Cricket

പഴയപോലെ നീ ഒരു പയ്യനല്ല !! നിന്റെ മികവില്‍ ഇന്ത്യ ജയിക്കുന്നത് കാണാന്‍ ഞാന്‍ ഏറെ ആഗ്രഹിക്കുന്നു; സഞ്ജുവിനോട് ഇതിഹാസ താരം

ട്വന്റി20 ലോകകപ്പിനൊരുങ്ങുന്ന സഞ്ജു സാംസണ് ഉപദേശവുമായി ഗൗതം ഗംഭീര്‍. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്ന സഞ്ജു വരാനിരിക്കുന്ന ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ട്വന്റി20 ലോകകപ്പ് എന്നത് സാംസണെ സംബന്ധിച്ച് അതിനിര്‍ണായകമാണ്. വിജയിക്കാന്‍ സാധിച്ചാല്‍ സഞ്ജു ടീമിലെ സ്ഥിരം അംഗമാകും. അവിടെ പരാജയപ്പെടുകയാണെങ്കില്‍, അത് എല്ലാത്തിന്റെയും അവസാനമായിരിക്കും.

എന്നാല്‍ സഞ്ജു സാംസണ്‍ സ്ഥിരതയോടെ കളിക്കാന്‍ തുടങ്ങിയാല്‍ ലോകം മുഴുവന്‍ അവനൊപ്പമായിരിക്കുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍.

2012ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം ഐപിഎല്‍ ക്യാമ്പെയ്ന്‍ ആരംഭിച്ചതു മുതല്‍ ഗംഭീറിന് സഞ്ജുവിനെ അറിയാം. അന്നത്തേപ്പോലൊരു പയ്യനല്ല സഞ്ജു ഇപ്പോഴെന്നും 29 വയസ് ആയെന്നും അദ്ദേഹം പറയുന്നു.

ഇന്ത്യക്കായി ചില തകര്‍പ്പന്‍ ഇന്നിംഗ്‌സുകള്‍ കളിക്കുന്നതിലുപരി അതില്‍ ടീമിനെ വിജയിപ്പിക്കുന്ന ഘട്ടത്തില്‍ സഞ്ജു എത്തണം എന്നുമാണ് ഗംഭീര്‍ പറയുന്നത്.

”നിങ്ങള്‍ ഇപ്പോള്‍ ലോകകപ്പ് ടീമില്‍ ഇടംനേടിക്കഴിഞ്ഞു, നിങ്ങള്‍ക്ക് ആ അവസരമുണ്ട്- നിങ്ങള്‍ക്ക് അവസരം ലഭിച്ചാല്‍ ഇന്ത്യക്കായി മത്സരങ്ങള്‍ ജയിച്ചു തുടങ്ങണമെന്ന് ഉറപ്പാക്കേണ്ട അവസ്ഥയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍.

അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചതിന്റെ അനുഭവം നിങ്ങള്‍ക്കുണ്ട്. നിങ്ങള്‍ ഇനി കാത്തിരിക്കേണ്ട ഒരു പുതുമുഖമല്ല, ”ഗംഭീര്‍ സ്പോര്‍ട്സ് കീഡയോട് പറഞ്ഞു.

”നിങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് രുചിച്ചു, ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി, ഇപ്പോള്‍ നിങ്ങള്‍ക്ക് ലോകകപ്പ് കളിക്കാനുള്ള അവസരമുണ്ട്. തന്റെ കഴിവ് ലോകത്തിന് കാണിച്ചു കൊടുക്കാന്‍ സഞ്ജുവിനുള്ള അവസരമാണിത്.

ലോകകപ്പ് പോലുള്ള ഒരു ഘട്ടത്തില്‍, നിങ്ങള്‍ തഴച്ചുവളരുമ്പോള്‍, ലോകം മുഴുവന്‍ കാണുകയും ശ്രദ്ധിക്കുകയും ചെയ്യും.” ഗംഭീര്‍ പറഞ്ഞു.

ഐപിഎല്ലില്‍ രാജസ്ഥാനായി മികച്ച പ്രകടനമാണ് സഞ്ജു പുറത്തെടുക്കുന്നത്. ഐപിഎല്ലിന്റെ ചരിത്രത്തിലാദ്യമായി ഒരു സീസണില്‍ 500 റണ്‍സ് പിന്നിടാനും സഞ്ജുവിനായി. എന്നാല്‍ ടീം തുടര്‍ച്ചയായി നാലു മത്സരത്തില്‍ പരാജയപ്പെട്ടത് രാജസ്ഥാന് തിരിച്ചടിയാവുകയാണ്.

സീസണില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലൊന്നിലെത്തിയാല്‍ ഫൈനലിലെത്താന്‍ രണ്ട് അവസരങ്ങള്‍ ലഭിക്കുമെന്നതിനാല്‍ അടുത്ത മത്സരം ജയിക്കുക സഞ്ജുവിനെയും സംഘത്തെയും സംബന്ധിച്ച് പ്രധാനമാണ്.

അടുത്ത മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ജയിക്കുകയും രാജസ്ഥാന്‍ തോല്‍ക്കുകയും ചെയ്താല്‍ രാജസ്ഥാന്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. അങ്ങനെ വന്നാല്‍ എലിമിനേറ്റര്‍ കളിക്കേണ്ടി വരുമെന്നതാണ് സ്ഥിതി. അതേസമയം ആദ്യ രണ്ടു സ്ഥാനങ്ങളിലൊന്നില്‍ ഫിനിഷ് ചെയ്താല്‍ ആദ്യ ക്വാളിഫയര്‍ കളിച്ച് നേരിട്ട് ഫൈനലിലെത്താമെന്നതാണ് സൗകര്യം. ഒന്നാം സ്ഥാനക്കാരായ കൊല്‍ക്കത്തയ്‌ക്കെതിരേയാണ് രാജസ്ഥാന്റെ മത്സരം.

Related Articles

Back to top button