FootballISL

ഇഷ്ഫാഖിന്റെ പകരക്കാരനായി വരുന്നത് മലയാളി കോച്ച്? സൂചനകള്‍ ഇങ്ങനെ!!

കേരള ബ്ലാസ്‌റ്റേഴ്‌സ് പുറത്താക്കിയ സഹപരിശീലകന്‍ ഇഷ്ഫാഖ് അഹമ്മദിന് പകരം കേരള ബ്ലാസ്റ്റേഴ്‌സ് പരിഗണിക്കുന്നത് ടി.ജി പുരുഷോത്തമനെയെന്ന് സൂചന. നിലവില്‍ ബ്ലാസ്റ്റേഴ്‌സ് റിസര്‍വ് ടീമിന്റെ പരിശീലകനാണ് പുരുഷോത്തമന്‍.

എഫ്സി കേരളയുടെ പരിശീലകനായിരുന്നു. തൃശൂര്‍ കേരളവര്‍മ കോളേജിന്റെ ഗോള്‍ കീപ്പറായി കളിച്ചിട്ടുണ്ട്. 2001, 2004 വര്‍ഷങ്ങളില്‍ സന്തോഷ്ട്രോഫി കിരീടംനേടിയ കേരള ടീം അംഗമായിരുന്നു.

ഡെമ്പോ, എസ്ബിടി, വാസ്‌കോ, മഹീന്ദ്ര യുണൈറ്റഡ്, വിവാ കേരള, ജോസ്‌കോ എഫ്സി തുടങ്ങിയ ടീമുകള്‍ക്കായി വല കാത്തു. പുരുഷോത്തമന്റെ സാന്നിധ്യം ടീമിന് പ്രയോജനപ്പെടുമെന്നാണ് കണക്കുകൂട്ടുന്നത്.

കളിക്കാരനും പരിശീലകനുമായി ഒമ്പത് വര്‍ഷത്തോളം ബ്ലാസ്റ്റേഴ്‌സില്‍ പ്രവര്‍ത്തിച്ചശേഷമാണ് ഇഷ്ഫാഖ് ക്ലബ് വിടുന്നത്. ജമ്മു കശ്മീരില്‍ നിന്നുള്ള കളിക്കാരനായ ഇഷ്ഫാഖ് 2014-ലെ ആദ്യ ഐഎസ്എല്‍ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായത്.

തൊട്ടടുത്ത വര്‍ഷം കളിക്കാരാനിയിരിക്കെ തന്നെ ക്ലബിന്റെ സഹപരിശീലകനായും ഇഷ്ഫാഖ് പ്രവര്‍ത്തനം തുടങ്ങി. പിന്നീട് കളിക്കളത്തില്‍ നിന്ന് വിരമിച്ചശേഷം ബ്ലാസ്റ്റേഴ്‌സിന്റെ സഹപരിശീലകസ്ഥാനം ഇഷ്ഫാഖ് ഏറ്റെടുത്തു.

ഇടയ്ക്ക് മുന്‍ ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ സ്റ്റീവ് കോപ്പലിനൊപ്പം ജെംഷ്ദ്പുര്‍ എഫ്‌സിയുടെ സഹപരിശീലകനായും ഇഷ്ഫാഖ് പ്രവര്‍ത്തിച്ചു. പിന്നീട് 2019-ല്‍ ബ്ലാസ്റ്റേഴ്‌സ് സഹപരിശീലകനായി ഇഷ്ഫാഖ് തിരിച്ചെത്തി.

2020-21 സീസണില്‍ കിബു വിക്കുന പുറത്തായ ഒഴിവില്‍ രണ്ട് മത്സരങ്ങളില്‍ ഇടക്കാല പരിശീലകനായും ഇഷ്ഫാഖ് പ്രവര്‍ത്തിച്ചു. ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്‍ പ്ലേ ഓഫിലെത്തിയ കഴിഞ്ഞ രണ്ട് സീസണുകളിലും ഇഷ്ഫാഖിന്റെ പങ്ക് നിര്‍ണായകമായിരുന്നു.

ഇന്ത്യന്‍ താരങ്ങളുടെ സെലക്ഷനില്‍ ഇഷ്ഫാഖ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്ന് ഇടയ്ക്ക് ആരോപണം ഉയര്‍ന്നിരുന്നു. ക്ലബ് വിട്ടുപോയ ചിലരാണ് ഇത്തരത്തില്‍ ആരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍ മാനേജ്‌മെന്റ് ഇഷ്ഫാഖിനൊപ്പം ഉറച്ചുനിന്നു.

 

Related Articles

Back to top button