Football

ഇംഗ്ലണ്ടിനായി കളിക്കാന്‍ കഴിയാത്തതില്‍ ഹാലണ്ടിനു ദുഃഖം, കാരണം ഇതാണ്…

സ്വന്തം രാജ്യം യോഗ്യത നേടാത്തതിനാല്‍ ഫിഫ 2022 ഖത്തര്‍ ലോകകപ്പ് ഫുട്ബോള്‍ മാമാങ്കത്തിന് എത്താന്‍ സാധിക്കാത്ത സൂപ്പര്‍ താരങ്ങളില്‍ പ്രധാനിയാണ് നോര്‍വീജിയന്‍ സ്ട്രൈക്കര്‍ എര്‍ലിംഗ് ഹാലണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് 2022-23 സീസണില്‍ എത്തിയ എര്‍ലിംഗ് ഹാലണ്ട് ഇതിനോടകം തന്റെ ആരാധകരുടെ എണ്ണം കുത്തനേ ഉയര്‍ത്തി.

മാഞ്ചസ്റ്റര്‍ സിറ്റിക്കായി ആകെ 17 മത്സരങ്ങളില്‍ ഇതുവരെ ബൂട്ടണിഞ്ഞ ഈ 22 കാരന്‍ 23 ഗോളാണ് എതിര്‍ പോസ്റ്റില്‍ അടിച്ചുകൂട്ടിയത്, മൂന്ന് ഗോളിന് അസിസ്റ്റ് ചെയ്തു. ഈജിപ്തിന്റെ മുഹമ്മദ് സല, ഇറ്റലിയുടെ മാര്‍ക്കൊ വെരാട്ടി, അള്‍ജീരിയയുടെ റിയാദ് മെഹ്റെസ് തുടങ്ങിയവരും ടീം യോഗ്യത നേടാത്തത്തിനാല്‍ ഖത്തറില്‍ എത്താത്ത സൂപ്പര്‍ താരങ്ങളാണ്.

ഖത്തര്‍ ലോകകപ്പ് അരികെ എത്തിനില്‍ക്കുമ്പോള്‍ കളിക്കാന്‍ സാധിക്കാത്തതില്‍ തന്റെ ദുഃഖം എര്‍ലിംഗ് ഹാലണ്ട് വെളിപ്പെടുത്തി. യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍ ഗ്രൂപ്പ് പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്സിനും തുര്‍ക്കിക്കും പിന്നില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ നോര്‍വെയ്ക്കു സാധിച്ചുള്ളൂ. അതുകൊണ്ടാണ് ഖത്തറിലേക്ക് എര്‍ലിംഗ് ഹാലണ്ടിന് എത്താന്‍ സാധിക്കാതിരുന്നത്. എന്നാല്‍, ഇംഗ്ലണ്ടിനായി തനിക്ക് കളിക്കാനുള്ള ആഗ്രഹം ഹാലണ്ട് വെളിപ്പെടുത്തിയതാണ് ഇപ്പോള്‍ ഏറെ ശ്രദ്ധേയമായിരിക്കുന്നത്.

ഇംഗ്ലണ്ടിനായി ലോകകപ്പ് ഫുട്ബോള്‍ കളിക്കാനുള്ള അവസരം തനിക്ക് ലഭിക്കുമായിരുന്നു എന്നും അത് സാധിക്കാതിരുന്നതില്‍ നിരാശയുണ്ടെന്നുമാണ് എര്‍ലിംഗ് ഹാലണ്ടിന്റെ വെളിപ്പെടുത്തല്‍. ഹാരി കെയ്നും ഫില്‍ ഫോഡനും റഹീം സ്റ്റെര്‍ലിംഗിനുമെല്ലാം ഒപ്പം ഹാലണ്ടും ടീമില്‍ ഉണ്ടായിരുന്നെങ്കില്‍ ഇംഗ്ലണ്ട് മറ്റൊരു ലെവല്‍ ആകുമായിരുന്നു എന്നതും വാസ്തവം.

ഏതായാലും അതൊരു സ്വപ്നമായി മാത്രം കരുതാം. ഒരുപക്ഷേ, നോര്‍വെയ്ക്ക് പകരം ഇംഗ്ലീഷുകാരനായിരുന്നെങ്കില്‍ താരപ്രഭയില്‍ എര്‍ലിംഗ് ഹാലണ്ട് ഇപ്പോള്‍ ഉള്ളതിലും ഒരുപടി കൂടി മുന്നില്‍ ആയിരിക്കും എന്നതില്‍ തര്‍ക്കമില്ല. ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ബിയില്‍ വെയ്ല്‍സ്, ഇറാന്‍, യുഎസ്എ ടീമുകള്‍ക്കൊപ്പമാണ് ഇംഗ്ലണ്ട്.

2000 ജൂലൈ 21ന് ഇംഗ്ലണ്ടിലെ ലീഡ്സില്‍ ആണ് എര്‍ലിംഗ് ഹാലണ്ട് ജനിച്ചത്. പ്രീമിയര്‍ ലീഗ് ക്ലബ്ബായ ലീഡ്സ് യുണൈറ്റഡിന്റെ കളിക്കാരനായിരുന്നു എര്‍ലിംഗ് ഹാലണ്ടിന്റെ പിതാവ് ആല്‍ഫീ ഹാലണ്ട്. റൈറ്റ് ബാക്ക്, മിഡ്ഫീല്‍ഡ് പൊസിഷനുകളില്‍ കളിച്ച ആല്‍ഫീ ഹാലണ്ട് നോട്ടിംഹാം ഫോറസ്റ്റ്, ലീഡ്സ് യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി എന്നീ ഇംഗ്ലീഷ് ക്ലബ്ബുകള്‍ക്കായി കളിച്ചു. 2003ല്‍ മാഞ്ചസ്റ്റര്‍ സിറ്റിവിട്ട് നോര്‍വീജിയന്‍ ക്ലബ്ബിലേക്ക് ചേക്കേറി. അതോടെ ഹാലണ്ടിന്റെ ഇംഗ്ലണ്ട് വാസവും അവസാനിച്ചു. ഇംഗ്ലണ്ടില്‍ തന്റെ പിതാവ് കുറച്ചുനാള്‍ കൂടി തങ്ങിയിരുന്നെങ്കില്‍ ഇംഗ്ലീഷ് ദേശീയ ടീമിനായി കളിക്കാമായിരുന്നു എന്നാണ് എര്‍ലിംഗ് ഹാലണ്ട് പറഞ്ഞത്.

നോര്‍വേ ദേശീയ ടീമിനായി കളിക്കുന്നതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ട്. മൂന്ന്-നാല് വര്‍ഷം ഞാന്‍ ഇംഗ്ലണ്ടില്‍ ജീവിച്ചു. അതില്‍കൂടുതല്‍ നോര്‍വെയിലായിരുന്നു. അതുകൊണ്ട് സ്വാഭാവികമായി നോര്‍വേ ടീമില്‍ കളിക്കുന്നു. എന്റെ പിതാവ് ഇംഗ്ലണ്ടില്‍ കൂടുതല്‍ കാലം ചെലവിട്ടിരുന്നെങ്കില്‍ ഒരുപക്ഷേ, ഇംഗ്ലീഷ് ടീമിനായി കളിക്കാമായിരുന്നു-എര്‍ലിംഗ് ഹാലണ്ട് പറഞ്ഞു.

ചരിത്രത്തില്‍ നോര്‍വെ മൂന്ന് തവണ മാത്രമാണ് ഇതുവരെ ലോകകപ്പ് കളിച്ചത്. 1938, 1994, 1998 ലോകകപ്പുകളിലായിരുന്നു അത്. അതായത് എര്‍ലിംഗ് ഹാലണ്ട് ജനിക്കുന്നതിനു മുമ്പായിരുന്നു നോര്‍വെ അവസാനമായി ലോകകപ്പില്‍ മുഖം കാണിച്ചതെന്നു ചുരുക്കം. നോര്‍വെയ്ക്കായി എര്‍ലിംഗ് ഹാലണ്ട് 23 മത്സരങ്ങളില്‍ 21 ഗോള്‍ നേടിയിട്ടുണ്ട്. ആല്‍ഫീ ഹാലണ്ട് 1994 ലോകകപ്പില്‍ ഉള്‍പ്പെടെ ദേശീയ ടീമിനായി 34 മത്സരങ്ങള്‍ കളിച്ചു.

Related Articles

Back to top button