Cricket

ഇംഗ്ലണ്ടിന്റെ സെമി കൈയാലപ്പുറത്ത്!! ഇനി രക്ഷ മറ്റുള്ളവരുടെ തോല്‍വി!! സാധ്യതകള്‍ ഇങ്ങനെ!!

ലോകകപ്പില്‍ അപ്രതീക്ഷിതമായി തോല്‍വികള്‍ നേരിടുന്ന ഞെട്ടലിലാണ് ഇംഗ്ലീഷ് ക്യാംപ്. ആദ്യ മല്‍സരത്തില്‍ ന്യൂസിലന്‍ഡിനോട് നാണംകെട്ട തോല്‍വി വഴങ്ങിയപ്പോള്‍ പോലും അവര്‍ അത്ര ഗൗരവമായി എടുത്തില്ല.

എന്നാല്‍ ഇപ്പോള്‍ അഫ്ഗാനിസ്ഥാനോട് വലിയ തിരിച്ചടി ഏറ്റുവാങ്ങിയപ്പോള്‍ സമ്പൂര്‍ണ ഞെട്ടലിലാണ് പേരുകേട്ട ബാസ്‌ബോള്‍ സംഘം. ഈ ലോകകപ്പിലെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്ന രീതിയിലുള്ള തോല്‍വിയാണ് അഫ്ഗാനോട് അവര്‍ വഴങ്ങിയിരിക്കുന്നത്.

ലോകകപ്പിലെ പോയിന്റ് പട്ടികയില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് ഇംഗ്ലണ്ട്. 3 കളി പൂര്‍ത്തിയാക്കിയപ്പോള്‍ നിലവിലെ ചാമ്പ്യന്മാരുടെ കൈവശമുള്ളത് വെറും 2 പോയിന്റുകള്‍ മാത്രമാണ്. ഇനി അവര്‍ക്ക് കളിക്കാന്‍ ബാക്കിയുള്ളത് വമ്പന്മാരുമായിട്ടുള്ള മല്‍സരങ്ങളാണ്.

ഇതില്‍ ഒന്നോ രണ്ടോ കളികള്‍ തോറ്റാല്‍ സെമി പോലും കാണാതെ നാട്ടിലേക്ക് തിരിച്ച് പോകേണ്ട അവസ്ഥയിലാണ് കാര്യങ്ങള്‍. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, പാക്കിസ്ഥാന്‍ ടീമുകള്‍ക്കെതിരേ ഇനി കളിക്കേണ്ടുന്ന മല്‍സരങ്ങള്‍ ജോസ് ബട്‌ലറുടെയും സംഘത്തിന്റെയും വിധി നിര്‍ണയിക്കും.

ഇതില്‍ ഓസ്‌ട്രേലിയയും പാക്കിസ്ഥാനും ഇംഗ്ലണ്ടിന്റെ സമാന അവസ്ഥയില്‍ ആയതിനാല്‍ എന്തും സംഭവിക്കാവുന്ന അവസ്ഥയാണ്. കൂട്ടത്തില്‍ ഏറ്റവും ദുഷ്‌കരം എല്ലാ കളിയും തോറ്റ് പോയിന്റ് പട്ടികയില്‍ അവസാനം നില്‍ക്കുന്ന ഓസീസിനെതിരേയുള്ള മല്‍സരമാകും.

ഇനിയുള്ള തോല്‍വികള്‍ പതിയെപതിയെ തങ്ങളെ ലോകകപ്പില്‍ നിന്ന് പുറത്തേക്ക് എറിയുമെന്ന കാര്യം അവര്‍ക്ക് കൃത്യമായിട്ടറിയാം. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിന് ഓസീസിനെ മറികടക്കുക എളുപ്പമാകില്ല.

ലോകകപ്പിന്റെ ആദ്യ ഘട്ടത്തില്‍ നിന്നും വ്യത്യസ്തമായി പിച്ചുകള്‍ കൂടുതലായി സ്പിന്നിനെ തുണച്ചു തുടങ്ങുന്നുണ്ട്. ഇതും ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയായിരിക്കും. കാരണം, ഇനി കളിക്കാനുള്ള എതിരാളികള്‍ക്കെല്ലാം ക്വാളിറ്റി സ്പിന്നര്‍മാരുണ്ട്.

ഇപ്പോഴത്തെ അവസ്ഥയില്‍ സെമിയിലേക്കുള്ള പോരാട്ടത്തില്‍ സേഫ് സോണിലെന്ന് പറയാവുന്നത് രണ്ടേ രണ്ടു ടീമുകളേയുള്ളൂ. അത് ഇന്ത്യയും ന്യൂസിലന്‍ഡുമാണ്. ഇരുടീമുകളും 3 കളികള്‍ വീതം ജയിച്ചിട്ടുണ്ട്. ഇനിയൊരു 3 ജയം കൂടിയുണ്ടെങ്കില്‍ അവസാന നാലില്‍ ഒരു സ്ഥാനം സുനിശ്ചിതമാണ്.

ഓസ്‌ട്രേലിയ, പാക്കിസ്ഥാന്‍ പോലുള്ള ടീമുകളോട് കളിച്ചു കഴിഞ്ഞുവെന്നതും ഇന്ത്യയെ സംബന്ധിച്ച് ഗുണകരമാണ്. സമാന അവസ്ഥ തന്നെയാണ് കിവികളുടേതും. ശക്തരായ ഇംഗ്ലണ്ടിനെയും സ്പിന്‍ പിച്ചുകളില്‍ അപകടകാരികളായ ബംഗ്ലാദേശിനെയും വീഴ്ത്താന്‍ അവര്‍ക്കായിട്ടുണ്ട്.

ഓസീസിനെ വന്‍ മാര്‍ജിനില്‍ വീഴ്ത്തി വലിയ പ്രശ്‌നമില്ലാത്ത അവസ്ഥയിലാണ് ദക്ഷിണാഫ്രിക്കയും. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള ഓസീസിനേക്കാള്‍ വലിയ പ്രതിസന്ധിയിലാണ് അഞ്ചാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന്റെ അവസ്ഥയെന്ന് നിസംശയം പറയാം. കാരണം, അഫ്ഗാനിസ്ഥാനോട് തോറ്റത് തന്നെ. ഈ ലോകകപ്പില്‍ ഇനിയുമേറെ ട്വിസ്റ്റുകള്‍ ഉണ്ടാകുമെന്ന് ഉറപ്പാണ്.

Related Articles

Back to top button