Football

ബ്രസീലിന് തിരിച്ചടിയായത് ‘കഠിനവഴി’ താണ്ടിയ ക്രൊയേഷന്‍ സമ്മര്‍ദം!!

ഖത്തര്‍ ലോകകപ്പില്‍ സമ്മര്‍ദത്തിന്റെ ഒരു നിമിഷം പോലും ബ്രസീലോ അവരുടെ കോച്ചോ അനുഭവിച്ചിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മല്‍സരം മുതല്‍ ക്വാര്‍ട്ടറില്‍ ക്രൊയേഷ്യയെ നേരിടും വരെ അവര്‍ വളരെ കൂളായിട്ടാണ് കളിച്ചു വന്നത്. ഈ സമ്മര്‍ദമില്ലായ്മ കളിക്കാരുടെ അമിത ആത്മവിശ്വാസം നിറച്ചെന്ന് പറഞ്ഞാല്‍ അതു തെറ്റാകില്ല.

മറുവശത്ത് ക്രൊയേഷ്യയാകട്ടെ ഗ്രൂപ്പ് സ്റ്റേജ് മുതല്‍ കഷ്ടപ്പെട്ടും വിയര്‍പ്പൊഴുക്കിയുമാണ് ഓരോ മല്‍സരവും പൂര്‍ത്തിയാക്കിയത്. മൊറോക്കോയ്‌ക്കെതിരേ സമനിലയില്‍ തുടങ്ങിയ അവര്‍ക്ക് കുറച്ചെങ്കിലും ഫ്രീയായി മല്‍സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചത് കാനഡയ്‌ക്കെതിരേ മാത്രമാണ്.

നോക്കൗട്ടിലെ ആദ്യ മല്‍സരം ജപ്പാനോട് ഷൂട്ടൗട്ട് കളിക്കേണ്ടി വന്നതും ലൂക്കാ മോഡ്രിച്ചിനും സംഘത്തിനും നല്‍കിയ എക്‌സ്പീരിയന്‍സ് വലുതായിരുന്നു. പരിശീലന സെഷനില്‍ എത്രമാത്രം പെനാല്‍റ്റി കിക്കുകള്‍ എടുത്ത് പരിശീലിച്ചാലും മല്‍സരത്തില്‍ കിട്ടുന്ന ആ അനുഭവസമ്പത്ത് മറ്റൊന്നാണ്.

എല്ലാ മല്‍സരങ്ങളും അനായാസം ജയിച്ചു വന്ന ബ്രസീലിനു പെട്ടെന്ന് ക്രൊയേഷ്യയെ പോലൊരു പോരാട്ടവീര്യക്കാരെ കിട്ടിയപ്പോള്‍ കളിയുടെ താളംമാറ്റാനും സാധിച്ചില്ല. ക്രൊയേഷ്യയാകട്ടെ വലിയ പോരാട്ടങ്ങള്‍ താണ്ടിയതിന്റെ അനുഭവം കൃത്യമായി പ്രയോജനപ്പെടുത്തുകയും ചെയ്തു.

മല്‍സരം ഷൂട്ടൗട്ടിലേക്ക് പൊയ്‌ക്കോട്ടെയെന്ന മനോഭാവമായിരുന്നു ക്രൊയേഷ്യന്‍ താരങ്ങളിലും പരിശീലകനിലും കണ്ടത്. മറുവശത്ത് ബ്രസീലാകട്ടെ മനസു കൊണ്ട് ഷൂട്ടൗട്ടിന് ഒരുങ്ങിയിരുന്നില്ലെന്ന് അവരുടെ മുഖഭാവം തെളിയിച്ചു.

ബ്രസീല്‍ മിക്ക മല്‍സരങ്ങളിലും ഇലവനില്‍ മാറ്റം വരുത്തിയതും അവരുടെ പ്രകടനത്തെ ബാധിച്ചുവെന്ന് വിലയിരുത്തിയാലും തെറ്റില്ല. ലോകകപ്പ് പോലൊരു വിശ്വപോരാട്ടം എല്ലാ കളിക്കാര്‍ക്കും അവസരം നല്‍കാനുള്ള വേദിയല്ല. മറിച്ച് മികച്ച കളിക്കാരെ വച്ച് സെറ്റ് ടീമിനെ കളത്തിലിറക്കേണ്ട അവസരമാണത്.

Related Articles

Back to top button