ക് വരുമ്പോള്‍ ക്ലബിന്റെ സപ്പോര്‍ട്ടേഴ്‌സിലേറെയും മലയാളികളാണ്. അതുകൊണ്ട് തന്നെ ക്ലബിന്റെ റീച്ചും ടാര്‍ജറ്റ് ഓഡിയന്‍സുമെല്ലാം മലയാളികളില്‍ മാത്രം ഒതുങ്ങി നില്‍ക്കും.

രണ്ടാമത്തെ കാര്യം, ഇന്ത്യയില്‍ ഫുട്‌ബോള്‍ വളരുന്നുണ്ടെങ്കിലും വലിയ തുക സ്‌പോണ്‍സര്‍ഷിപ്പിനും മറ്റുമായി ചെലവഴിക്കാന്‍ വന്‍കിട കോര്‍പ്പറേറ്റ് കമ്പനികള്‍ ഇനിയും വലിയ താല്‍പര്യം കാണിച്ചു തുടങ്ങിയിട്ടില്ലെന്നതാണ്. അതുകൊണ്ട് തന്നെ ബൈജൂസിന്റെ നിലനില്‍പ്പ് ബ്ലാസ്‌റ്റേഴ്‌സിന്റെ ദീര്‍ഘകാല പദ്ധതികള്‍ക്ക് അനിവാര്യമാണ്.

2019-20ല്‍ വരുമാനം 2,511 കോടിയും നഷ്ടം 231.7 കോടിയുമായിരുന്നു. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം വ്യാപകമായ അന്തരീക്ഷം മുതലെടുക്കാന്‍ 4 വിദ്യാഭ്യാസ കമ്പനികളെ ബൈജൂസ് ഏറ്റെടുത്തിരുന്നു. ഡല്‍ഹി ആസ്ഥാനമായ ‘ആകാശി’നെ 100 കോടി ഡോളറിനും സിംഗപ്പൂര്‍ കമ്പനിയായ ‘ഗ്രേറ്റ് ലേണിങ്ങി’നെ 60 കോടി ഡോളറിനും അമേരിക്കന്‍ കമ്പനിയായ ‘എപ്പിക്കി’നെ 50 കോടി ഡോളറിനും മുംബൈ ആസ്ഥാനമായ ‘വൈറ്റ്ഹാറ്റ് ജൂനിയറി’നെ 30 കോടി ഡോളറിനുമാണ് ഏറ്റെടുത്തത്.

Related Articles

Back to top button