CricketIPL

8 ദിവസം, 3 എളുപ്പവഴി; സഞ്ജുവിനും രാജസ്ഥാനും ടോപ്പിലേക്ക് അനായാസ വഴിതുറക്കുന്നു!!

ഇത്തവണ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ അഞ്ചു മല്‍സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഏവരേക്കാളും ഒരുപടി മുന്നിലാണ്.

മറ്റുള്ളവര്‍ കിതച്ചു പാടുപെട്ടും തട്ടിതടഞ്ഞ് മുന്നോട്ടു പോകുമ്പോള്‍ ഏറെക്കുറെ സംന്തുലിതമായ രീതിയിലാണ് രാജസ്ഥാന്റെ കുതിപ്പ്. കളിച്ച അഞ്ചില്‍ ഒരിക്കല്‍ മാത്രമാണ് രാജസ്ഥാന് തോല്‍വിയുടെ കയ്പുനീര്‍ കുടിക്കേണ്ടി വന്നത്.

നെറ്റ് റണ്‍റേറ്റിലും സഞ്ജുവിന്റെ ടീമിനൊപ്പം എത്താന്‍ പോലും മറ്റൊരു ടീമുമില്ല. പ്ലസ് 1.354 ആണ് റോയല്‍സിന്റെ നെറ്റ് റണ്‍റേറ്റ്. പ്ലസ് 0.761 എന്ന വളരെ വ്യത്യാസത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് രണ്ടാം സ്ഥാനത്താണ് റണ്‍റേറ്റില്‍.

ജയിക്കുന്ന മല്‍സരങ്ങളെല്ലാം വന്‍ മാര്‍ജിനില്‍ തന്നെ എതിരാളികളെ കീഴടക്കുന്നതാണ് രാജസ്ഥാന്റെ രീതി. രാജസ്ഥാന് ഈ രീതിയില്‍ തന്നെ മുന്നേറാന്‍ സാധിച്ചാല്‍ പ്ലേഓഫിലെത്തുന്ന ആദ്യ ടീമാകാന്‍ വലിയ പാടുപെടേണ്ടി വരില്ല.

സഞ്ജുവിനെയും സംഘത്തെയും കാത്തിരിക്കുന്നത് അടുത്ത 8 ദിവസത്തിനിടയില്‍ 3 മല്‍സരങ്ങളാണ്. ഈ മൂന്ന് മല്‍സരങ്ങളും ജയിച്ചാല്‍ അവസാന നാലില്‍ ഒരു ടീമാകാന്‍ 75 ശതമാനം സാധ്യത അവര്‍ക്ക് കൈവരും. രാജസ്ഥാനെ സംബന്ധിച്ച് ഏറെ നിര്‍ണായകവും താരതമ്യേന എളുപ്പവുമാണ് ഇനിയുള്ള 3 മല്‍സരങ്ങള്‍.

ബുധനാഴ്ച്ച ലക്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് രാജസ്ഥാന്റെ എതിരാളികള്‍. ഇപ്പോഴത്തെ ഫോമില്‍ രാജസ്ഥാന് ഈ കളി ജയിക്കുക അത്ര ഭാരിച്ച ജോലിയല്ല. പിന്നെ വരുന്നത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (23), ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (27) ടീമുകളാണ്.

ഈ മൂന്നു കളികളും ജയിച്ചാല്‍ പോയിന്റ് പട്ടികയില്‍ ആദ്യ സ്ഥാനത്ത് വലിയ വ്യത്യാസത്തില്‍ നിലനില്‍ക്കാന്‍ രാജസ്ഥാന് സാധിക്കും. കഴിഞ്ഞ സീസണില്‍ നാലാം സ്ഥാനവുമായി പ്ലേഓഫിലെത്തിയ ആര്‍സിബിക്ക് കിട്ടിയ പോയിന്റ് 16 ആണ്.

അടുത്ത മൂന്ന് കളിയും ജയിച്ചാല്‍ 14 പോയിന്റോടെ സേഫ് സോണിന്റെ അടുത്തെത്തും ആര്‍ആര്‍. അതുതന്നെയാണ് കോച്ച് കുമാര്‍ സംഗക്കാരയുടെയും സഞ്ജുവിന്റെയും മനസിലുള്ളത്. പരമാവധി പോയിന്റുകള്‍ ആദ്യ കളികളില്‍ തന്നെ സ്വന്തമാക്കി അവസാന മല്‍സരങ്ങളിലെ സമ്മര്‍ദം ഒഴിവാക്കുകയെന്നത് തന്നെ.

ലീഗ് അവസാന ഘട്ടത്തിലേക്ക് അടുക്കുന്നതോടെ മല്‍സരങ്ങള്‍ കൂടുതല്‍ കടുപ്പമേറിയതാകും. അതുകൊണ്ട് തന്നെ ലീഗിന്റെ ആദ്യ ഘട്ടത്തില്‍ നേടുന്ന പോയിന്റുകളാണ് പല ടീമുകളുടെയും ഭാവി നിര്‍ണയിക്കുന്നത്.

നിലവില്‍ ഒരു കളിപോലും ജയിക്കാതെ നില്‍ക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെ സംബന്ധിച്ച് ഇനിയൊരു തിരിച്ചുവരവ് എളുപ്പമല്ല. അവരുടെ നെറ്റ് റണ്‍റേറ്റും വളരെ താഴെയാണ്. മാത്രമല്ല കാര്യമായൊരു പ്രതിരോധം പോലും തീര്‍ക്കാതെയാണ് ഡല്‍ഹി തോല്‍വി ഏറ്റുവാങ്ങുന്നതും.

Related Articles

Back to top button