Cricket

ദിനേശ് കാര്‍ത്തിക്കിനെ ലോകകപ്പ് ടീമിലെടുക്കുമോ ? രോഹിത് ശര്‍മയുടെ ട്രോള്‍ സത്യമാകട്ടെയെന്ന പ്രാര്‍ത്ഥനയില്‍ ആരാധകര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു പതിവ് പോലെ മോശം പ്രകടനം ആവര്‍ത്തിക്കുമ്പോള്‍ ടീമിന് പ്രതീക്ഷയേകുന്ന അപൂര്‍വം താരങ്ങളിലൊരാളാണ് ടീമിന്റെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്.

കഴിഞ്ഞ ദിവസം മുംബൈയ്‌ക്കെതിരേ നടന്ന മത്സരത്തില്‍ 23 പന്തില്‍ 53 റണ്‍സുമായി 38-ാം വയസ്സിലും തകര്‍പ്പന്‍ പ്രകടനമാണ് ഡികെ പുറത്തെടുത്തത്.

മത്സരത്തിനിടെ ഡികെയെ ട്രോളിക്കൊണ്ട് മുംബൈ ഇന്ത്യന്‍സ് താരം രോഹിത് ശര്‍മ രംഗത്തു വന്നിരുന്നു.

ഫീല്‍ഡ് ചെയ്യുകയായിരുന്ന രോഹിത് ദിനേശ് കാര്‍ത്തിക്കിന് സമീപത്ത് എത്തി ‘സബാഷ് ഡികെ, നിങ്ങള്‍ ലോകകപ്പ് കളിക്കണം’ എന്നു പറയുകയായിരുന്നു. സ്റ്റംപ് മൈക്കിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്റെ വാക്കുകള്‍ പതിഞ്ഞത്.


നാലു സിക്‌സറുകളും അഞ്ച് ഫോറുകളുമടങ്ങുന്നതാണ് ഡികെയുടെ അര്‍ധ സെഞ്ചുറി. മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത ബംഗളൂരു എട്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തപ്പോള്‍ 15.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ മുംബൈ വിജയലക്ഷ്യം മറികടന്നു.

21 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ ജസ്പ്രീത് ബുമ്രയാണ് കളിയിലെ താരം. ഇന്ത്യയ്ക്കായി 2022 ലെ ട്വന്റി20 ലോകകപ്പില്‍ കളിച്ച ദിനേഷ് കാര്‍ത്തിക്ക് ആദ്യ നാലു മത്സരങ്ങള്‍ക്കു ശേഷം പ്ലേയിംഗ് ഇലവനില്‍നിന്നു പുറത്തായിരുന്നു.

ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിലും താരം കളിച്ചിരുന്നില്ല. 2024 ഐപിഎല്ലിനു ശേഷം ദിനേഷ് കാര്‍ത്തിക്ക് ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചേക്കുമെന്നാണു വിവരം. എന്തായാലും ഈ ഐപിഎല്‍ സീസണില്‍ ഉജ്ജ്വല ഫോമിലാണ് താരം.

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. രോഹിത് ശര്‍മ തന്നെ ട്വന്റി20 ടീമിന്റെ ക്യാപ്റ്റനാകും. വിരാട് കോഹ്‌ലിയും ലോകകപ്പിലുണ്ടാകുമെന്ന് സൂചനയുണ്ട്. എന്നാല്‍ കോഹ്‌ലിയുടെ ബാറ്റിംഗിലെ മെല്ലെപ്പോക്ക് ചര്‍ച്ചയാവുന്നുണ്ട്്.

വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കാണ് കടുത്ത മത്സരം നടക്കുന്നത്. ഋഷഭ് പന്ത്, സഞ്ജു സാംസണ്‍, കെ.എല്‍. രാഹുല്‍, ഇഷാന്‍ കിഷന്‍, ധ്രുവ് ജുറേല്‍, ജിതേഷ് ശര്‍മ തുടങ്ങി താരങ്ങളുടെ നീണ്ടനിര മത്സരരംഗത്തുണ്ട്. നിലവിലെ പ്രകടനമനുസരിച്ച് സഞ്ജു സാംസണാണ് മുമ്പില്‍. ഇഷാന്‍ കിഷനും ഋഷഭ് പന്തും മെച്ചപ്പെട്ട പ്രകടനമാണ് പുറത്തെടുക്കുന്നത്.

Related Articles

Back to top button