Football

മെസിയുടെ വൈറല്‍ ലിപ് ലോക്ക്; മെസിക്കു പ്രേമം ഫുട്ബോളിനോടോ ഭാര്യയോടോ … ?

അര്‍ജന്റൈന്‍ സൂപ്പര്‍ ഫുട്ബോളര്‍ ലയണല്‍ മെസിക്ക് പ്രേമം ഫുട്ബോളിനോടോ ഭാര്യയോടോ… ? ഫുട്ബോളിനോട് എന്നായിരിക്കും കാല്‍പ്പന്ത് പ്രേമികള്‍ ഒന്നടങ്കം പറയുക. എന്നാല്‍, അല്ല, മെസിക്ക് ഭാര്യകഴിഞ്ഞേ എല്ലാം ഉള്ളൂ… മെസിയോടും ഫുട്ബോളിനോടും അര്‍ജന്റീനയോടുമുള്ള ആരാധക പ്രേമം മലയാളക്കരയിലും കുറവല്ല. ഖത്തര്‍ ലോകകപ്പിലേക്ക് രണ്ട് ആഴ്ച മാത്രം ശേഷിക്കേ ലയണല്‍ മെസിയുടെ കട്ടൗട്ടുകള്‍ കേരളക്കരയിലും ഉയര്‍ന്നു തുടങ്ങിക്കഴിഞ്ഞു.

ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോളില്‍ പിഎസ്ജിയുടെ താരമായ മെസിക്ക് പരിക്കേറ്റത് ആരാധകരില്‍ ചെറിയ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. പരിക്കുള്ളതിനാല്‍ ലോറിയന്റിന് എതിരായ പിഎസ്ജിയുടെ മത്സരത്തില്‍നിന്ന് മെസി വിട്ടുനില്‍ക്കുകയാണ്.

മെസിയുടെ ഒരു ലിപ് ലോക്ക് വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. എല്‍ ഷിരിന്‍ഗ്വിറ്റൊ ടിവിയാണ് മെസിയുടെയും ഭാര്യ അന്റോണെല്ല റൊക്കൂസോയുടെയും ലിപ് ലോക്ക് പുറത്തുവിട്ടത്. 2020ല്‍ മെസി സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണയില്‍ ആയിരിക്കുമ്പോള്‍ ഉള്ള വീഡിയോ ആണിത്.

മെസിക്ക് ഫുട്ബോളിനേക്കാള്‍ പ്രേമം ഭാര്യയും പ്രണയിനിയുമായ അന്റോണെല്ലയോടാണെന്നതാണ് വാസ്തവം. 2000ല്‍ തന്റെ 13-ാം വയസില്‍ അര്‍ജന്റീനയില്‍ നിന്ന് സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയുടെ യൂത്ത് സിസ്റ്റം ആയ ലാ മാസിയയില്‍ എത്തിയതാണ് ലയണല്‍ മെസി. എന്നാല്‍, മെസിക്ക് അന്ന് അര്‍ജന്റീന വിട്ട് പോരാന്‍ മനസ് ഇല്ലായിരുന്നു. കാരണം, അന്റോണെല്ലയോടുള്ള പ്രേമംതന്നെ. എന്നാല്‍, ആരോഗ്യപ്രശ്നം ഉള്‍പ്പെടെയുള്ള മെസിയെ ബാഴ്സലോണ ഏറ്റെടുക്കും എന്ന ഒറ്റക്കാരണംകൊണ്ട് മാതാപിതാക്കള്‍ കുഞ്ഞു മെസിയെയുമായി സ്പെയിനിലേക്ക് പറന്നു. ആ പറക്കല്‍ ചരിത്രത്തിന്റെ ഭാഗമായി എന്നത് മറ്റൊരു കഥ.

13-ാം വയസില്‍ സ്പെയിനിലേക്ക് പറിച്ചുനടപ്പെട്ടെങ്കിലും അന്റോണെല്ലയുമായുള്ള മെസിയുടെ പ്രേമത്തിന് ഇളക്കം തട്ടിയില്ല. 2009ല്‍ മെസി അക്കാര്യം ലോകത്തെ അറിയിച്ചു, താന്‍ അന്റോണെല്ലയുമായി ഡേറ്റിംഗില്‍ ആണെന്ന്. മെസിയുടെ ആദ്യ ക്ലബ്ബായ നെവെല്ലെസ് ഓള്‍ഡ് ബോയ്സിലെ സഹതാരമായ ലൂകാസ് സ്‌കാഗിലയുടെ സഹോദരിയാണ് അന്റോണെല്ല. കൗമാരത്തിലേക്ക് കാലെടുത്തുവച്ച മെസി ആദ്യമൊന്നും പ്രേമം വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍, അന്റോണെല്ലയെ കാണാനായി എല്ലാദിവസവും ലൂകാസ് സ്‌കാഗിലയുടെ വീട്ടില്‍ മെസി ചെല്ലുമായിരുന്നു.

കോളജ് വിദ്യാഭ്യാസത്തിനുശേഷം അന്റോണെല്ലയും സ്പെയ്നിലേക്ക് ചേക്കേറി. മെസിയും അന്റോണെല്ലയും ഒമ്പത് വര്‍ഷം ഒന്നിച്ച് ജീവിച്ചശേഷം 2017 ജൂണ്‍ 30ന് ഔദ്യോഗികമായി വിവാഹം കഴിച്ചു. സ്വദേശമായ റൊസാരിയൊയില്‍ ആയിരുന്നു ചടങ്ങ്. അതേവര്‍ഷം ഉറുഗ്വെന്‍ താരം ലൂയിസ് സുവാരസിന്റെ ഭാര്യ, സോഫിയ ബാല്‍ബിയുമായി ചേര്‍ന്ന് അന്റോണെല്ല ബാഴ്സലോണയില്‍ ഒരു ബ്യൂട്ടിക് തുടങ്ങി. മെസി-അന്റോണെല്ല താര ജോഡിക്ക് തിയാഗൊ, മത്യൊ, സിറൊ മെസി എന്നിങ്ങനെ മൂന്ന് ആണ്‍മക്കളുണ്ട്.

2022 ഫിഫ ഖത്തര്‍ ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് സിയിലാണ് ലയണല്‍ മെസി നയിക്കുന്ന അര്‍ജന്റീന. സൗദി അറേബ്യ, മെക്സിക്കൊ, പോളണ്ട് എന്നീ ടീമുകളാണ് അര്‍ജന്റീനയ്ക്ക് ഒപ്പം ഗ്രൂപ്പ് സിയില്‍ ഉള്ളത്.

Related Articles

Back to top button