Cricket

ചൈനയ്‌ക്കെതിരേ ഇന്ത്യ രംഗത്തിറക്കുക ഐപിഎല്‍ വെടിക്കെട്ടുകാരെ; ചെറിയ ഗ്രൗണ്ടില്‍ റിക്കാര്‍ഡ് പിറക്കും!!

ചരിത്രത്തില്‍ ആദ്യമായി ചൈനയില്‍ ക്രിക്കറ്റ് കളിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ടീം. ഈ മാസം പതിനഞ്ചിന് ബിസിസിഐ ടീം പ്രഖ്യാപനം നടത്തും. സെപ്റ്റംബറില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ക്രിക്കറ്റ് ടീമിനെ അയയ്ക്കുക.

ഏഷ്യന്‍ ഗെയിംസ് നടക്കുന്ന സമയത്ത് ഇന്ത്യയുടെ പ്രധാന ടീം ലോകകപ്പ് കളിക്കുന്ന തിരക്കിലാകും. അതുകൊണ്ട് തന്നെ രണ്ടാംനിര ടീമിനെ ചൈനയിലേക്ക് വിടാനാണ് പദ്ധതി. റിങ്കു സിംഗ് അടക്കമുള്ള താരങ്ങളെയാകും ചൈനയിലേക്ക് പരിഗണിക്കുക.

ചൈന ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് നടത്തിപ്പിനു വേണ്ടി മാത്രമായി ഒരു സ്റ്റേഡിയം തന്നെ പണിതിരുന്നു. 5,000 പേര്‍ക്ക് കളി കാണാന്‍ സാധിക്കുന്ന സ്റ്റേഡിയത്തില്‍ പകല്‍രാത്രി മല്‍സരം നടത്താനുള്ള സംവിധാനവും ഉണ്ട്.

ഐപിഎല്ലില്‍ തിളങ്ങിയ താരങ്ങള്‍ക്കെല്ലാം ചൈന സീരിസില്‍ അവസരം ലഭിക്കും. സഞ്ജു സാംസണിന് ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് അവസരം കിട്ടിയില്ലെങ്കില്‍ മലയാളി താരവും ടീമില്‍ ഉണ്ടാകും.

റിങ്കു സിംഗ്, ഋതുരാജ് ഗെയ്ക്വാദ്, ജിതേഷ് ശര്‍മ്മ എന്നിവരെ ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിലേക്ക് തിരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉമ്രാന്‍ മാലിക്, അര്‍ഷ്ദീപ് സിംഗ്, രാഹുല്‍ ചാഹര്‍, തിലക് വര്‍മ്മ എന്നിവരും ഏഷ്യന്‍ ഗെയിംസ് ടീമില്‍ ഉള്‍പ്പെട്ടേക്കും.

ഏകദിന ലോകകപ്പില്‍ അവസരം കിട്ടാത്ത ശിഖാര്‍ ധവാന്‍ ആയിരിക്കും ഏഷ്യന്‍ ഗെയിംസില്‍ ടീമിനെ നയിക്കുക. അതേസമയം, വെസ്റ്റ് ഇന്‍ഡീസിന് എതിരായ ടി20 പരമ്പരയിലേക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ ടീമില്‍ ഇടം നേടി.

സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും ഇല്ലാതെ കളത്തില്‍ ഇറങ്ങുന്ന ടീമിനെ ഹര്‍ദിക് പാണ്ഡ്യ നയിക്കും. ട്വിറ്ററിലൂടെയായിരുന്നു പ്രഖ്യാപനം. ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങളായ യശസ്വി ജയ്സ്വാള്‍, തിലക് വര്‍മ, മുകേഷ് കുമാര്‍ എന്നിവര്‍ക്കൊപ്പം ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും സ്ഥാനം നിലനിര്‍ത്തി.

സൂര്യകുമാര്‍ യാദവാണ് വൈസ് ക്യാപ്റ്റന്‍. ബിസിസിഐ ചീഫ് സെലക്ടറായി മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍ ചുമതലയേറ്റതിന്ശേഷം പ്രഖ്യാപിക്കുന്ന ആദ്യ ഇന്ത്യന്‍ സ്‌ക്വാഡ് കൂടിയാണിത്.

പേസര്‍മാരായ അര്‍ഷ്ദീപ് സിംഗും ആവേശ് ഖാനും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ മുഹമ്മദ് ഷമിക്ക് ടി20 ടീമിലും വിശ്രമം നല്‍കി. ഉമ്രാന്‍ മാലിക് ടി20 ടീമില്‍ തിരിച്ചെത്തിയപ്പോള്‍ സ്പിന്നറായ രവി ബിഷ്‌ണോയിയും ടീമില്‍ തിരിച്ചെത്തി. അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍ എന്നിവരും സ്പിന്നര്‍മാരായി ടീമിലുണ്ട്.

ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്ക് ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരെ അഞ്ച് ടി20കളുള്ള പരമ്പര ഓഗസ്റ്റ് മൂന്നിനാണ് ആരംഭിക്കുക. ഓഗസ്റ്റ് 6, 8, 12, 13 തിയതികളിലാണ് മറ്റ് മത്സരങ്ങള്‍. ഇതില്‍ അവസാന രണ്ട് ടി20കള്‍ അമേരിക്കയിലെ ഫ്‌ലോറിഡയില്‍ വച്ചാണ് നടക്കുക.

Related Articles

Back to top button