Cricket

ജഡേജയുമായോ അവന്റെ ഭാര്യയുമായോ എനിക്ക് യാതൊരു ബന്ധവുമില്ല!! തുറന്നടിച്ച് താരത്തിന്റെ പിതാവ്

ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പിതാവ് അനിരുദ്ധ് സിംഗ് നടത്തിയ തുറന്നു പറച്ചില്‍ വിവാദത്തില്‍.

മകനും മകന്റെ ഭാര്യ റിവാബയുമായും താന്‍ അത്ര നല്ല ബന്ധത്തിലല്ലെന്നാണ് അനിരുദ്ധ് സിംഗ് തുറന്നടിച്ചിരിക്കുന്നത്.

ജഡേജയുടെ കല്യാണം കഴിഞ്ഞതു മുതലാണ് താനുമായുള്ള ബന്ധം മോശമായതെന്നും അനിരുദ്ധ് വെളിപ്പെടുത്തി.

2016 ഫെബ്രുവരിയിലായിരുന്നു മെക്കാനിക്കല്‍ എഞ്ചിനീയറായ റിവാബയെ ജഡേജ വിവാഹം കഴിക്കുന്നത്. രാജ്‌കോട്ടില്‍ വച്ചായിരുന്നു പ്രൗഢഗംഭീരമായ വിവാഹച്ചടങ്ങുകള്‍ നടന്നത്.

ജഡേജയുടെ ഭാര്യ റിവാബ തന്റെ കുടുംബത്തില്‍ വിള്ളലുകള്‍ വീഴ്ത്തിയെന്നും അനിരുദ്ധ് സിംഗ് ആരോപിക്കുന്നു.

അനിരുദ്ധ് സിംഗിന്റെ വാക്കുകള്‍ ഇങ്ങനെ.” ഒരു സത്യം എന്നില്‍ നിന്ന് നിങ്ങള്‍ക്കറിയണോ ? രവീന്ദ്ര ജഡേജയും അവന്റെ ഭാര്യ റിവാബയുമായും എനിക്ക് യാതൊരു ബന്ധവുമില്ല. ഞാന്‍ അവരെ വിളിക്കാറില്ല. അതുപോലെ അവരെന്നെയും വിളിക്കാറില്ല. അവരുടെ കല്യാണം കഴിഞ്ഞ് ഒന്നോ രണ്ടോ മാസത്തിനുള്ളിലാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

നിലവില്‍ ജാംനഗറില്‍ ഞാനൊറ്റയ്ക്കാണ് താമസിക്കുന്നത്. രവീന്ദ്ര അവന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു ബംഗ്ലാവില്‍ ഭാര്യയോടൊപ്പം അതേ നഗരത്തില്‍ തന്നെ താമസിക്കുന്നു. പക്ഷെ എനിക്ക് അവനെ കാണാന്‍ കിട്ടാറില്ല. അവന്റെ ഭാര്യ എന്ത് മന്ത്രവാദമാണ് അവനില്‍ ചെയ്തതെന്ന് എനിക്കിപ്പോഴും അറിയില്ല. ദിവ്യ ഭാസ്‌കറിന് നല്‍കിയ അഭിമുഖത്തില്‍ ജഡേജയുടെ പിതാവ് പറഞ്ഞു.

” അവന്‍ എന്റെ മകനാണ്, അതെന്റെ ഹൃദയം എരിക്കുന്നു. അവനെ വിവാഹം കഴിക്കാന്‍ അനുവദിക്കരുതായിരുന്നു എന്ന് എനിക്കിപ്പോള്‍ തോന്നുന്നു. അവന്‍ ഒരു ക്രിക്കറ്റര്‍ ആയില്ലായിരുന്നെങ്കില്‍ ഇതിലും നല്ല ഒരു മനുഷ്യനാവുമായിരുന്നു. അങ്ങനെയെങ്കില്‍ ഈയൊരവസ്ഥയിലൂടെ എനിക്ക് കടന്നു പോവേണ്ടി വരുമായിരുന്നില്ല.” അനിരുദ്ധ് പറയുന്നു.

രാജ്‌കോട്ടില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ പരിക്കിനെ തുടര്‍ന്ന് രവീന്ദ്ര ജഡേജ കളിക്കില്ലെന്നാണ് വിവരം. താരത്തെക്കുറിച്ച് ഇത്തരമൊരു പരാമര്‍ശവുമായി സ്വന്തം പിതാവ് തന്നെ രംഗത്തെത്തിയത് ആരാധകരില്‍ ആകെ അമ്പരപ്പുണ്ടാക്കിയിരിക്കുകയാണ്.

Related Articles

Back to top button