Cricket

പാക്കിസ്ഥാനെ അട്ടിമറിച്ച് നാണംകെടുത്തി അയര്‍ലന്‍ഡ്!

ഐസിസി ട്വന്റി-20 ലോകകപ്പിന്റെ ഫൈനലില്‍ ഞായറാഴ്ച്ച പാക്കിസ്ഥാന്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ ഒരുങ്ങുകയാണ്. അതിനു മുമ്പ് പാക് ക്രിക്കറ്റിന് ഷോക്ക് നല്‍കിയിരിക്കുകയാണ് അയര്‍ലന്‍ഡ് വനിതകള്‍. പാക്ക് വനിതകള്‍ക്കെതിരായ ആദ്യ ട്വന്റി-20 6 വിക്കറ്റിന് ജയിച്ചാണ് ഐറിഷ് പടയോട്ടം. പാക്കിസ്ഥാനില്‍ പോയാണ് അയര്‍ലന്‍ഡിന്റെ ജയമെന്നത് ശ്രദ്ധേയമാണ്.

ഇത് രണ്ടാം തവണ മാത്രമാണ് പാക്കിസ്ഥാനെ അയര്‍ലന്‍ഡ് വനിതകള്‍ തോല്‍പ്പിക്കുന്നത്. എട്ടു വര്‍ഷം മുമ്പ് ആയിരുന്നു ആദ്യത്തെയും അവസാനത്തെയും ജയം. ഇന്ന് ലാഹോറില്‍ നടന്ന മല്‍സരത്തില്‍ അനായാസമാണ് അയര്‍ലന്‍ഡ് ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റുചെയ്ത പാക് നിരയ്ക്ക് വെറും 135 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

മറുപടി ബാറ്റിംഗില്‍ 18.4 ഓവറില്‍ അയര്‍ലന്‍ഡ് വനിതകള്‍ ലക്ഷ്യത്തിലെത്തി. 54 പന്തില്‍ 69 റണ്‍സെടുത്ത് പുറത്താകാതെ നിന്ന 21കാരി ഗാബി ലൂയിസിന്റെ മനോഹര ബാറ്റിംഗാണ് അവരെ ജയത്തിലെത്തിച്ചത്. നേരത്തെ ഏകദിന പരമ്പര 3-0ത്തിന് പാക്കിസ്ഥാന്‍ നേടിയിരുന്നു.

ആദ്യം ബാറ്റുചെയ്ത പാക്കിസ്ഥാനായി നിഥാ ഥര്‍ 43 പന്തില്‍ 61 റണ്‍സെടുത്തു. ഒര്‍ല പ്രെന്‍ഡര്‍ഗ്രാസ്റ്റ് 4 ഓവറില്‍ വെറും 10 റണ്‍സ് വഴങ്ങി അയര്‍ലന്‍ഡിനായി മൂന്നു വിക്കറ്റ് വീഴ്ത്തി. ബാറ്റിംഗിലും ഒര്‍ല 25 പന്തില്‍ 39 റണ്‍സെടുത്ത് തിളങ്ങി. പരമ്പരയില്‍ 2 മല്‍സരങ്ങള്‍ കൂടി ബാക്കിയുണ്ട്.

Related Articles

Back to top button