Cricket

മകളുടെ ഫീസ് അടയ്ക്കാന്‍ പണമില്ല!! ധോണിയുടെ കളി കാണാന്‍ ടിക്കറ്റിനായി മുടക്കിയത് 64000 രൂപ; മകളുടെ ഫീസ് ധോണി അടയ്ക്കുമോയെന്ന് ക്രിക്കറ്റ് പ്രേമികള്‍

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തില്‍ ബാറ്റു കൊണ്ട് കാര്യമായൊന്നും ചെയ്യേണ്ടി വന്നില്ലെങ്കിലും എംഎസ് ധോണി ബാറ്റ് ചെയ്യാനായി ഗ്രൗണ്ടിലേക്കിറങ്ങിയപ്പോള്‍ നിര്‍ത്താത്ത കരഘോഷമായിരുന്നു സ്‌റ്റേഡിയത്തില്‍ മുഴങ്ങിയത്.

19 പന്തില്‍ വെറും മൂന്നു റണ്‍സ് മാത്രം വേണ്ട ഘട്ടത്തിലായിരുന്നു ധോണി ക്രീസിലെത്തിയത്. ഇങ്ങനെയൊരു അവസരത്തില്‍ എന്തിനാണ് ധോണി ബാറ്റ് ചെയ്യാനിറങ്ങിയതെന്ന ചോദ്യത്തിന് ഉത്തരമായിരുന്നു മകളുടെ സ്‌കൂള്‍ ഫീസ് പോലും അടക്കാതെ കടംവാങ്ങിയ പൈസകൊണ്ട് ബ്ലാക്കില്‍ 64000 രൂപ കൊടുത്ത് ടിക്കറ്റെടുത്ത കളി കാണാനെത്തിയ ഒരു ആരാധകന്‍.

ജീവിതത്തില്‍ ഒരിക്കലെങ്കിലും ധോണിയുടെ ബാറ്റിംഗ് നേരില്‍ കാണാനായാണ് ഈ ആരാധകന്‍ 64000 രൂപ മുടക്കി തനിക്കും മക്കള്‍ക്കും മത്സരം കാണാനുള്ള ടിക്കറ്റ് സംഘടിപ്പിച്ചത്.

സ്‌പോര്‍ട്‌സ്വാക്ക് എന്ന പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഈ ആരാധകന്‍ താന്‍ മകളുടെ സ്‌കൂള്‍ ഫീസ് പോലും അടച്ചിട്ടില്ലെന്നും കടം വാങ്ങിയ പൈസ കൊണ്ടാണ് ബ്ലാക്കില്‍ ടിക്കറ്റ് എടുത്ത് മത്സരം കാണാനെത്തിയതെന്നും തുറന്നു പറഞ്ഞത്.


ധോണി ബാറ്റിംഗിനിറങ്ങിയപ്പോള്‍ താനും മൂന്ന് മക്കളും ആവേശം കൊണ്ട് തുള്ളിച്ചാടിയെന്നും ഇയാള്‍ പറഞ്ഞു.

അതേസമയം മകളുടെ ഭാവി മറന്നുള്ള ഇയാളുടെ പ്രവൃത്തി വലിയ വിമര്‍ശനമാണ് ക്ഷണിച്ചു വരുത്തുന്നത്.

ആരാധകന്റെ കഥ കേട്ട് ധോണി തന്നെ സഹായിക്കാനായി രംഗത്തുവരുമെന്ന് ചിലര്‍ പറയുമ്പോള്‍ മറ്റ് ചിലര്‍ പറയുന്നത് മകളുടെ സ്‌കൂള്‍ ഫീസ് പോലും അടക്കാതെ കളി കാണാന്‍ വന്നതിനെ ധോണി ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്നാണ്.

എന്നാല്‍ വീഡിയോയില്‍ തനിക്ക് മകളുടെ സ്‌കൂള്‍ ഫീസ് അടക്കാന്‍ കഴിവില്ലെന്ന് ഇയാള്‍ പറയുന്നില്ലെന്നും 64000 രൂപ കൊടുത്ത് ടിക്കറ്റ് വാങ്ങാന്‍ കഴിവുള്ളയാള്‍ക്ക് ഫീസ് അടക്കാനും കഴിവുണ്ടാകുമെന്നും ഇയാളെക്കുറിച്ച് ചര്‍ച്ച ചെയ്ത് സമയം പാഴാക്കേണ്ടതില്ലെന്നും ചിലര്‍ പറയുന്നുണ്ട്. എന്തായാലും രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഏറെ നാളായിട്ടും എംസ്ഡിയുടെ ആരാധകര്‍ക്ക് കുറവില്ലെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം.

Related Articles

Back to top button