Cricket

തട്ടിപ്പുമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്? ഗ്രീനിനെ തിരുകി കയറ്റാന്‍ ഗോള്‍ഫ് നാടകം!!

ഗോള്‍ഫ് കളിച്ച് ജോഷ് ഇന്‍ഗ്ലിസിന് പരിക്കേറ്റെന്ന് പറഞ്ഞപ്പോള്‍ ആരാധകര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ ചെറിയ പരിക്കിന് ഇന്‍ഗ്ലിസിന് ലോകകപ്പ് തന്നെ നഷ്ടമാകുമെന്ന വാര്‍ത്ത കേട്ടപ്പോള്‍ ആരാധകരും ഇപ്പോള്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ്. തകര്‍പ്പന്‍ ഫോമിലുള്ള കാമറൂണ്‍ ഗ്രീനിനെ ടീമില്‍ തിരുകി കയറ്റാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ പരിക്കെന്നാണ് ലഭിക്കുന്ന വിവരം.

ഇന്ത്യയ്‌ക്കെതിരായ പരമ്പരയ്ക്കു മുമ്പേ ഓസ്‌ട്രേലിയ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചിരുന്നു. ടീം പ്രഖ്യാപനത്തിനു ശേഷം നടന്ന പരമ്പരയില്‍ ഗ്രീന്‍ തകര്‍പ്പന്‍ പ്രകടനമാണ് ബാറ്റുകൊണ്ടും പന്തുകൊണ്ടും നടത്തിയത്. ഇന്‍ഗ്ലിസാകട്ടെ ഇന്ത്യയ്‌ക്കെതിരേയും വലിയ ഫോമിലായിരുന്നില്ല. ഇന്നലെയാണ് ഗോള്‍ഫ് കളിക്കുന്നതിനിടെ ഇന്‍ഗ്ലിസിന് പരിക്കേറ്റെന്ന വാര്‍ത്ത പുറത്തു വരുന്നത്.

ടീം ക്യാംപില്‍ നിന്നും ഒഴിവു സമയം കിട്ടിയപ്പോള്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഗോള്‍ഫ് കളിക്കാന്‍ പോയതായിരുന്നു താരം. കളിക്കിടെ ഷോട്ട് എടുക്കാന്‍ ശ്രമിക്കവെ ഗോള്‍ഫ് സ്റ്റിക് ഒടിഞ്ഞ് കൈയില്‍ മുറിവു ഉണ്ടാകുകയായിരുന്നു. കൈയിലെ മുറിവില്‍ നിന്നും ചോര വന്നയുടനെ താരത്തിന് പ്രാഥമിക ശ്രുശ്രൂക്ഷ നല്‍കി.

ടീം മാനേജ്മെന്റിന്റെ അനുമതി ഇല്ലാതെയാണ് താരം ഗോള്‍ഫ് കോഴ്സില്‍ പോയതെന്നാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്വന്തം ടീമിന് വേണ്ടി ഒരാളെ ബലിയാടാക്കുകയായിരുന്നു ക്രിക്കറ്റ് ഓസ്‌ട്രേലിയയെന്നാണ് മറ്റ് ടീമുകളുടെ ആരാധകര്‍ ഉന്നയിക്കുന്ന ആരോപണം.

Related Articles

Back to top button