Cricket

ട്രക്കിംഗിനിടെ പുലിയുടെ ആക്രമണം!! സിംബാബ് വെന്‍ മുന്‍ ക്രിക്കറ്റ് താരത്തെ രക്ഷിച്ചത് വളര്‍ത്തു നായ

ട്രക്കിംഗിനിടെ പുലിയുടെ ആക്രമണം നേരിട്ട സിംബാബ്‌വെന്‍ ക്രിക്കറ്റര്‍ ഗയ് വിറ്റാല്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.

സിംബാബ്‌വെയിലെ ബഫല്ലോ റേഞ്ചില്‍ വച്ചാണ് താരം പുലിയുടെ ആക്രമണത്തിന് ഇരയായത്. എയര്‍ ലിഫ്റ്റ് ചെയ്ത് ഹരാരെയിലെത്തിച്ച വിറ്റാലിന് അടിയന്തര ശസ്ത്രക്രിയ നടത്തി. താരം അപകടനില തരണം ചെയ്തതായാണു വിവരം.

ഗയ് വിറ്റാലിന്റെ ഭാര്യ ഹന്ന സ്റ്റൂക്‌സ് വിറ്റാല്‍ ആശുപത്രിയില്‍ നിന്നുള്ള താരത്തിന്റെ ചിത്രം പുറത്തുവിട്ടു. തലയ്ക്കും കൈകള്‍ക്കുമാണ് പരിക്കേറ്റത്. താരത്തിന് ഒരുപാട് രക്തം നഷ്ടപ്പെട്ടതായും ഹന്ന വ്യക്തമാക്കി.

ഗയ് വിറ്റാലിന്റെ വളര്‍ത്തുനായ ചിക്കാര പുലിയുടെ ആക്രമണത്തെ പ്രതിരോധിച്ചതാണ് വിറ്റാലിന് രക്ഷയായത്. ചിക്കാരയ്ക്ക് പുലിയുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാവിലെ ട്രക്കിംഗിനിടെയാണ് വിറ്റാലിനെ പുലി ആക്രമിച്ചത്. സിംബാബ്‌വെയിലെ ഹുമാനിയില്‍ ബിസിനസ് നടത്തുകയാണ് വിറ്റാല്‍.

താരത്തിന് വന്യജീവികളില്‍ നിന്ന് ആക്രമണം നേരിടേണ്ടി വരുന്നത് ഇതാദ്യമായല്ല. 2013ല്‍ വിറ്റാലിന്റെ താമസ സ്ഥലത്തെ കട്ടിലിന് അടിയില്‍നിന്ന് ഭീമന്‍ മുതലയെ കണ്ടെത്തിയത് വലിയ വാര്‍ത്തയായിരുന്നു.

മുതലയുണ്ടെന്നറിയാതെ വിറ്റാല്‍ രാത്രി കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്നു. അടുത്ത ദിവസം വീട്ടു ജോലിക്കാരിയാണ് മുതലയെ കണ്ടെത്തിയത്.

സിംബാബ്‌വെ ദേശീയ ടീമിനു വേണ്ടി 46 ടെസ്റ്റുകളിലും 147 ഏകദിന മത്സരങ്ങളിലും കളിച്ചിട്ടുള്ള താരമാണ് ഗയ് വിറ്റാല്‍.

Related Articles

Back to top button