Football

മറഡോണയുടെ കൂടെ അച്ഛന്‍; മെസിയുടെ കൂടെ മകന്‍! അല്ലിസ്റ്ററിന്റെ ഫുട്‌ബോള്‍ കുടുംബ കഥ

ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയുടെ നിര്‍ണായക സാന്നിധ്യമാണ് അലക്‌സിസ് മാക് അല്ലിസ്റ്റര്‍ എന്ന 23 കാരന്‍. ക്രൊയേഷ്യക്ക് എതിരായ സെമി ഫൈനലില്‍ അര്‍ജന്റീനയുടെ മധ്യനിരയിലെ ചാലക ശക്തിയായിരുന്നു അല്ലിസ്റ്റര്‍.

ഗോളിലേക്ക് ഒരു തവണ ലക്ഷ്യം വച്ച അലക്‌സിസ് അല്ലിസ്റ്ററിന്റെ ഷോട്ട് നിര്‍ഭാഗ്യവശാലാണ് പുറത്തേക്ക് പാഞ്ഞത്. അസൂയാവഹമായ ഫുട്‌ബോള്‍ പാരമ്പര്യം ഉള്ള കുടുംബമാണ് അല്ലിസ്റ്ററിന്റേത് എന്നതാണ് വാസ്തവം. അല്ലിസ്റ്ററിന്റെ പിതാവ് അര്‍ജന്റൈന്‍ ഇതിഹാസം ഡിയേഗോ മാറഡോണയ്ക്ക് ഒപ്പം പന്തുതട്ടിയവനാണ്.

അല്ലിസ്റ്റര്‍ ഇപ്പോള്‍ മറ്റൊരു ഇതിഹാസമായ ലയണല്‍ മെസിക്ക് ഒപ്പം പന്ത് തട്ടുന്നു. ഒരു കുടുംബത്തിലെ രണ്ട് തലമുറക്കാര്‍ അതത് കാലഘട്ടത്തിലെ ഇതിഹാസങ്ങള്‍ക്ക് ഒപ്പം പന്തുതട്ടുക എന്നതിന് ഭാഗ്യത്തോടൊപ്പം പ്രതിഭയും ആവശ്യം. അതു രണ്ടും അല്ലിസ്റ്ററിന്റെ കുടുംബത്തിനുണ്ട്.

അല്ലിസ്റ്ററിന്റെ പിതാവ് കാര്‍ലോസ്, മാറഡോണ എന്ന ഇതിഹാസത്തിനൊപ്പം പന്ത് തട്ടിയെങ്കിലും 1994 ലോകകപ്പ് ടീമില്‍ ഇടംപിടിക്കാന്‍ സാധിച്ചില്ല. കാര്‍ലോസിന്റെ സഹോദരന്‍ കെവിന്‍ മാക് അല്ലിസ്റ്ററും ഫുട്‌ബോള്‍ കളിക്കാരനായിരുന്നു. മാത്രമല്ല, അല്ലിസ്റ്ററിന്റെ രണ്ട് സഹോദരന്മാരും കാല്‍പ്പന്ത് കളത്തില്‍ സജീവം.

ചേട്ടന്മാരായ ഫ്രാന്‍സിസും കെവിനും അര്‍ജന്റൈന്‍ ടോപ് ലീഗിലെ റൊസാരിയൊ സെന്‍ട്രല്‍, അര്‍ജന്റീനൊസ് ജൂണിയേഴ്‌സ് ടീമുകളില്‍ കളിക്കുന്നവര്‍. മാറഡോണ, കാര്‍ലോസ് ടെവസ്, ഹ്വാന്‍ റോമന്‍ റി ഖ്വല്‍മി തുടങ്ങിയ പ്രമുഖര്‍ പന്തുതട്ടിയ ക്ലബ്ബായ സോഷ്യല്‍ പാര്‍ക്കിലൂടെ ആയിരുന്നു അല്ലിസ്റ്ററിന്റെയും സഹോദരന്മാരുടെയും വളര്‍ച്ച. പാബ്ലൊ ഐമര്‍, റിഖ്വല്‍മി തുടങ്ങിയവരെ ആരാധിച്ചും അവരുടെ കളി കണ്ടുമാണ് വളര്‍ന്നതെന്ന് അല്ലിസ്റ്റര്‍ പറയുന്നു.

ഖത്തര്‍ ലോകകപ്പില്‍ പോളണ്ടിന് എതിരേ അല്ലിസ്റ്റര്‍ ഗോള്‍ നേടിയിരുന്നു. 2019 ഓഗസ്റ്റിലാണ് രാജ്യാന്തര അരങ്ങേറ്റം നടത്തിയത്. സഹതാരങ്ങള്‍ ‘ജിഞ്ചര്‍’ എന്നാണ് അല്ലിസ്റ്ററിനെ കളിയാക്കി വിളിക്കുന്നത്. തലമുടി, താടി, മീശ എന്നിവയുടെ നിറത്തിന്റെ പേരിലാണ് ഈ കളിയാക്കല്‍.

ഐറിഷ് വംശജന്‍ ആയതിനാലാണ് ഈ നിറവ്യത്യാസം എന്നതാണ് വാസ്തവം. അല്ലിസ്റ്ററിന് ജിഞ്ചര്‍ എന്ന വിളി ഇഷ്ടമില്ല. അതുകൊണ്ടു തന്നെ അലിസ്റ്ററിനെ അങ്ങനെ വിളിക്കരുതെന്ന് ലയണല്‍ മെസി സഹതാരങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നതും വാസ്തവം.

Related Articles

Back to top button