Cricket

ലോകകപ്പിലെ ഏറ്റവും മോശം ഓപ്പണിംഗ് ഇന്ത്യയുടേത് !! രോഹിതും ജയ്‌സ്വാളും ഇന്ത്യയുടെ കിരീടമോഹങ്ങള്‍ തച്ചുടയ്ക്കുമോ ?

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് കാണാതെ പുറത്തായപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മോശം പ്രകടനം.

അതേപോലെ തന്നെ രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫിലെത്തിയെങ്കിലും യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ പരിതാപകരമായ ഫോം അവരുടെ മുമ്പോട്ടുള്ള പോക്കിന് തടസ്സം സൃഷ്ടിക്കുകയാണ്.

പ്ലേഓഫിലെത്തിയ ശേഷം അവര്‍ തോറ്റ നാലുകളികളില്‍ രണ്ടെണ്ണത്തിലെങ്കിലും ഓപ്പണിംഗിന്റെ പരാജയം ഒരു കാരണമാണ്.

രോഹിതും ജയ്‌സ്വാളുമായിരിക്കും ലോകകപ്പില്‍ ഇന്ത്യയ്ക്കായി ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക എന്നത് ആരാധകരുടെ ചങ്കിടിപ്പ് കൂട്ടുന്നു.

സീസണിന്റെ ആദ്യ പകുതിയില്‍ മികച്ച പ്രകടനം കാഴ്ച വച്ച രോഹിത് പിന്നീട് നിറം മങ്ങിയപ്പോള്‍ സെഞ്ചുറിയടിച്ച് ഫോമിലേക്കെന്ന് തോന്നിച്ചശേഷമാണ് യുവതാരം യശസ്വി ജയ്‌സ്വാള്‍ വീണ്ടും പഴയ ട്രാക്കിലേക്ക് തിരിച്ചെത്തിയത്.

സീസണിലെ ആദ്യ ഏഴ് മത്സരങ്ങളില്‍ സെഞ്ചുറി ഉള്‍പ്പെടെ 297 റണ്‍സടിച്ച രോഹിത് അവസാനം കളിച്ച ആറ് മത്സരങ്ങളില്‍ ആകെ നേടിയത് 52 റണ്‍സ് മാത്രമാണ്. ഇതില്‍ നാലു തവണയും ഒറ്റ അക്കത്തില്‍ പുറത്തായി. കൊല്‍ക്കത്തക്കെതിരെ 24 പന്തില്‍ 19 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

മറുവശത്ത് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഏറെ പ്രതീക്ഷ ഉയര്‍ത്തിയ യശസ്വി ജയ്‌സ്വാളാകട്ടെ സീസണില്‍ സെഞ്ചുറി ഉള്‍പ്പെടെ 348 റണ്‍സടിച്ചെങ്കിലും രണ്ടേ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് താരം കാര്യമായ പ്രകടനം പുറത്തെടുത്തത്.

ട്വന്റി20 ലോകകപ്പില്‍ റിസര്‍വ് ഓപ്പണറായി ആരെയും ഇന്ത്യ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. മൂന്നാം നമ്പരിലിറങ്ങുന്ന കോഹ് ലിയാണ് ആകെയുള്ള പ്രതീക്ഷ. ആദ്യഘട്ടത്തില്‍ സ്‌ട്രൈക്ക് റേറ്റിന്റെ പേരില്‍ പഴികേട്ടെങ്കിലും ഇപ്പോള്‍ അതൊക്കെ പരിഹരിച്ചാണ് കോഹ് ലി ബാറ്റു വീശുന്നത്.

നാലാം നമ്പരിലിറങ്ങുന്ന സൂര്യകുമാര്‍ യാദവാവട്ടെ ഈ സീസണില്‍ സ്ഥിരത പുലര്‍ത്തിയതുമില്ല. ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായ റിഷഭ് പന്താവട്ടെ ശരാശരി ബാറ്റിംഗ് പ്രകടനമാണ് പുറത്തെടുക്കുന്നത്.

എന്നിരുന്നാലും ലോകകപ്പില്‍ ഇവരൊക്കെ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്‌മെന്റും ആരാധകരും.

Related Articles

Back to top button