ISLTop Stories

ഐഎസ്എല്ലില്‍ തരംതാഴ്ത്തല്‍ ഉടനുണ്ടാകില്ല, പ്രമോഷന് മാറ്റമില്ല!!

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അടുത്ത സീസണ്‍ മുതല്‍ ഐലീഗ് ചാമ്പ്യന്മാര്‍ക്ക് പ്രമോഷന്‍ നല്‍കുന്ന കാര്യത്തില്‍ നേരത്തെ തന്നെ തീരുമാനമായിരുന്നു. ഇതിനു ശേഷം തൊട്ടടുത്ത സീസണുകള്‍ മുതല്‍ തരംതാഴ്ത്തല്‍ വരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫിഫയ്ക്കും എഎഫ്‌സിക്കും നല്‍കിയ റോഡ് മാപ്പിലും ഇക്കാര്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തില്‍ എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെ തരംതാഴ്ത്തല്‍ ഉടനുണ്ടാകില്ലെന്ന സൂചനകളാണ് നല്‍കിയത്.

ഐഎസ്എല്‍ പ്രമോഷന്‍-തരംതാഴ്ത്തല്‍ എന്നു മുതല്‍ ആരംഭിക്കുമെന്നുള്ള ചോദ്യത്തിന് ചൗബെ നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു- ഇക്കാര്യത്തില്‍ (തരംതാഴ്ത്തല്‍) ഐഎസ്എല്‍ സംഘാടകര്‍, ടീമുടമകള്‍ എന്നിവരുമായി ആലോചിക്കേണ്ടതുണ്ട്. കാരണം, താരംതാഴ്ത്തപ്പെടുന്ന ടീമിന് സാമ്പത്തികമായി ഒരുപാട് നഷ്ടങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ തന്നെ ക്ലബുകള്‍ വലിയ പ്രതിസന്ധിയിലാണ്.

തരംതാഴ്ത്തപ്പെടുന്ന ഒരു ക്ലബിന് ഫുട്‌ബോള്‍ ആക്ടിവിറ്റിയില്‍ തന്നെ താല്‍പര്യം നഷ്ടമായേക്കാം. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ ഗൗരവകരമായ ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. ഐഎസ്എല്‍ ഇന്ത്യയ്ക്ക് ഫുട്‌ബോളിന് വലിയ ദിശാബോധം നല്‍കിയെന്നത് സത്യമാണ്. 2014 ല്‍ ഐഎസ്എല്‍ തുടങ്ങുമ്പോള്‍ ഫിഫ റാങ്കിംഗില്‍ 177 -ാം സ്ഥാനത്തായിരുന്നു ഇന്ത്യ.

ഇപ്പോള്‍ ഇന്ത്യയുടെ സ്ഥാനം 104 ല്‍ വരെയെത്തി നില്‍ക്കുന്നു. ഐഎസ്എല്‍ തുടങ്ങുന്ന സമയത്തുണ്ടായിരുന്ന പ്രതിഫലമല്ല കളിക്കാര്‍ വാങ്ങുന്നത്. സൗകര്യങ്ങളും ടിവി സംപ്രേക്ഷണ, കമന്ററി ക്വാളിറ്റിയെല്ലാം വളരെയധികം മെച്ചപ്പെട്ടു. കളിക്കാര്‍ക്ക് കൂടുതല്‍ പരിഗണന ലഭിക്കുന്നു. ഒരു പ്രെഫഷനായി ഫുട്‌ബോളിനെ കാണാമെന്ന അവസ്ഥയും വന്നിരിക്കുന്നുവെന്നും ചൗബെ പറഞ്ഞു.

മുമ്പ് പ്രസിഡന്റുമാരെ പോലെ രാഷ്ട്രീയവും എഐഎഫ്എഫ് പ്രസിഡന്റ് സ്ഥാനവും ഒരുമിച്ച് കൊണ്ടു പോകില്ലെന്നും ചൗബെ വ്യക്തമാക്കി. രാഷ്ട്രീയത്തില്‍ നിന്ന് അവധിയെടുത്ത് ഫുട്‌ബോളില്‍ മാത്രമായി ശ്രദ്ധിക്കാനാണ് തീരുമാനം. വരും ദിവസങ്ങളില്‍ പാര്‍ട്ടിയിലെ സ്ഥാനം രാജിവയ്ക്കുമെന്നും മുന്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ കൂടിയായ ചൗബെ വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button