Cricket

ആഫ്രിക്കയെ ഞെട്ടിച്ചു, ലോകത്തെ വിറപ്പിച്ചു; ലോകകപ്പില്‍ ഓറഞ്ച് വിപ്ലവം!! വന്‍ അട്ടിമറി!!

ഐസിസി ഏകദിന ലോകകപ്പില്‍ രണ്ടാം അട്ടിമറി. ഇത്തവണ ശക്തരായ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ലോകത്തെ ഞെട്ടിച്ചത് നെതര്‍ലന്‍ഡ്‌സാണ്. 38 റണ്‍സിനാണ് ഡച്ചുകാരുടെ ജയം. 43 ഓവറില്‍ 246 റണ്‍സ് തേടിയിറങ്ങിയ ബവുമയും സംഘവും 207 റണ്‍സില്‍ പുറത്തായി.

ഒരു സാദാ റണ്‍ ചേസ് പോലെയാണ് ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തുടങ്ങിയത്. കഴിഞ്ഞ ട്വന്റി-20 ലോകകപ്പില്‍ ഡച്ചുകാരില്‍ നിന്നും അട്ടിമറി ഏല്‍ക്കേണ്ടി വന്നതിന്റെ മുന്‍കരുതല്‍ അവരുടെ ബാറ്റര്‍മാരില്‍ ഉണ്ടായിരുന്നു.

ടെംബ ബവുമയും ക്വന്റണ്‍ ഡികോക്കും കാര്യമായ പരിക്കില്ലാതെ ആദ്യ അഞ്ചോവര്‍ പൂര്‍ത്തിയാക്കി. എന്നാല്‍ കളി മാറിയത് പെട്ടെന്നാണ്. ഡികോക്കിനെ സ്‌കോട്ടിന്റെ കൈയിലെത്തിച്ച് അക്രര്‍മാന്‍ ആദ്യ വെടിപൊട്ടിച്ചു. 22 പന്തില്‍ 20 റണ്‍സായിരുന്നു കഴിഞ്ഞ കളിയില്‍ സെഞ്ചുറി നേടിയ ഡികോക്കിന്റെ സമ്പാദ്യം.

തൊട്ടുപിന്നാലെ പന്ത് കൈയിലെടുത്ത വാന്‍ഡെര്‍ മെര്‍വ് ആദ്യ പന്തില്‍ തന്നെ വെടിപൊട്ടിച്ചു. ബവുമ 31 പന്തില്‍ 16 റണ്‍സെടുത്ത് പുറത്ത്. പിന്നാലെ വന്ന എയ്ഡന്‍ മാര്‍ക്രം (1), റാസീ വാന്‍ഡെര്‍ ഡൂസെന്‍ (4) എന്നിവര്‍ പെട്ടെന്ന് വീണതോടെ 4 വിക്കറ്റിന് 44 റണ്‍സിലേക്ക് ദക്ഷിണാഫ്രിക്ക വീണു.

ഹെന്റിച്ച് ക്ലാസനും ഡേവിഡ് മില്ലറും കൂടി കളി തിരിച്ചു പിടിക്കുമെന്ന ഘട്ടത്തിലാണ് ക്ലാസന്‍ (28) വാന്‍ ബീക്കിന് മുന്നില്‍ കീഴടങ്ങുന്നത്. ഡേവിഡ് മില്ലറിന്റെ ക്യാച്ച് ബാസ് ഡി ലീഡെ വിട്ടുകളഞ്ഞതിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന് തോന്നിച്ചതാണ്.

43 റണ്‍സെടുത്ത മില്ലറെ വീഴ്ത്തി വാന്‍ ബീക്ക് പക്ഷേ ഡച്ചുകാരുടെ രക്ഷയ്‌ക്കെത്തി. ഉള്ള വിഭവങ്ങള്‍ കൊണ്ട് സ്വന്തം ടീമിനെ നയിച്ച സ്‌കോട്ട് ബുദ്ധിപരമായ നീക്കങ്ങളിലൂടെയാണ് ദക്ഷിണാഫ്രിക്കന്‍ മധ്യനിരയെ വീഴ്ത്തിയത്.

സ്പിന്നിനെ കളിക്കാനുള്ള ദക്ഷിണാഫ്രിക്കന്‍ ദൗര്‍ബല്യം കൃത്യമായി മുതലെടുക്കാന്‍ ഡച്ച് ക്യാംപിനായി. പേപ്പറില്‍ ഓരോ ബാറ്റര്‍ക്കെതിരേയും എങ്ങനെ പന്തെറിയണമെന്ന കുറിപ്പുമായിട്ടാണ് ഡച്ചുകാര്‍ ഫീല്‍ഡില്‍ ഇറങ്ങിയത്. അതിനു അവസാനം മഹത്തായ ജയത്തിലൂടെ പ്രതിഫലവും കിട്ടി.

നേരത്തെ, മഴ പെയ്ത തോര്‍ന്നതിന്റെ ആനുകൂല്യം പിച്ചില്‍ കാണുമെന്ന ചിന്തയില്‍ ടോസ് നേടിയപ്പോള്‍ ബൗളിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കത്തില്‍ പിഴച്ചില്ല. ഏഴാം ഓവറില്‍ വിക്രംജിത്ത് സിംഗിനെ (2) പുറത്താക്കി കഗിസോ റബാഡ ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു.

തൊട്ടടുത്ത ഓവറില്‍ മാക്‌സ് ഒഡോവ്ഡും 18 റണ്‍സെടുത്ത് പുറത്ത്. നെതര്‍ലന്‍ഡ്‌സ് 43 ഓവറും തികയ്ക്കില്ലെന്ന് തോന്നിച്ച് സ്റ്റാര്‍ ബാറ്റര്‍ ബാസ് ഡി ലിഡെ വെറും 2 റണ്‍സെടുത്ത് പുറത്തായതോടെ ദക്ഷിണാഫ്രിക്ക കൂടുതല്‍ അലസരായി.

കോളിന്‍ അക്രമാന്‍ (12), തേജ നിദാമനുരു (20) എന്നിവര്‍ കൂടി പുറത്തായതോടെ ദക്ഷിണാഫ്രിക്ക 26 ഓവറില്‍ 6 വിക്കറ്റിന് 112 റണ്‍സെന്ന നിലയിലായി. ഡച്ചുകാര്‍ 150 പോലും കടക്കില്ലെന്ന് തോന്നിച്ച നിമിഷം. ആദ്യം ലോഗന്‍ വാന്‍വിക്കിനൊപ്പം ചെറിയ കൂട്ടുകെട്ട് ഉണ്ടാക്കിയ ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വേര്‍ഡ്‌സാണ് ഡച്ച് തിരിച്ചു വരവിന് വഴിയൊരുക്കിയത്.

ഓസ്‌ട്രേലിയയില്‍ ഗ്രേഡ് ക്രിക്കറ്റ് കളിച്ചുള്ള പരിചയം ടോംഗോയില്‍ ജനിച്ച് നെതര്‍ലന്‍ഡ്‌സിലെത്തിയ സ്‌കോട്ട് കൃത്യമായി മുതലാക്കി. ഇതിനിടെ ലോഗന്‍ വാന്‍വിക്ക് 10 റണ്‍സെടുത്തു പുറത്തായി. ഈ സമയം സ്‌കോര്‍ബോര്‍ഡില്‍ ഉണ്ടായിരുന്നത് വെറും 140 റണ്‍സ്. പോയത് 7 വിക്കറ്റുകളും.

ഡച്ചുകാര്‍ തീര്‍ന്നുവെന്ന് തോന്നിച്ചിടത്തു നിന്നും പിന്നീടൊരു ഉദയമാണ് കണ്ടത്. ദക്ഷിണാഫ്രിക്കയ്ക്കായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച റൂളോഫ് വാന്‍ഡെര്‍ മെര്‍വാണ് ഡച്ച് തിരിച്ചുവരവിന് വെടിമരുന്ന് നിറച്ചത്.

വന്നതു മുതല്‍ പോസിറ്റീവ് ഷോട്ടുകളിലൂടെ കടന്നാക്രമണം നടത്തിയ വാന്‍ഡെര്‍ മെര്‍വിനാല്‍ മറുവശത്ത് ക്യാപ്റ്റന്‍ സ്‌കോട്ടും പ്രചോദിതനായി. ഈ സമയം ഫീല്‍ഡിംഗിലും ദക്ഷിണാഫ്രിക്കയെ ആലസ്യം പിടികൂടി.

സിംഗിളുകളും ഡബിളികളും കിട്ടുമ്പോഴെല്ലാം ഓടിയെടുത്ത് മെര്‍വ്-സ്‌കോട്ട് കൂട്ടുകെട്ട് ടീമിനെ മുന്നോട്ടു നയിച്ചു. അവസാന പത്തോവറിലേക്ക് കളി നീങ്ങിയതോടെ വെടിക്കെട്ടിന് തീകൊളുത്തും പോലെ ഡച്ചുകാര്‍ അടി തുടങ്ങി.

വാന്‍ഡെര്‍ മെര്‍വ് 19 പന്തില്‍ 1 സിക്‌സും 3 ഫോറും അടിച്ച് 29 റണ്‍സെടുത്ത് പുറത്താകുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 204 റണ്‍സ്. ഇവിടം കൊണ്ട് ഡച്ചുകാര്‍ ഒതുങ്ങിയേക്കുമെന്ന് തോന്നിച്ചപ്പോഴാണ് ആര്യന്‍ ദത്ത് ക്യാപ്റ്റന് കൂട്ടായി വരുന്നത്.

ഈ സമയമത്രയും കിട്ടുമ്പോള്‍ ഫോറും അല്ലാത്തപ്പോള്‍ ഡബിളുകളുമായി സ്‌കോട്ട് കത്തിക്കയറുകയായിരുന്നു. ഇതിനിടെ 53 പന്തില്‍ സ്‌കോട്ട് അര്‍ധസെഞ്ചുറി പിന്നിട്ടു. നെതര്‍ലന്‍ഡ്‌സിനായി ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറിയെന്ന നേട്ടവും സ്‌കോട്ട് മറികടന്നു.

അവസാന ഓവറുകളില്‍ ലുംഗി എന്‍ഗിഡിയെയും കഗിസോ റബാഡയെയും ആകാശത്തു കൂടെ പറത്തി 9 പന്തില്‍ ആര്യന്‍ ദത്ത് നേടിയ 23 റണ്‍സിന് വലിയ വിലയുണ്ടായിരുന്നു. സ്‌കോട്ട് 69 പന്തില്‍ 78 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 21 വൈഡ് അടക്കം 32 എക്‌സ്ട്ര റണ്‍സ് വിട്ടുകൊടുത്ത ദക്ഷിണാഫ്രിക്കന്‍ ബൗളിംഗ് ഡച്ച് സ്‌കോര്‍ 245 റണ്‍സിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

Related Articles

Back to top button