Cricket

രഞ്ജിയില്‍ കളിച്ചത് ബിസിസിഐയെ പേടിച്ച് !! ശ്രേയസ് അയ്യര്‍ക്ക് വീണ്ടും പുറംവേദന; ഐപിഎല്‍ നഷ്ടമായേക്കും

ബിസിസിഐയില്‍ നിന്നുള്ള സമ്മര്‍ദം മൂലം രഞ്ജിട്രോഫി കളിക്കാനിറങ്ങിയ ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍ക്ക് വീണ്ടും പരിക്ക്.

പുറംവേദന കടുത്തതിനാല്‍ നാലാംദിനം മുംബൈക്കൊപ്പം താരം ഫീല്‍ഡിംഗിന് ഇറങ്ങിയില്ല. വിദര്‍ഭയ്ക്കെതിരേ ഫൈനലില്‍ രണ്ടാം ഇന്നിംഗ്‌സില്‍ 95 റണ്‍സ് നേടി മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചെങ്കിലും പുറംവേദന കൂടുതല്‍ വഷളാവുകയായിരുന്നു.

താരത്തിന് പുറംവേദന മൂലം ഐപിഎല്‍ സീസണിന്റെ തുടക്കവും നഷ്ടമാവുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതേ പുറംവേദനയ്ക്ക് ശ്രേയസ് അയ്യര്‍ കഴിഞ്ഞവര്‍ഷം ശസ്ത്രക്രിയക്ക് വിധേയനായിരുന്നു.

ഇതേത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന താരം ബിസിസിഐയുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് രഞ്ജിട്രോഫിയുടെ സെമി ഫൈനല്‍ മുതല്‍ മുംബൈയ്ക്കായി കളിക്കാനിറങ്ങിയത്.

സെമിയിലെ രണ്ടിംഗ്‌സിലും ഫൈനലിലെ ആദ്യ ഇന്നിംഗ്‌സിലും പെട്ടെന്നു തന്നെ പുറത്തായതിനാല്‍ പ്രശ്‌നമുണ്ടായില്ല. എന്നാല്‍ ഫൈനലിലെ രണ്ടാം ഇന്നിംഗ്‌സില്‍ സെഞ്ചുറിയ്ക്കരികെയാണ് താരം പുറത്തായത്. ഏറെ നേരം ബാറ്റ് ചെയ്തതോടെ പഴയ പ്രശ്‌നം വീണ്ടും തലപൊക്കുകയായിരുന്നു.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനാണ് താരം. സീസണ്‍ ആരംഭിക്കാന്‍ എട്ടു ദിവസം മാത്രം ബാക്കിയിരിക്കേയാണ് താരം വീണ്ടും പുറംവേദന കൊണ്ട് വലയുന്നത്.

ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെ ഐപിഎല്ലില്‍ കളിക്കുന്ന താരങ്ങളെ ബിസിസിഐ താക്കീത് ചെയ്തിരുന്നു. കൂടാതെ ആഭ്യന്തര മത്സരങ്ങള്‍ കളിക്കാന്‍ വിസമ്മതിച്ച ശ്രേയസ് അയ്യരെയും ഇഷാന്‍ കിഷനെയും വാര്‍ഷിക കരാറില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

ഇതോടെ രഞ്ജിട്രോഫി കളിക്കാന്‍ ശ്രേയസ് നിര്‍ബന്ധിതനാവുകയായിരുന്നു. വിദര്‍ഭയ്‌ക്കെതിരായ രഞ്ജി ഫൈനലില്‍ ആദ്യ ഇന്നിംഗ്‌സില്‍ വെറും ഏഴു റണ്‍സ് മാത്രമെടുത്ത താരം രണ്ടാം ഇന്നിങ്സില്‍ 111 പന്തുകള്‍ നേരിട്ട് മൂന്നു സിക്‌സും പത്ത് ഫോറും സഹിതം 95 റണ്‍സെടുത്താണ് പുറത്തായത്.

ബിസിസിഐ താരത്തെ ബലിയാടാക്കുകയാണെന്നാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന ആരോപണം. പുറംവേദന മൂലം ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിനു ശേഷം ശ്രേയസ് അയ്യര്‍ ടീമില്‍നിന്ന് വിട്ടുനിന്നിരുന്നു.

പുറംവേദന ചൂണ്ടിക്കാണിച്ച് രഞ്ജിട്രോഫിയില്‍ കളിക്കാന്‍ വിസമ്മതിച്ച താരത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് എന്‍സിഎ നല്‍കിയത് ബിസിസിഐ ചൊടിപ്പിച്ചിരുന്നു.

പരിക്കുള്ള താരത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ദേശീയ ക്രിക്കറ്റ് അക്കാദമിയ്‌ക്കെതിരേയും ഇപ്പോള്‍ വിമര്‍ശനം ഉയരുന്നുണ്ട്.

Related Articles

Back to top button