Cricket

ആ ഫ്രീഹിറ്റില്‍ ഇന്ത്യയ്ക്കായി അംപയര്‍മാരുടെ കള്ളക്കളി! കടുത്ത ആരോപണം!!

ഇന്ത്യയെ ജയിപ്പിക്കാന്‍ അംപയര്‍മാര്‍ പാക്കിസ്ഥാനെതിരേ ഒത്തുകളിച്ചെന്ന ആരോപണവുമായി പാക്കിസ്ഥാന്‍ മാധ്യമങ്ങളും പാക് ആരാധകരും. ഇന്ത്യയ്ക്ക് അനുകൂലമായി അവസാന ഓവറില്‍ നോബോള്‍ വിളിച്ചതും ഫ്രീഹിറ്റില്‍ ബൗള്‍ഡായിട്ടും റണ്‍സ് അനുവദിച്ചതുമാണ് പാക് ആരാധകരെ ചൊടിപ്പിച്ചത്.

ഐസിസിയെ ബഹിഷ്‌കരിക്കണമെന്ന ആവശ്യവും പാക് ആരാധകരില്‍ നിന്നും ഉയരുന്നുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ പോലും പാക് നായകന്‍ ബാബര്‍ അസം തയാറായില്ല. മാന്യമായ രീതിയില്‍ തോല്‍വിയെ അംഗീകരിക്കുന്നുവെന്നാണ് ബാബര്‍ മല്‍സരശേഷം വ്യക്തമാക്കിയത്. മുന്‍ ഓസ്‌ട്രേലിയന്‍ താരം ബ്രാഡ് ഹോഗും അംപയര്‍മാര്‍ക്കെതിരേ രംഗത്തു വന്നിട്ടുണ്ട്.

നവാസിന്റെ അവസാന ഓവറിലെ നാലാം പന്തിലാണ് അംപയര്‍ നോബോള്‍ വിളിച്ചത്. ക്രീസില്‍ നിന്ന് രണ്ട് സ്‌റ്റെപ്പ് മുന്നോട്ടു വന്നാണ് കോഹ്ലി ഈ പന്ത് നേരിട്ടത്. ക്രീസില്‍ നിന്നായിരുന്നുവെങ്കില്‍ ഇത് ഫുള്‍ടോസ് മാത്രമാകുമെന്ന് ബ്രാഡ് ഹോഗ് പറയുന്നു. റിപ്ലേകളില്‍ ഈ പന്ത് നോബോള്‍ ആണോയെന്ന സംശയം തോന്നുകയും ചെയ്യും.

ഈ നോബോളിന് ലഭിച്ച ഫ്രീഹിറ്റില്‍ കോഹ്ലി ബൗള്‍ഡായിട്ടും മൂന്ന് റണ്‍സ് എക്‌സ്ട്ര അനുവദിച്ചതും പാക് ആരാധകര്‍ വിവാദത്തിലാക്കിയിട്ടുണ്ട്. നോബോളില്‍ ബാറ്റ്‌സ്മാന്‍ ബൗള്‍ഡായാല്‍ ആ പന്ത് ഡെഡ് ബോളാകുമെന്നാണ് പാക് ആരാധകര്‍ പറയുന്നത്. എന്നാല്‍ ബാറ്റില്‍ കൊണ്ട ശേഷം പന്ത് സ്റ്റംപില്‍ കൊണ്ടാല്‍ ആ റണ്‍ ബാറ്റ്‌സ്മാന്റെ അക്കൗണ്ടിലും ബാറ്റില്‍ കൊള്ളാതെ സ്റ്റംപില്‍ കൊണ്ടിട്ട് ഓടിയാല്‍ എക്‌സ്ട്രയിലേക്കും പോകുമെന്നാണ് നിയമമെന്ന് ക്രിക്കറ്റ് വിദഗ്ധര്‍ പറയുന്നത്.

ഫലത്തില്‍ ആ നോബോളില്‍ മാത്രമാണ് പാക് അനുകൂല ആരാധകരുടെ ആരോപണം നിലനില്‍ക്കുന്നത്. ഇത്രത്തോളം വലിയൊരു മല്‍സരത്തില്‍ എല്ലാ തീരുമാനങ്ങളും പെര്‍ഫെക്ട് ആകണമെന്ന് ശഠിക്കുന്നത് ശരിയല്ലാത്തതിനാല്‍ ആരോപണത്തില്‍ വലിയ ഏറ്റുപിടിക്കലുകള്‍ ഉണ്ടായേക്കില്ല.

Related Articles

Back to top button