Cricket

കോഹ്‌ലിയും രോഹിതും ഉള്‍പ്പെട്ട എലീറ്റ് ക്ലാസായിരുന്നുവെങ്കില്‍ എല്ലാവരും വാഴ്ത്തിപ്പാടുമായിരുന്നു !! ടൂര്‍ണമെന്റിലെ അണ്ടര്‍റേറ്റഡ് താരത്തെ പ്രശംസിച്ച് ഹര്‍ഭജന്‍

ഈ ഐപിഎല്‍ സീസണ്‍ ബൗളര്‍മാരുടെ ശവപ്പറമ്പായി മാറുന്ന കാഴ്ചയാണ് ഇതുവരെ കണ്ടത്. ഇതിനിടയിലും ചില താരങ്ങള്‍ മാസ്മരിക ബൗളിംഗ് പ്രകടനങ്ങളുമായി ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.

അത്തരത്തിലൊരാളാണ് രാജസ്ഥാന്‍ റോയല്‍സ് താരം സന്ദീപ് ശര്‍മ. ഇപ്പോഴിതാ സന്ദീപിന്റെ ബൗളിംഗ് പ്രകടനത്തെ അഭിനന്ദിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്.

സീസണില്‍ മികച്ച പ്രകടനം നടത്തുന്ന സന്ദീപിന് ഇടക്ക് പരിക്ക് പറ്റിയിരുന്നു. എന്നാല്‍ അതില്‍ നിന്ന് മോചിതനായി തിരിച്ചെത്തിയ താരം ഗംഭീര പ്രകടനം തുടരുകയാണ്..

മുംബൈ ഇന്ത്യന്‍സിനെതിരേ നടന്ന മത്സരത്തില്‍ വെറും 18 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തിയാണ് താരം ടീമിന് വിജയം നേടിക്കൊടുത്തത്.

കളിയിലെ താരവും സന്ദീപ് ശര്‍മയായിരുന്നു. ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സിനെതിരേ രണ്ടു വിക്കറ്റ് നേടി ടീമിന് കരുത്താകാനും താരത്തിനായി.

ടൂര്‍ണമെന്റില്‍ താരം നടത്തുന്ന ഗംഭീരമായ പ്രകടനത്തെ ഹര്‍ഭജന്‍ അഭിനന്ദിച്ചു. ടൂര്‍ണമെന്റിലെ ഏറ്റവും അണ്ടര്‍ റേറ്റഡ് കളിക്കാരനാണ് അദ്ദേഹം എന്നാണ് ഹര്‍ഭജന്റെ അഭിപ്രായം.

” സന്ദീപ് ശര്‍മ്മ ഒരു സൂപ്പര്‍സ്റ്റാറല്ല, കാരണം ഞങ്ങള്‍ അവനെക്കുറിച്ച് സംസാരിക്കുന്നില്ല. നമ്മള്‍ അദ്ദേഹത്തിന് പ്രാധാന്യം കൊടുക്കാന്‍ തുടങ്ങുന്ന ദിവസം, അവന്‍ ഒരു സൂപ്പര്‍ സ്റ്റാറായി മാറും.

”ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏത് ടീമിന് വേണ്ടി കളിച്ചാലും, അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍ ഒരിക്കലും മങ്ങി പോകുന്നില്ല. വര്‍ഷങ്ങളായി സന്ദീപ് ഇത് ചെയ്യുന്നു.

അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ മനസിലാക്കുന്നതില്‍ ബാറ്റര്‍മാര്‍ പരാജയപ്പെട്ടു. അദ്ദേഹം ഒരു മികച്ച ഫീല്‍ഡര്‍ കൂടിയാണ്,” ഹര്‍ഭജന്‍ സിംഗ് പറഞ്ഞു.

ലഖ്‌നൗവിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ ഏഴു വിക്കറ്റിന്റെ ആധികാരിക ജയമാണ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലഖ്‌നൗ 196 റണ്‍സ് നേടിയപ്പോള്‍ 19 ഓവറില്‍ രാജസ്ഥാന്‍ വിജയലക്ഷ്യം മറികടന്നു.

ക്യാപ്റ്റന്‍ സഞ്ജു 33 പന്തില്‍ 71 റണ്‍സെടുത്ത് തിളങ്ങിയപ്പോള്‍ 34 പന്തില്‍ 52 റണ്‍സുമായി പുറത്താവാതെ നിന്ന ധ്രുവ് ജുറലിന്റെ ഇന്നിംഗ്സും നിര്‍ണായകമായി. അപരാജിതമായ മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 121 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.

Related Articles

Back to top button