Cricket

സ്ത്രീകള്‍ ജോലിക്കു പോകുന്നതാണ് വിവാഹമോചനം വര്‍ധിക്കാനുള്ള കാരണം!! പുലിവാലു പിടിച്ച് പാക് ഇതിഹാസം

സമൂഹത്തില്‍ വിവാഹമോചനം വര്‍ധിക്കാനുള്ള കാരണം സ്ത്രീകള്‍ ജോലിക്കു പോകുന്നതാണെന്ന് പറഞ്ഞ് പുലിവാലു പിടിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സയിദ് അന്‍വര്‍.

ഇങ്ങനെ പറയുന്ന വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലായതോടെ, അന്‍വറിനെതിരേ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ പാക്കിസ്ഥാനില്‍ വിവാഹ മോചനക്കേസുകള്‍ 30 ശതമാനം വര്‍ധിച്ചതായാണു അന്‍വറിന്റെ കണ്ടെത്തല്‍.

”സ്ത്രീകള്‍ ജോലിക്കു പോകാന്‍ തുടങ്ങിയതോടെ വിവാഹ മോചനം 30 ശതമാനമാണ് കൂടിയത്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ മാത്രം കണക്കാണിത്. എനിക്കു സ്വന്തമായി സമ്പാദിക്കാന്‍ സാധിക്കും.

സ്വന്തമായി വീടു നോക്കിക്കോളാം എന്നാണ് അവര്‍ പറയുന്നത്. അതാണ് ഗെയിം പ്ലാന്‍. കൃത്യമായ ഉപദേശം കിട്ടിയില്ലെങ്കില്‍ നിങ്ങള്‍ക്ക് അക്കാര്യം മനസ്സിലാക്കാന്‍ പോലും സാധിക്കില്ല.”

”ഞാന്‍ ഓസ്‌ട്രേലിയയില്‍നിന്നും യൂറോപ്പില്‍നിന്നും അടുത്തിടെ മടങ്ങിയെത്തിയതേയുള്ളൂ. അവിടെ യുവാക്കള്‍ ബുദ്ധിമുട്ടുകയാണ്. കുടുംബങ്ങള്‍ മോശം അവസ്ഥയിലാണ്. പങ്കാളികള്‍ പോരടിച്ചുകൊണ്ടിരിക്കുന്നു. ഇവിടങ്ങളില്‍ സ്ത്രീകള്‍ പണത്തിനായി ജോലിക്ക് പോകാന്‍ തുടങ്ങിയതോടെ ബന്ധങ്ങളുടെ അവസ്ഥ വഷളാവുകയാണ്.” സയീദ് അന്‍വര്‍ വ്യക്തമാക്കി.

സമൂഹ ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ന്യൂസീലന്‍ഡ് ക്രിക്കറ്റ് താരം കെയ്ന്‍ വില്യംസന്‍ തന്നോട് ഉപദേശം തേടിയെന്നാണ് അന്‍വറിന്റെ മറ്റൊരു അവകാശവാദം.


”സമൂഹത്തെ എങ്ങനെ മെച്ചപ്പെടുത്താം എന്നാണ് ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ എന്നെ വിളിച്ചുചോദിച്ചത്. സ്ത്രീകള്‍ ജോലി ചെയ്യാന്‍ തുടങ്ങിയതോടെ സംസ്‌കാരം നശിച്ചതായി ഒരു ഓസ്‌ട്രേലിയന്‍ മേയര്‍ എന്നോടു പറഞ്ഞിട്ടുണ്ട്.” സയീദ് അന്‍വര്‍ അവകാശപ്പെട്ടു.

55 വയസ്സുകാരനായ സയീദ് അന്‍വര്‍ പാക്കിസ്ഥാനു വേണ്ടി 247 ഏകദിന മത്സരങ്ങളും 55 ടെസ്റ്റുകളും കളിച്ചിട്ടുണ്ട്. 2003 മാര്‍ച്ചില്‍ സിംബാബ്‌വെയ്‌ക്കെതിരെയാണ് കരിയറിലെ അവസാന രാജ്യാന്തര മത്സരം കളിച്ചത്. ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ ഏറെക്കാലം സയിദ് അന്‍വറിന്റെ പേരിലായിരുന്നു.

അന്‍വര്‍ 1997ല്‍ ഇന്ത്യയ്‌ക്കെതിരേ കുറിച്ച 194 റണ്‍സ് 13 വര്‍ഷക്കാലമാണ് തകരാതെ കിടന്നത്. ഒടുവില്‍ 2010 സച്ചിന്‍ തെണ്ടുല്‍ക്കര്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ 200 റണ്‍സ് നേടി ഏകദിന ചരിത്രത്തിലെ ആദ്യ ഇരട്ട സെഞ്ചുറി സ്വന്തമാക്കിയാണ് ആ റെക്കോഡ് തകര്‍ത്തത്.

Related Articles

Back to top button