Football

അര്‍ജന്റീനയെ കളിയാക്കി എംബാപ്പെ; തിരിച്ചടിച്ച് മാര്‍ട്ടീനസ്!

ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയും ഫ്രാന്‍സും തമ്മില്‍ ഏറ്റുമുട്ടാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ കളിക്കാര്‍ തമ്മിലുള്ള വാക്ക്‌പോര് കനക്കുന്നു.

ലാറ്റിനമേരിക്കന്‍, അര്‍ജന്റൈന്‍ ഫുട്‌ബോളിനെ താഴ്ത്തി സംസാരിച്ച കെയ്‌ലിയന്‍ എംബാപ്പെയ്ക്ക് മറുപടിയുമായി അര്‍ജന്റൈന്‍ ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് രംഗത്തു വന്നതാണ് പുതിയ സംഭവം.

യൂറോപ്യന്‍ ഫുട്‌ബോളിന് ഉള്ള ആനുകൂല്യം ലാറ്റിനമേരിക്കന്‍ ഫുട്‌ബോളിനില്ലെന്നാണ് എംബാപ്പെ പറഞ്ഞത്. നേഷന്‍സ് ലീഗില്‍ ഉള്‍പ്പെടെ യൂറോപ്യന്‍ ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ആവേശവും നിലവാരവും വളരെ ഉയരാറുണ്ട്. ഇത് യൂറോപ്യന്‍ ഫുട്‌ബേളിന് ഗുണം ചെയ്യാറുണ്ട്. എന്നാല്‍ ലാറ്റിനമേരിക്കന്‍ ഫുട്‌ബോളില്‍ ഈ സംഗതിയില്ലെന്നാണ് എംബാപ്പെയുടെ നിരീക്ഷണം.

ഉദാഹരണമായി ലോകകപ്പിനെ തന്നെയാണ് എംബാപ്പെ എടുത്തു കാണിക്കുന്നത്. ഞങ്ങള്‍ ലോകകപ്പിനായി വന്നപ്പോള്‍ ഞങ്ങള്‍ക്ക് നേഷന്‍സ് ലീഗ് കളിച്ചതിന്റെ ഗുണം ടീമിലാകെ ഉണ്ടായി. കാരണം ഞങ്ങള്‍ യൂറോപ്പിലെ മികച്ച ടീമുകള്‍ക്കെതിരേ കളിച്ചതിന്റെ നേട്ടമാണത്. എന്നാല്‍ അര്‍ജന്റീനയ്‌ക്കോ ബ്രസീലിനോ ഈ ആനുകൂല്യമില്ല.

കാരണം ലാറ്റിനമേരിക്കയില്‍ മറ്റ് ടീമുകള്‍ അത്ര അഡ്വാന്‍സ്ഡ് അല്ല. അതുകൊണ്ടാണ് യൂറോപ്യന്‍ ടീമുകള്‍ ലോകകപ്പില്‍ കൂടുതല്‍ ആധിപത്യം നേടുന്നതെന്നും എംബാപ്പെ വ്യക്തമാക്കുന്നു.

എംബാപ്പെയ്ക്ക് ഫുട്‌ബോളിനെപ്പറ്റി വലിയ ധാരണയില്ല. അയാള്‍ ഒരിക്കല്‍ പോലും ലാറ്റിനമേരിക്കയില്‍ ഫുട്‌ബോള്‍ കളിച്ചിട്ടില്ല. ഇത്തരത്തിലൊരു അനുഭവമില്ലാതെ എങ്ങനെയാണ് അതേപ്പറ്റി സംസാരിക്കുക. എംബാപ്പെയുടെ വാക്കുകള്‍ കാര്യമാക്കുന്നില്ല. കാരണം ഞങ്ങള്‍ നല്ല ടീമാണ്. ലാറ്റിനമേരിക്കന്‍ ഫുട്‌ബോളില്‍ ഓരോ രാജ്യത്തെ കാലാവസ്ഥ പോലും വ്യത്യസ്തമാണ്.

വലിയ പരീക്ഷണ ഘട്ടങ്ങള്‍ കടന്നാണ് ലാറ്റിനമേരിക്കന്‍ ടീമുകള്‍ ലോകകപ്പിന് യേഗ്യത നേടുന്നത്. 10 ലാറ്റിനമേരിക്കന്‍ ടീമുകള്‍ വെറും 4 ലോകകപ്പ് സ്ഥാനത്തിനായി പോരാടുന്നതില്‍ കൂടുതല്‍ എത്ര വലിയ കഠിനതയാണ് യൂറോപ്യന്‍ യോഗ്യത റൗണ്ടിനുള്ളതെന്നും മാര്‍ട്ടിനസ് ചോദിക്കുന്നു. രാത്രി 8.30നാണ് ലോകകപ്പ് ഫൈനല്‍ മല്‍സരം.

Related Articles

Back to top button