Cricket

സഞ്ജുവും രാജസ്ഥാനും ആദ്യം അദ്ഭുതപ്പെടുത്തിയിരുന്നു !! രൂക്ഷ വിമര്‍ശനവുമായി ഓസീസ് ഇതിഹാസം

ഈ ഐപിഎല്ലിന്റെ ആദ്യ പകുതിയില്‍ സമാനതകളില്ലാത്ത പ്രകടനമാണ് സഞ്ജു സാംസണും രാജസ്ഥാന്‍ റോയല്‍സും പുറത്തെടുത്തത്. ആദ്യ ഒമ്പതു മത്സരങ്ങളില്‍ എട്ടിലും വിജയിച്ച അവര്‍ എതിരാളികളില്ലാതെ കുതിക്കുകയായിരുന്നു.

എന്നാല്‍ പിന്നീട് നടന്ന നാലു മത്സരങ്ങളിലും തോല്‍വി വഴങ്ങിയതോടെ ടീമിനു നേരെ വലിയ വിമര്‍ശനമാണുയരുന്നത്. ഇപ്പോള്‍ രാജസ്ഥാനെയും ക്യാപ്റ്റന്‍ സഞ്ജു സാംസണെയും രാജസ്ഥാന്‍ റോയല്‍സിനെയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ രാജസ്ഥാന്‍ താരമായിരുന്ന ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍.

സീസണില്‍ പ്ലേ ഓഫ് ഉറപ്പിച്ച രാജസ്ഥാന്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ പഞ്ചാബ് കിംഗ്സിനോട് അഞ്ച് വിക്കറ്റിന്റെ പരാജയമാണ് വഴങ്ങിയത്.

ഇതേക്കുറിച്ച് വാട്‌സണ്‍ പറയുന്നതിങ്ങനെ…’രാജസ്ഥാന്‍ റോയല്‍സിന്റെ മുന്നേറ്റം എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. യാതൊരു പോരായ്മയും ഇല്ലാതെയായിരുന്നു അവരുടെ കുതിപ്പ്.

എന്നാല്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ അവരുടെ താളം നഷ്ടപ്പെട്ടു. ടീമില്‍ ആരും തന്നെ മത്സരത്തിന് തയ്യാറായിരുന്നില്ലെന്നാണ് തോന്നിയത്. ടീമംഗങ്ങളെ എല്ലാവരെയും പോരാട്ടത്തിന് സജ്ജരാക്കാന്‍ കഴിയുന്ന ക്യാപ്റ്റനാണ് സഞ്ജു സാംസണ്‍.

എന്നാല്‍ ആവേശ് ഖാനും റിയാന്‍ പരാഗിനുമപ്പുറം മറ്റൊരു താരവും നന്നായി കളിച്ചില്ല. എല്ലാവരും നിരാശപ്പെടുത്തി’, വാട്സണ്‍ കുറ്റപ്പെടുത്തി.

‘ഇത് മോശം പ്രകടനം കാഴ്ച വെക്കേണ്ട സമയമല്ല. പ്ലേ ഓഫിലേക്ക് കയറുന്നതിന് മുന്നേ കുറച്ച് നല്ല പ്രകടനം നടത്തി ആത്മവിശ്വാസം നേടിയെടുക്കേണ്ടതുണ്ട്.

പക്ഷേ ടീം മറ്റൊരു ദിശയിലേക്കാണ് പോകുന്നത്. റോയല്‍സിനും അവരുടെ ആരാധകര്‍ക്കും ഇതല്ല വേണ്ടത്’, വാട്സണ്‍ കൂട്ടിച്ചേര്‍ത്തു.

എതിരാളികളില്ലാതെ ഒന്നാം സ്ഥാനത്ത് മുന്നേറിയിരുന്ന ടീം നിലവില്‍ രണ്ടാം സ്ഥാനത്താണ്. ആദ്യ രണ്ടു സ്ഥാനത്തെത്തുന്നവര്‍ക്ക് ഫൈനലിലെത്താന്‍ രണ്ട് അവസരം ലഭിക്കുമെന്നിരിക്കെ ആദ്യ രണ്ടു സ്ഥാനത്ത് ഫിനിഷ് ചെയ്യുകയാണ് സഞ്ജുവിനും സംഘത്തിനും മുമ്പിലുള്ള അടുത്ത വെല്ലുവിളി.

നിലവില്‍ 16 പോയിന്റുള്ള രാജസ്ഥാന് ഇതിനു കഴിയണമെങ്കില്‍ ഒന്നാം സ്ഥാനക്കാരായ കൊല്‍ക്കത്തയുമായുള്ള അടുത്ത മത്സരം ജയിക്കേണ്ടതുണ്ട്. അല്ലെങ്കില്‍ പഞ്ചാബും ഹൈദരാബാദും തമ്മില്‍ നടക്കുന്ന അവസാന മത്സരത്തില്‍ പഞ്ചാബ് തോല്‍ക്കണം. എന്തായാലും ജയത്തോടെ രണ്ടാം സ്ഥാനം ഉറപ്പിക്കാനാവും രാജസ്ഥാന്റെ ശ്രമം.

Related Articles

Back to top button