Football

5 കോടിയുടെ വാച്ച് കെട്ടി പ്രതിഷേധവുമായി ഹാരി കെയ്ന്‍; മഴവില്‍ വാച്ച് ഫിഫയ്ക്കുള്ള മറുപടി!

ഖത്തര്‍ ലോകകപ്പ് വിവാദങ്ങളുടെയും പ്രതിഷേധങ്ങളുടെയും വേലിയേറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. മനുഷ്യാവകാശം പറഞ്ഞ് യൂറോപ്യന്‍ രാജ്യങ്ങളും തങ്ങളുടെ നയങ്ങളില്‍ വിട്ടുവീഴ്ച്ചയില്ലാതെ ഖത്തറും മുന്നോട്ടു പോകുന്നതാണ് ലോകകപ്പിന്റെ ആദ്യ ആഴ്ച്ചയില്‍ കണ്ടത്. ഇപ്പോഴിതാ വ്യത്യസ്തമായ ഒരു പ്രതിഷേധവുമായി ഇംഗ്ലീഷ് നായരന്‍ ഹാരി കെയ്ന്‍ രംഗത്തെത്തിയിരിക്കുന്നു.

മഴവില്‍ കളര്‍ വാച്ചണിഞ്ഞ് കെയ്ന്‍ മല്‍സരത്തിനെത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. റോളക്‌സിന്റെ ഈ വാച്ചിന്റെ വില 5 കോടി ഇന്ത്യന്‍ രൂപയ്ക്കു മുകളിലാണ്. രത്‌നങ്ങള്‍ പതിച്ച വാച്ചിലെ മഴവില്‍ നിറങ്ങളാണ് ഇതൊരു വലിയ വാര്‍ത്തയാകാന്‍ കാരണം.

മഴവില്‍ നിറങ്ങളാണ് സ്വവര്‍ഗ രതിക്കാര്‍ക്കുള്ള പിന്തുണ അറിയിക്കാന്‍ ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം നിറങ്ങളുമായി വരുന്നവരെ അധികൃതര്‍ സ്‌റ്റേഡിയത്തില്‍ തടയുന്നുമുണ്ട്. കെയ്ന്‍ ഈ വാച്ച് മനപൂര്‍വം അണിഞ്ഞതാണെന്ന തരത്തിലുള്ള വിലയിരുത്തലുകളാണ് പുറത്തു വരുന്നത്.

സ്വവര്‍ഗ രതിക്കാര്‍ക്ക് പിന്തുണയുമായി മല്‍സരങ്ങളില്‍ വണ്‍ ലവ് ക്യാപ്റ്റന്‍ ആംബാന്‍ഡ് ധരിക്കാന്‍ ഏഴോളം യൂറോപ്യന്‍ ടീമുകള്‍ തീരുമാനിച്ചിരുന്നു. ഖത്തറിന്റെ നിര്‍ദേശപ്രകാരം ഫിഫ ഇത് വിലക്കുകയും ചെയ്തു. വണ്‍ ലവ് ആംബാന്‍ഡ് കെട്ടി വന്നാല്‍ മഞ്ഞക്കാര്‍ഡ് നല്‍കുമെന്ന് പറഞ്ഞതോടെയാണ് ടീമുകള്‍ തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങിയത്.

ടീമുകള്‍ക്ക് വിലക്കുണ്ടെങ്കിലും വിവിധ രാജ്യങ്ങളുടെ മന്ത്രിമാര്‍ വണ്‍ ലവ് ബാന്‍ഡ് അണിഞ്ഞാണ് വിവിധ വേദികളില്‍ കളി കാണാനെത്തുന്നത്. നയതന്ത്ര പരിരക്ഷ ഉള്ളതിനാല്‍ മന്ത്രിമാരെ തടയാന്‍ ഖത്തറിനോ ഫിഫയ്‌ക്കോ സാധ്യവുമല്ല.

Related Articles

Back to top button