Cricket

ഷായ് ഹോപ് രണ്ടു തവണ ബൗണ്ടറി ലൈനില്‍ സ്പര്‍ശിച്ചു !! വെളിപ്പെടുത്തലുമായി മുന്‍ താരം

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന്റെ വിവാദ പുറത്താകലാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ സംസാര വിഷയം.

സഞ്ജു ഔട്ടാണെന്നും അല്ലെന്നുമുള്ള വാദങ്ങള്‍ മുറുകുകയാണ്. ഈ അവസരത്തില്‍ സഞ്ജുവിന്റേത് ഔട്ടല്ലെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നവ്‌ജ്യോത് സിങ് സിദ്ദു.

ക്യാച്ചെടുക്കുമ്പോള്‍ ഡല്‍ഹിയുടെ ഫീല്‍ഡര്‍ ഷായ് ഹോപ്പിന്റെ കാല്‍ രണ്ടു തവണ ബൗണ്ടറി ലൈനില്‍ തട്ടിയിരുന്നതായും നവ്‌ജ്യോത് സിദ്ദു ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തില്‍ പ്രതികരിച്ചു.

”കളി തിരിച്ചത് തന്നെ സഞ്ജുവിനെ പുറത്താക്കാനുള്ള തീരുമാനമായിരുന്നു. ഇക്കാര്യത്തില്‍ വ്യത്യസ്ത അഭിപ്രായം ഉണ്ടായിരിക്കാം. എന്നാല്‍ ഒരു ഭാഗത്തുനിന്നു നോക്കുമ്പോള്‍, ഷായ് ഹോപ് രണ്ടു തവണ ബൗണ്ടറി ലൈനില്‍ തട്ടിയിട്ടുണ്ടെന്നു വ്യക്തമാണ്.” സിദ്ദു പറയുന്നു.

”രണ്ടു തവണ ഇവിടെ ബൗണ്ടറി ലൈനില്‍ സ്പര്‍ശിച്ചു കഴിഞ്ഞു. ഞാന്‍ പക്ഷം പിടിക്കാന്‍ താല്‍പര്യമില്ലാത്ത ഒരാളാണ്. അത് ഔട്ടല്ലെന്നു ഞാന്‍ കണ്ടതാണ്. കൊല്‍ക്കത്തയ്‌ക്കെതിരേ വിരാട് കോഹ്‌ലി നോ ബോളില്‍ പുറത്തായപ്പോഴും ഞാന്‍ അക്കാര്യം പറഞ്ഞിട്ടുണ്ട്.

അംപയര്‍ വേണമെന്നു വച്ച് അങ്ങനെ ചെയ്തതാകാന്‍ സാധ്യതയില്ല. ഇവിടെ ആരും തെറ്റുകാരുമല്ല. ഇതും ക്രിക്കറ്റിന്റെ ഭാഗം തന്നെയാണ്. ആ സംഭവമാണ് ഇന്നലെ മത്സരം തന്നെ മാറ്റിയത്.” നവ്‌ജ്യോത് സിങ് സിദ്ദു പറഞ്ഞു.

അതേസമയം അംപയര്‍ എടുക്കുന്ന തീരുമാനത്തെ മാനിച്ചേ പറ്റുവെന്ന് രാജസ്ഥാന്‍ റോയല്‍സ് ടീം ഡയറക്ടര്‍ കുമാര്‍ സംഗക്കാര പ്രതികരിച്ചു. ”റീപ്ലേകളും വിവിധ ആംഗിളുകളും ആശ്രയിച്ചാണ് ഔട്ടാണോ, അല്ലയോ എന്നു പറയേണ്ടത്.

ചില ഭാഗത്തുനിന്നു നോക്കുമ്പോള്‍ ഫീല്‍ഡര്‍ ബൗണ്ടറി ലൈനില്‍ തൊട്ടതുപോലെ കാണാന്‍ സാധിക്കുന്നുണ്ട്. തേര്‍ഡ് അംപയര്‍ക്കുപോലും ഇക്കാര്യത്തില്‍ കൃത്യമായി വിധി പറയാന്‍ പ്രയാസമായിരിക്കും. ആശയക്കുഴപ്പം ഇല്ലാതാക്കാന്‍ അംപയര്‍മാരുമായി സംസാരിക്കേണ്ടിവരും.”

”ഇതെല്ലാം സംഭവിച്ചു കഴിഞ്ഞതാണ്. അംപയറെടുത്ത തീരുമാനത്തില്‍ വ്യത്യസ്ത അഭിപ്രായമുണ്ടാകാം. പക്ഷേ തീരുമാനത്തെ അംഗീകരിച്ചേ പറ്റൂ.” സംഗക്കാര പ്രതികരിച്ചു.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 20 റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സ് തോറ്റത്. ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് 20 ഓവറില്‍ 8ന് 221 റണ്‍സെടുത്തപ്പോള്‍ രാജസ്ഥാന്റെ മറുപടി 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സില്‍ അവസാനിച്ചു. എന്നിരുന്നാലും പോയിന്റ് പട്ടികയില്‍ രാജസ്ഥാന്‍ തന്നെയാണ് രണ്ടാമത്.

Related Articles

Back to top button