Cricket

കര്‍ണാടകത്തിന്റെ സ്വന്തം ‘നന്ദിനി’ ഇനി സ്‌കോട്ട്‌ലന്‍ഡിലൂടെ ലോകമറിയും!! നന്ദിനി ലോഗോ പതിച്ച ജഴ്‌സി പുറത്തിറക്കി സ്‌കോട്ടിഷ് ടീം

കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ പാല്‍ ഉല്‍പ്പന്ന ബ്രാന്‍ഡായ ‘നന്ദിനി’യുടെ പ്രശസ്തി ഇനി ട്വന്റി20 ലോകകപ്പിലും വ്യാപിക്കും.

അടുത്തമാസം ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പ് ക്രിക്കറ്റില്‍ സ്‌കോട്ട്ലന്‍ഡ് ടീമിന്റെ മുഖ്യസ്‌പോണ്‍സറാണ് നന്ദിനി. ഇതിന്റെ ഭാഗമായി നന്ദിനി ബ്രാന്‍ഡ് ലോഗോയുള്ള ജഴ്സി സ്‌കോട്ടിഷ് ടീം പുറത്തിറക്കി.

ബ്രാന്‍ഡിന്റെ പേര് കന്നഡയിലാണ് ജഴ്സിയില്‍ എഴുതിയത്. അയര്‍ലന്‍ഡ് ക്രിക്കറ്റ് ടീമിന്റെ പ്രധാന സ്‌പോണ്‍സറും ‘നന്ദിനി’യാണ്.

ആദ്യമായാണ് നന്ദിനി ബ്രാന്‍ഡ് അന്താരാഷ്ട്രതലത്തില്‍ സ്‌പോണ്‍സറാകുന്നത്. ജൂണ്‍ രണ്ടുമുതല്‍ യു.എസിലും വെസ്റ്റ് ഇന്‍ഡീസിലുമായിട്ടാണ് ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നത്.

ജൂണ്‍ നാലിന് ഇംഗ്ലണ്ടിനെതിരേയാണ് സ്‌കോട്ട്ലന്‍ഡിന്റെ ആദ്യമത്സരം. ‘നന്ദിനി’യെ ആഗോള ബ്രാന്‍ഡാക്കി മാറ്റാനുള്ള ശ്രമമാണെന്നും മത്സരത്തിനിടെ ടീമുകള്‍ നന്ദിനി ബ്രാന്‍ഡ് പ്രദര്‍ശിപ്പിക്കുമെന്നും കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ മാനേജിങ് ഡയറക്ടര്‍ എം.കെ. ജഗദീഷ് പറഞ്ഞു.

നിലവില്‍ മിഡില്‍ ഈസ്റ്റിലും സിങ്കപ്പൂരിലും നന്ദിനിയുടെ സാന്നിധ്യമുണ്ട്. യു.എസിലും നന്ദിനി ഉത്പന്നങ്ങള്‍ വില്‍ക്കുന്നുണ്ട്.

എന്തായാലും നന്ദിന് ബ്രാന്‍ഡ് സ്‌കോട്ടിഷ് ടീമിന്റെ ലോഗോയില്‍ വന്നതോടെ ലോകകപ്പ് കാണുന്ന മറ്റു രാജ്യങ്ങളിലുള്ള ആരാധകര്‍ നന്ദിനിയെക്കുറിച്ച് തിരയുമെന്നുറപ്പാണ്. ഇങ്ങനെയൊരു നീക്കം മാര്‍ക്കറ്റിംഗിന്റെ പുതിയ തലത്തിലേക്കാണ് നന്ദിനിയെ എത്തിക്കുന്നത്.

Related Articles

Back to top button