Cricket

അടിയോടടി!! കിഷന്‍ വന്നു, സെഞ്ചുറിയടിച്ചു; ടീമിനെ ആദ്യമായി ജയിപ്പിച്ചു!!

സയദ് മുഷ്താഖ് അലി ട്രോഫിയില്‍ തകര്‍പ്പന്‍ ബാറ്റിംഗുമായി ഇഷാന്‍ കിഷന്‍. ജാര്‍ഖണ്ഡിനു വേണ്ടി ഒഡീഷയ്‌ക്കെതിരേയാണ് കിഷന്‍ കത്തിക്കയറിയത്. ഓപ്പണറായി ഇറങ്ങിയ കിഷന്‍ പുറത്താകാതെ 102 റണ്‍സ് നേടിയാണ് ടീമിന് വമ്പന്‍ ജയത്തിലേക്ക് നയിച്ചത്. മുഷ്താഖ് അലി ട്രോഫിയില്‍ ജാര്‍ഖണ്ഡിന്റെ ആദ്യ ജയമാണിത്.

ആദ്യം ബാറ്റുചെയ്യേണ്ടി വന്ന ജാര്‍ഖണ്ഡിനു തുടക്കത്തിലേ വിക്കറ്റ് നഷ്ടമായി. ആദ്യ ഓവറില്‍ സഹഓപ്പണര്‍ പങ്കജ് കുമാറിനെ നഷ്ടമായ ശേഷം കിഷന്‍ ഒറ്റയ്ക്കാണ് ജാര്‍ഖണ്ഡിനെ മുന്നോട്ടു നയിച്ചത്. മറുവശത്ത് ബാറ്റു ചെയ്തവരെല്ലാം സിംഗിളുകളും ഡബിളുകളുമായി തൃപ്തിപ്പെട്ടപ്പോള്‍ വമ്പനടികളിലൂടെയാണ് കിഷന്‍ സ്‌കോറിംഗ് ഉയര്‍ത്തിയത്. 64 പന്തില്‍ 7 കൂറ്റന്‍ സിക്‌സറുകളും 5 ഫോറും ഉള്‍പ്പെടെയാണ് കിഷന്റെ സൂപ്പര്‍ സെഞ്ചുറി.

ജാര്‍ഖണ്ഡ് നേടിയ 188 റണ്‍സിനെതിരേ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഒഡീഷ വെറുമം 117 റണ്‍സിന് പുറത്തായി. 4 ഓവറില്‍ 21 റണ്‍സിന് 3 വിക്കറ്റ് വീഴ്ത്തിയ ഷഹ്ബാസ് നദീം ആണ് ഒഡീഷയെ തകര്‍ത്തത്. 5 കളികള്‍ ഇതുവരെ കളിച്ച ജാര്‍ഖണ്ഡിന്റെ ആദ്യ ജയമാണ് ഒഡീഷയ്‌ക്കെതിരേ കുറിച്ചത്. ടീം ക്വാര്‍ട്ടറില്‍ എത്തില്ലെന്ന് ഉറപ്പാണ്.

Related Articles

Back to top button