CricketSports News

ഈ രണ്ടു താരങ്ങള്‍ ഒരു കാരണവശാലും എന്റെ ലോകകപ്പ് ടീമില്‍ ഉണ്ടാവില്ല; സൂപ്പര്‍ താരങ്ങളെ ഒഴിവാക്കി ശ്രീകാന്ത്

 

ഇന്ത്യയില്‍ ഈ വര്‍ഷം നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനായി 20 അംഗ സാധ്യതാ ടീമിനെയാണ് തെരഞ്ഞെടുക്കുകയെന്ന് ബിസിസിഐ വെളിപ്പെടുത്തിയിരുന്നു.

അതിനാല്‍ തന്നെ ലിസ്റ്റില്‍ ഉള്‍പ്പെടുന്ന താരങ്ങള്‍ക്ക് ലോകകപ്പിനു മുമ്പുള്ള ടൂര്‍ണമെന്റുകളില്‍ പതിവായി ടീമില്‍ ഇടംപിടിക്കേണ്ടതിന്റെയും മികച്ച പ്രകടനം നടത്തേണ്ടതിന്റെയും ആവശ്യകതയുമുണ്ട്.

ഈ അവസരത്തില്‍ ടീമില്‍ ഇടംപിടിക്കേണ്ട താരങ്ങളെയും അവരുടെ സാധ്യതകളെയും പറ്റി തന്റെ അഭിപ്രായം തുറന്നു പറയുകയാണ് ഇന്ത്യന്‍ ടീമിന്റെ മുന്‍ സെലക്ടറും 1983 ലോകകപ്പിലെ ഹീറോയുമായ കൃഷ്ണമാചാരി ശ്രീകാന്ത്.

സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടാണ് ശ്രീകാന്ത് ഇതു സംബന്ധിച്ച് മനസ്സു തുറന്നത്. 20 അംഗ ടീമില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്നും ആരെയൊക്കെ ഒഴിവാക്കമെന്നുമെല്ലാം ശ്രീകാന്ത് തുറന്നു പറഞ്ഞു.

എന്നാല്‍ ശ്രീകാന്ത് തന്റെ സാധ്യതാ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയ രണ്ടു കളിക്കാരുടെ പേരു കേട്ടാണ് ഇപ്പോള്‍ ആരാധകര്‍ അമ്പരന്നിരിക്കുന്നത്.

ഭാവി വാഗ്ദാനം എന്നറിയപ്പെടുന്ന ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും ഓള്‍റൗണ്ടര്‍ ശാര്‍ദൂല്‍ താക്കൂറും രു കാരണവശാലും താന്‍ തെരഞ്ഞെടുക്കുന്ന ലിസ്റ്റില്‍ ഉണ്ടായിരിക്കില്ല എന്നാണ് ശ്രീകാന്ത് പറയുന്നത്.

ഇതിന് കാരണവും ശ്രീകാന്ത് വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ട്വന്റി20 ലോകകപ്പിനായി തയ്യാറെടുക്കുന്ന വേളയില്‍ രോഹിത് ശര്‍മ ഏകദിനത്തില്‍ നിന്ന് മാറി നിന്നപ്പോഴാണ് ശുഭ്മാന്‍ ഗില്ലിന് ഇന്ത്യന്‍ ടീമില്‍ അവസരങ്ങള്‍ കിട്ടിത്തുടങ്ങിയത്.

എന്നാല്‍ കഴിഞ്ഞ മാസം നടന്ന ബംഗ്ലാദേശ് പര്യടനത്തില്‍ സീനിയര്‍ താരങ്ങള്‍ മടങ്ങിയെത്തിയതോടെ ഗില്ലിന് ടീമിലെ സ്ഥാനം നഷ്ടമാവുകയും ചെയ്തു. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ ശിഖര്‍ ധവാനെ ഒഴിവാക്കിയതിനെത്തുടര്‍ന്ന് ഗില്‍ വീണ്ടും ടീമിലെത്തുകയും ചെയ്തു.

അതേപോലെ തന്നെ ബംഗ്ലാദേശ് പര്യടനത്തില്‍ ടീമിലുണ്ടായിരുന്ന ശാര്‍ദ്ദൂല്‍ താക്കൂറിനെ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇരുവരുടെയും സ്ഥാനം ടീമില്‍ ഉറപ്പില്ലെന്നും ശ്രീകാന്ത് പറയുന്നു.

അതേസമയം 20 അംഗ സാധ്യതാലിസ്റ്റില്‍ ഇടംപിടിക്കേണ്ട താരങ്ങളെക്കുറിച്ചും ശ്രീകാന്ത് മനസ്സു തുറന്നു.

2011ല്‍ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ഫോര്‍മുല പ്രാവര്‍ത്തികമാക്കാന്‍ സഹായകമായ താരങ്ങളെയാണ് താന്‍ തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ടീമിലെ മീഡിയം പേസര്‍മാരായി ബുംറ,ഉമ്രാന്‍ മാലിക്,അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ് എന്നിവരെയാണ് ശ്രീകാന്ത് തെരഞ്ഞെടുക്കുന്നത്. സെലക്ടര്‍ എന്ന നിലയില്‍ ചിന്തിക്കുവാണെങ്കില്‍ താന്‍ തെരഞ്ഞെടുക്കുന്ന ഒരു താരം ദീപക് ഹൂഡ ആണെന്നും ശ്രീകാന്ത് പറയുന്നു.

യൂസഫ് പത്താനെപ്പോലെ ഒറ്റയ്ക്കു മത്സരം ജയിപ്പിക്കാന്‍ കഴിവുള്ള ഹൂഡ ഏതൊരു ടീമിന്റെയും അനിവാര്യതയാണെന്നും അദ്ദേഹം പറയുന്നു.

ഇത്തരം കളിക്കാരില്‍ നിന്നും സ്ഥിരത പ്രതീക്ഷിക്കേണ്ടതില്ലെന്നും പത്തില്‍ മൂന്ന് മത്സരത്തില്‍ മികച്ച പ്രകടനം പുറത്തെടുക്കുകയാണെങ്കില്‍ അത് ധാരാളമാണെന്നും ശ്രീകാന്ത് വ്യക്തമാക്കുന്നു.

സ്ഥിരതയേക്കാള്‍ താന്‍ കാംക്ഷിക്കുന്നത് മത്സരം ജയിപ്പിക്കാനുള്ള കഴിവാണെന്നും ശ്രീകാന്ത് പറയുന്നു.

അതുകൊണ്ടു തന്നെയാണ് താന്‍ ഋഷഭ് പന്തിനെ പിന്തുണയ്ക്കുന്നതെന്നും ശ്രീകാന്ത് വ്യക്തമാക്കുന്നു.

പന്തില്‍ നിന്ന് സ്ഥിരത പ്രതീക്ഷിക്കുന്നില്ലെന്നും എന്നാല്‍ ഒറ്റയ്ക്ക് മത്സരം ജയിപ്പിക്കാനുള്ള അവന്റെ കഴിവ് കാണാതിരിക്കാന്‍ പറ്റില്ലയെന്നും ശ്രീകാന്ത് കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button