FootballISL

ബ്ലാസ്‌റ്റേഴ്‌സ് കളിനിര്‍ത്തിയതിനെതിരേ ഇയാന്‍ ഹ്യൂം രംഗത്ത്!

ബെംഗളൂരു എഫ്‌സിക്കെതിരായ നോക്കൗട്ട് മല്‍സരം പാതിവഴിയില്‍ ഉപേക്ഷിച്ച് പ്രതിഷേധത്തോടെ കളംവിട്ട കേരള ബ്ലാസ്‌റ്റേഴ്‌സ് നീക്കത്തോട് വിയോജിച്ച് മുന്‍ താരം ഇയാന്‍ ഹ്യൂം. എന്തുവന്നാലും മല്‍സരം പൂര്‍ത്തിയാക്കണമെന്നായിരുന്നു താരത്തിന്റെ വാദം.

ടീമിന്റെ ഒരു സീസണ്‍ മുഴുവനായുള്ള കഷ്ടപ്പാടാണ് ടീമിനെ പ്ലേ ഓഫില്‍ എത്തിക്കുന്നത്. ആ കഷ്ടപ്പാട് ഒക്കെ ഒരൊറ്റ നിമിഷം കൊണ്ട് ഇല്ലാതാക്കരുതായിരുന്നു. പ്രതിഷേധത്തോടെ തന്നെ കളി പൂര്‍ത്തിയാക്കാമായിരുന്നു. കളിക്കു ശേഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്യാമായിരുന്നുവെന്നും അദേഹം ട്വീറ്റ് ചെയ്തു.

അതേസമയം, ഐഎസ്എല്ലിലെ റഫറിമാരുടെ നിലവാരത്തെ ക്കുറിച്ച് തനിക്ക് ഒരു മതിപ്പുമില്ലെന്നും ഹ്യൂം കൂട്ടിച്ചേര്‍ത്തു. റഫറിമാര്‍ ഒത്തിരിയധികം മെച്ചപ്പെടേണ്ടതുണ്ട്. അതിനു വിവാദം കാരണമായേക്കുമെന്നും ഹ്യൂം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഗോള്‍ അനുവദിച്ച വിഷയത്തില്‍ ചര്‍ച്ചകള്‍ ഇന്ത്യയും കടന്ന് പോയിട്ടുണ്ട്. ഈ ഗോളും ബഹിഷ്‌കരണവുമായി ലോക ഫുട്‌ബോളില്‍ തന്നെ വലിയ തോതില്‍ ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്.

വിവിധ പ്രഫഷനല്‍ ഫുട്‌ബോള്‍ മത്സരങ്ങളില്‍ ഇത്തരത്തില്‍ ഗോളുകള്‍ നേടിയതിന്റെയും റഫറി അത് അനുവദിച്ചതിന്റെയും വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

2017ല്‍ റയല്‍ മഡ്രിഡ് സെവിയ്യ മത്സരത്തില്‍ റയല്‍ താരം നാച്ചോ നേടിയ ഗോളിന്റെ വിഡിയോ സഹിതം അക്കൂട്ടത്തിലുണ്ട്. അന്ന് സെവിയ്യ താരങ്ങള്‍ പ്രതിഷേധിച്ചെങ്കിലും റഫറി ഗോള്‍ അനുവദിച്ചിരുന്നു.

സൂപ്പര്‍താരം ലയണല്‍ മെസി ഇത്തരത്തില്‍ ഗോള്‍ നേടുന്നതിന്റെയും അതിനു റഫറി കാര്‍ഡ് നല്‍കുന്നതിന്റെയും ദൃശ്യങ്ങളും വന്‍തോതില്‍ പരക്കുന്നുണ്ട്. അതേസമയം, ബ്ലാസ്റ്റേഴ്‌സിനെതിരേ അച്ചടക്ക നടപടി വരുമെന്ന് ഉറപ്പായിട്ടുണ്ട്.

കോച്ച് ഇവാന്‍ വുക്കുമനോവിച്ചിനെ കേന്ദ്രീകരിച്ചാകും അച്ചടക്ക നടപടിയെന്നാണ് സൂചന. കളിക്കാരെ തിരിച്ചു വിളിച്ചത് കോച്ചിന്റെ നിര്‍ദേശപ്രകാരം ആയിരുന്നു. ഫൈനലിനു ശേഷമേ നടപടി ഉണ്ടാകാന്‍ സാധ്യതയുള്ളൂ.

Related Articles

Back to top button