FootballTop Stories

യുവ ടീമിനെ ഐലീഗില്‍ നിന്ന് ഒഴിവാക്കി; സുപ്രധാന തീരുമാനവുമായി ഐഎം വിജയന്‍ കമ്മിറ്റി

ഐഎം വിജയന്‍ അധ്യക്ഷനായ അഖിലേന്ത്യ ഫുട്‌ബോള്‍ അസോസിയേഷന്‍ ടെക്‌നിക്കല്‍ കമ്മിറ്റിയുടെ ഞായറാഴ്ച്ചത്തെ യോഗത്തില്‍ എടുത്തത് സുപ്രധാന തീരുമാനങ്ങള്‍. ഈ യോഗത്തിലെടുത്ത ഏറ്റവും പ്രധാന തീരുമാനം ഇന്ത്യന്‍ ആരോസുമായി ബന്ധപ്പെട്ടതാണ്.

ഐലീഗില്‍ കളിക്കുന്ന എഐഎഫ്എഫിന്റെ ഡെവലപ്‌മെന്റ് ടീമാണ് ഇന്ത്യന്‍ ആരോസ്. ഈ ടീമിനെ ഈ സീസണ്‍ മുതല്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്നാണ് തീരുമാനം. എഎഫ്‌സി നിബന്ധനകള്‍ പാലിക്കാന്‍ വളരെയധികം പണച്ചെലവും മറ്റ് സംവിധാനങ്ങളും ആവശ്യമുള്ളതിനാലാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്. ആരോസിന്റെ സ്ഥാനത്ത് മറ്റേതെങ്കിലും ടീമുകള്‍ക്ക് സ്ഥാനക്കയറ്റം നല്‍കുമോയെന്ന് തീരുമാനമായിട്ടില്ല.

മറ്റൊരു പ്രധാന തീരുമാനം ദേശീയ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ചിന്റെ കാലവധി നീട്ടുന്നതുമായി ബന്ധപ്പെട്ടാണ്. 2023 ഏഷ്യാകപ്പ് വരെ കരാര്‍ നീട്ടിക്കൊടുക്കാനാണ് ടെക്‌നിക്കല്‍ കമ്മിറ്റി ശിപാര്‍ശ ചെയ്തിരിക്കുന്നത്. ഇതോടെ സ്റ്റിമാച്ച് ഒരുവര്‍ഷം കൂടി തുടരുമെന്ന് ഉറപ്പായി. ഏഷ്യാകപ്പ് ക്വാളിഫയറില്‍ അടക്കം സ്റ്റിമാച്ചിന്റെ കീഴില്‍ ടീം മികച്ച പ്രകടനം നടത്തിയിരുന്നു.

വനിതാ ഫുട്‌ബോളിനെ വളര്‍ത്താന്‍ കൂടുതല്‍ ലീഗുകളും തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പം വനിതാ കോച്ചുമാരെ വളര്‍ത്തി കൊണ്ടു വരും. കൂടാതെ യൂത്ത് ഡെവലപ്‌മെന്റ് ലീഗും നടത്താനും തീരുമാനിച്ചു. പുതിയ കമ്മിറ്റിയുടെ ആദ്യ യോഗം വളരെ നല്ല രീതിയില്‍ നടത്താന്‍ സാധിച്ചെന്ന് ഐഎം വിജയന്‍ യോഗശേഷം വ്യക്തമാക്കി.

Related Articles

Back to top button