Cricket

ഇംഗ്ലീഷ് ബാസ്‌ബോള്‍ പത്തിക്ക് അഫ്ഗാന്‍ തലയ്ക്കടി!! വന്‍ അട്ടിമറിയില്‍ ഞെട്ടി ചാമ്പ്യന്മാര്‍!!

ഇത്തവണത്തെ ഐസിസി ഏകദിന ലോകകപ്പിലെ ആദ്യ അട്ടിമറിക്ക് ഡല്‍ഹിയിലെ അരുണ്‍ ജയറ്റ്‌ലി സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെയാണ് അഫ്ഗാന്‍ വന്‍ അടിയില്‍ ഞെട്ടിച്ചത്. 69 റണ്‍സിനാണ് അഫ്ഗാന്റെ ഈ ലോകകപ്പിലെ ആദ്യ അട്ടിമറി പിറന്നത്. സ്‌കോര്‍ അഫ്ഗാനിസ്ഥാന്‍ 284 ഓള്‍ഔട്ട്, ഇംഗ്ലണ്ട് 215.

കളി പുരോഗമിക്കുന്തോറും സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ ഇംഗ്ലണ്ട് കരുതിയിരുന്ന പോലെ അനായാസമായിരുന്നില്ല കാര്യങ്ങള്‍. രണ്ടാം ഓവറില്‍ തന്നെ ജോണി ബെയര്‍സ്‌റ്റോയെ 2 റണ്‍സില്‍ പുറത്താക്കി ഫാസ്റ്റ് ബൗളര്‍ ഫസലക് ഫറൂഖി ഇംഗ്ലണ്ടിന് ആദ്യ പ്രഹരം സമ്മാനിച്ചു.

ജോ റൂട്ടും ഡേവിഡ് മലാനും ചേര്‍ന്ന് ഇംഗ്ലണ്ടിനെ സുരക്ഷിതമായി മുന്നോട്ടു നയിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് മുഹമ്മദ് നബി ചിത്രത്തിലേക്ക് കടന്നു വരുന്നത്. അതോടെ റണ്‍സ് നിരക്ക് കുറഞ്ഞു. തകര്‍പ്പന്‍ ഫോമില്‍ പന്തെറിഞ്ഞ മുജീബ് ഉര്‍ റഹ്‌മാന്‍ ഇതിനിടെ റൂട്ടിനെ (11) ക്ലീന്‍ബൗള്‍ഡ് ചെയ്തു.

തൊട്ടുപിന്നാലെ നബിക്കു മുന്നില്‍ 32 റണ്‍സെടുത്ത ഡേവിഡ് മലാനും കീഴടങ്ങി. ഇംഗ്ലീഷ് ബാസ്‌ബോള്‍ തന്ത്രങ്ങള്‍ ഇന്ത്യയിലെ കുത്തിതിരിയുന്ന പിച്ചുകളില്‍ അത്ര എളുപ്പമല്ലെന്ന് ബ്രെണ്ടന്‍ മക്കല്ലത്തിനും സംഘത്തിനും മനസിലായ നിമിങ്ങളായിരുന്നു അത്.

മൂന്ന് വിക്കറ്റിന് 68 റണ്‍സെന്ന നിലയിലേക്ക് വീണ ഇംഗ്ലണ്ട് അപ്പോഴും അപകടമൊന്നും മണത്തിരുന്നില്ല. എന്നാല്‍ ക്യാപ്റ്റന്‍ ജോസ് ബട്‌ലറെ നവീന്‍ ഉള്‍ഹഖ് ബൗള്‍ഡ് ചെയ്തതോടെ കളിയുടെ രീതി മാറി. അഫ്ഗാന്‍ സ്പിന്നര്‍മാര്‍ കളിയുടെ നിയന്ത്രണവും ഏറ്റെടുത്തു തുടങ്ങി.

റഷീദ് ഖാനും നബിയും മുജീബും മധ്യ ഓവറുകളില്‍ ഇംഗ്ലീഷ് ബാറ്റര്‍മാരെ വെള്ളംകുടിപ്പിച്ചു. അതോടെ ഇംഗ്ലീഷ് റണ്‍റേറ്റും കുറയാന്‍ തുടങ്ങി. ഈ സമയമത്രയും ഹാരി ബ്രൂക്ക് അനായാസം സ്‌കോര്‍ ചെയ്ത് മുന്നോട്ടു പോയതിലായിരുന്നു ഇംഗ്ലീഷ് പ്രതീക്ഷയും അഫ്ഗാന്‍ ആശങ്കയും.

ബ്രൂക്കിന് ചെറിയൊരു പിന്തുണയെങ്കിലും കിട്ടിയാല്‍ ഇംഗ്ലണ്ട് കളി ജയിക്കുമെന്ന് ആ നിമിഷങ്ങളില്‍ പോലും അവര്‍ കരുതി. ഇതിനിടെ 45 പന്തില്‍ ബ്രൂക്ക് അര്‍ധസെഞ്ചുറിയും തികച്ചു. മറുവശത്ത് പക്ഷേ പിന്തുണ നല്‍കാന്‍ ആരുമില്ലായിരുന്നു.

ലിയാം ലിവിങ്സ്റ്റണ്‍ (10), സാം കറന്‍ (10), ക്രിസ് വോക്‌സ് (9) എന്നിവര്‍ സ്പിന്നര്‍മാര്‍ക്ക് സമ്മാനിച്ച് മടങ്ങുകയും ചെയ്തു. 35 മത്തെ ഓവറില്‍ ബ്രൂക്ക്‌സിനെ വിക്കറ്റ് കീപ്പറുടെ കൈയിലെത്തിച്ച് മുജീബ് ഇംഗ്ലണ്ടിന് അടുത്ത പ്രഹരവും ഏല്പിച്ചു. ഇംഗ്ലീഷ് ജയത്തിനും അഫ്ഗാനും ഇടയില്‍ ഒരേയൊരു തടസം ബ്രൂക്ക്‌സ് ആയിരുന്നു.

നേരത്തെ ആധിപത്യത്തോടെ ആയിരുന്നു അഫ്ഗാന്‍ ബാറ്റിംഗിന്റെ തുടക്കവും. റഹ്‌മാനുള്ള ഗുര്‍ബാസ് (80), ഇക്രം അലിഖില്‍ (58) എന്നിവരുടെ അര്‍ദ്ധ സെഞ്ചുറി മികവില്‍ ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്താന്‍ അഫ്ഗാനിസ്ഥാനായി.

ഓപ്പണിംഗ് വിക്കറ്റില്‍ ഗുര്‍ബാസ്-ഇബ്രാഹിം സദ്രാന്‍ സഖ്യം പവര്‍പ്ലെ ആനൂകൂല്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി മുന്നേറിയപ്പോള്‍ റണ്‍സൊഴുകി. ഗുര്‍ബാസ് സ്‌കോറിങ് ഉത്തരവാദിത്തം ഏറ്റെടുത്തപ്പോള്‍ സദ്രാന്‍ പിന്തുണ നല്‍കി. 16.4 ഓവറില്‍ 114 റണ്‍സാണ് ഓപ്പണര്‍മാര്‍ കൂട്ടിച്ചേര്‍ത്തത്. സദ്രാനെ (28) ജോ റൂട്ടിന്റെ കൈകളിലെത്തിച്ച് ആദില്‍ റഷീദാണ് ചാമ്പ്യന്മാര്‍ക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്.

19-ാം ഓവറില്‍ റഹ്‌മത്ത് ഷായും (3) ഗുര്‍ബാസും (80) വീണു. 57 പന്തില്‍ എട്ട് ഫോറും നാല് സിക്‌സും ഉള്‍പ്പെട്ടതായിരുന്നു ഗുര്‍ബാസിന്റെ ഇന്നിങ്‌സ്. ഹഷ്മത്തുള്ള ഷഹീദി (14), അസ്മത്തുള്ള ഒമര്‍സായി (19), മുഹമ്മദ് നബി (9) എന്നിവര്‍ തകര്‍ച്ചയുടെ ഭാഗമായപ്പോള്‍ 114-0 എന്ന നിലയില്‍ നിന്ന് 190-6 ലേക്ക് അഫ്ഗാന്‍ വീണു. ഇക്രം അല്‍ഖിലിന്റെ ചെറുത്തുനില്‍പ്പായിരുന്നു പിന്നീട് അഫ്ഗാന് തുണയായത്.

66 പന്തില്‍ 58 റണ്‍സായിരുന്നു അല്‍ഖില്‍ നേടിയത്. മൂന്ന് ഫോറും രണ്ട് സിക്‌സും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. റാഷിദ് ഖാന്‍ (22 പന്തില്‍ 23), മുജീബ് ഉര്‍ റഹ്‌മാന്‍ (16 പന്തില്‍ 28) എന്നിവരുടെ സംഭാവനകളും 280 കടക്കാന്‍ അഫ്ഗാനിസ്ഥാനെ സഹായിച്ചു. ഇംഗ്ലീഷ് ബൗളിംഗ് ശരാശരിക്കും താഴെ നിര്‍ത്താന്‍ അഫ്ഗാന് സാധിച്ചു.

Related Articles

Back to top button