ISLTop Stories

ഇന്ന് ഈസ്റ്റ് ബംഗാള്‍ ജയിച്ചാല്‍ ബ്ലാസ്‌റ്റേഴ്‌സ് ഹാപ്പി!!

ചൊവ്വാഴ്ച്ച ഈസ്റ്റ് ബംഗാള്‍ ശക്തരായ മുംബൈ സിറ്റിയെ നേരിടുമ്പോള്‍ മലയാളികളുടെ പിന്തുണ തീര്‍ച്ചയായും കൊല്‍ക്കത്തക്കാര്‍ക്കൊപ്പമാകും. ഈസ്റ്റ് ബംഗാളില്‍ നിന്ന് ഞെട്ടിക്കുന്നൊരു പ്രകടനം വന്നാല്‍ അതിന്റെ നേട്ടം ഏറ്റവുമധികം ലഭിക്കുക ബ്ലാസ്റ്റേഴ്‌സിന് തന്നെയാകും. കാരണം പ്ലേഓഫിലേക്കുള്ള പോരാട്ടത്തില്‍ ആദ്യ നാലിന് പുറത്ത് ഇപ്പോള്‍ വെല്ലുവിളിയുയര്‍ത്തുന്ന ഒരേയൊരു ടീം മുംബൈ മാത്രമാണ്. മുംബൈ കൂടുതല്‍ കളികള്‍ തോറ്റാല്‍ കാര്യമായ ടെന്‍ഷനില്ലാതെ ബ്ലാസ്‌റ്റേഴ്‌സിന് പ്ലേഓഫിലെത്താം. പോയിന്റ് പട്ടികയില്‍ ആദ്യ നാലിലുള്ള ടീമുകളില്‍ ആദ്യത്തെ മൂന്നുപേരും ഏറെക്കുറെ പ്ലേഓഫ് ഉറപ്പിച്ചിട്ടുണ്ട്. ശേഷിക്കുന്ന ഒരു സ്ഥാനത്തിനായി രംഗത്തുള്ളത് ബ്ലാസ്റ്റേഴ്‌സും മുംബൈയുമാണെന്ന് പറയാം. ബെംഗളൂരുവിന് കണക്കുകളില്‍ ഇപ്പോഴും നേരിയ സാധ്യതയുണ്ടെങ്കിലും അത് വളരെ വിദൂരത്താണ്.

മുംബൈയ്ക്ക് ഇനിയുള്ളത് നാലു മത്സരങ്ങളാണ്. അതിലൊന്ന് കേരള ബ്ലാസ്റ്റേഴ്‌സിനെതിരേയാണ്. മറ്റേതു മത്സരത്തിലെ റിസല്‍ട്ടും അനുകൂലമായില്ലെങ്കിലും ഈ മത്സരം ജയിക്കേണ്ടത് ബ്ലാസ്റ്റേഴ്‌സിന് അനിവാര്യതയാണ്. മാര്‍ച്ച് രണ്ടിലെ ഈ മത്സരം ബ്ലാസ്റ്റേഴ്‌സ് ജയിക്കുന്നതിനൊപ്പം മറ്റൊരു മത്സരം കൂടി മുംബൈ തോറ്റാല്‍ ഒരുപ്രശ്‌നവുമില്ലാതെ ബ്ലാസ്റ്റേഴ്‌സിന് സെമിയിലെത്താം. ഇപ്പോഴത്തെ ഫോമില്‍ ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് വലിയ ടെന്‍ഷന്റെ ആവശ്യമില്ല. അത്ര മനോഹരമായ ഫുട്‌ബോളാണ് നമ്മള്‍ കളിക്കുന്നത്. നിര്‍ഭാഗ്യം കൊണ്ട് സമനിലയിലായെന്നത് ഒഴിച്ചാല്‍ എടികെയ്‌ക്കെതിരേ കളംനിറഞ്ഞ് കളിച്ചത് ബ്ലാസ്‌റ്റേഴ്‌സിന്റെ ചുണക്കുട്ടികള്‍ തന്നെയാണ്.

ഷീല്‍ഡ് ജേതാക്കളായി എഎഫ്‌സി ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടുകയെന്ന സ്വപ്‌നം ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം അസ്തമിച്ചിട്ടുണ്ട്. ഹൈദരാബാദ്, എടികെ, ജെംഷഡ്പൂര്‍ ടീമുകളിലൊന്നാകും ഷീല്‍ഡ് ജേതാക്കളാകാന്‍ സാധ്യത കൂടുതല്‍. ഇടയ്ക്കുവച്ച് പിടികൂടിയ കോവിഡാണ് ലീഗ് ഘട്ട ജേതാക്കളെന്ന സ്വപ്‌നത്തില്‍ നിന്ന് ഇവാന്‍ വുക്കുമനോവിച്ചിനെയും സംഘത്തെയും അകറ്റിയതെന്ന് നിസംശയം പറയാം. എങ്കിലും മനോഹര ഫുട്‌േേബാള്‍ കളിച്ച് മുന്നേറുന്ന ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ മനം ഇതിനകം തന്നെ നിറച്ചിരിക്കുന്നു.

Related Articles

Leave a Reply

Back to top button