Cricket

രാഹുല്‍ തുടക്കമിട്ടു; തകര്‍ത്തടിച്ച് സൂര്യയുടെ ഫിനിഷിംഗ്!

ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോകകപ്പ് സന്നാഹ മല്‍സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍. കെ.എല്‍ രാഹുലും സൂര്യകുമാര്‍ യാദവും തിളങ്ങിയ മല്‍സരത്തില്‍ ഇന്ത്യ പടുത്തുയര്‍ത്തിയത് 186 റണ്‍സ്. തുടക്കം മുതല്‍ മികച്ച റണ്‍റേറ്റ് നിലനിര്‍ത്താനായതാണ് ഇന്ത്യയ്ക്ക് ഗുണം ചെയ്തത്. മികച്ച ബാറ്റിംഗിലും വിരാട്, രോഹിത്, പാണ്ഡ്യ എന്നിവര്‍ പെട്ടെന്ന് പുറത്തായത് ഇന്ത്യയ്ക്ക് ആശങ്ക പകരുന്നതാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് അടുത്ത കാലത്ത് ലഭിച്ചതില്‍ വച്ചേറ്റവും മികച്ച ഗംഭീര തുടക്കമാണ് ലഭിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ ഒരു വശത്ത് കാഴ്ച്ചക്കാരനാക്കി നിര്‍ത്തി കെ.എല്‍ രാഹുല്‍ നിറഞ്ഞാടുകയായിരുന്നു. തുടക്കം മുതല്‍ ഓസീസ് ബൗളര്‍മാരെ കടന്നാക്രമിച്ച രാഹുല്‍ ആരെയും തന്നെ വെറുതെ വിട്ടില്ല. മാര്‍ക്കസ് സ്റ്റോയിനസിന്റെ ഓരോവറില്‍ ഇന്ത്യ അടിച്ചെടുത്തത് 20 റണ്‍സാണ്.

അഞ്ചാം ഓവറില്‍ രാഹുല്‍ അര്‍ധസെഞ്ചുറി തികച്ചു. വെറും 27 പന്തില്‍ നിന്നുമായിരുന്നു രാഹുലിന്റെ നേട്ടം. തൊട്ടുപിന്നാലെ മാക്‌സ്‌വെല്ലിന് വിക്കറ്റ് നല്‍കി രാഹുല്‍ മടങ്ങുകയും ചെയ്തു. തൊട്ടടുത്ത ഓവറില്‍ 14 പന്തില്‍ 15 റണ്‍സെടുത്ത രോഹിതിനെ ആസ്റ്റണ്‍ ആഗറും വീഴ്ത്തി.

ആശങ്ക സമ്മാനിച്ച് വിരാട് കോലിയും (19), ഹര്‍ദിക് പാണ്ഡ്യയും (2) ചെറിയ സ്‌കോറില്‍ പുറത്തായെങ്കിലും സൂര്യകുമാര്‍ കീഴടങ്ങാന്‍ കൂട്ടാക്കിയില്ല. ഇതിനിടയ്ക്ക് 14 പന്തില്‍ 20 റണ്‍സെടുത്ത് ദിനേഷ് കാര്‍ത്തിക് പുറത്തായിരുന്നു. അവസാന ഓവറുകളില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷിച്ച റണ്‍സ് നേടാന്‍ സാധിച്ചില്ലെന്നതും സത്യമാണ്.

Related Articles

Back to top button