Cricket

കങ്കാരുക്കളെ നേരിടാന്‍ ‘നെറ്റ്’ ബൗളര്‍മാരെ നിയോഗിച്ച് ടീം ഇന്ത്യ!

ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ വലിയ തോതില്‍ മുന്നൊരുക്കങ്ങളുമായി ടീം ഇന്ത്യ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്താന്‍ മികച്ച വിജയം വേണ്ട ടീം ഇന്ത്യ രണ്ടും കല്പിച്ചാണ് ഓസ്‌ട്രേലിയയെ നേരിടുന്നത്.

ഇന്ത്യയിലേക്ക് വരുന്നതിന് മുമ്പ് ഒരു മാസത്തോളം കഠിന പരിശീലനം നടത്തിയാണ് ഓസീസ് എത്തുന്നത്. ഇന്ത്യന്‍ സൂപ്പര്‍ സ്പിന്നര്‍ ആര്‍. അശ്വിന്റെ ഡ്യൂപ്പിനെ വരെ ക്യാംപിലെത്തിച്ചാണ് കങ്കാരുക്കളുടെ പരിശീലനം.

മാത്രമല്ല, വിള്ളല്‍ വീണ ഇന്ത്യന്‍ സാഹചര്യമുള്ള പിച്ച് കൃത്രിമമായി ഉണ്ടാക്കിയെടുത്തും അവര്‍ പരിശീലനം നടത്തുന്നുണ്ട്. ടീം ഇന്ത്യയെ നേരിടാന്‍ കൃത്യമായ നീക്കങ്ങളാണ് കങ്കാരുക്കള്‍ നടത്തുന്നതെന്ന് വ്യക്തം. ഇന്ത്യയും കഠിന പരിശീലനത്തില്‍ തന്നെയാണ്. സൂപ്പര്‍ താരം റിഷാഭ് പന്തിന്റെ അഭാവം ടീമിനെ വലിയ രീതിയില്‍ ബാധിച്ചേക്കും.

ഇന്ത്യന്‍ ടീം പരിശീലന സെഷനില്‍ വലിയൊരു നീക്കം നടത്തിയിരിക്കുകയാണ് ഇപ്പോള്‍. നെറ്റ് ബൗളര്‍മാരായി വാഷിംഗ്ടണ്‍ സുന്ദര്‍, സായ് കിഷോര്‍, രാഹുല്‍ ചഹാര്‍, സൗരവ് കുമാര്‍, ജയന്ത് യാദവ്, പുല്‍കിത് നാരംഗ് എന്നിവരെ ക്യാംപിലേക്ക് എത്തിച്ചിരിക്കുകയാണ് ബിസിസിഐ.

ഇന്ത്യന്‍ പിച്ചുകളില്‍ സ്പിന്നര്‍മാരാകും കളിയുടെ ഗതി നിശ്ചയിക്കുകയെന്ന് ഉറപ്പുള്ളതിനാല്‍ ഇന്ത്യയും മുന്നൊരുക്കങ്ങളില്‍ യാതൊരു വിട്ടുവീഴ്ച്ചയും നടത്തുന്നില്ല. ഓസീസ് സ്പിന്നര്‍മാരെ സമര്‍ത്ഥമായി തടയാനായാല്‍ 4 ടെസ്റ്റ് പരമ്പര നേടാമെന്ന പ്രതീക്ഷയില്‍ തന്നെയാണ് രോഹിത് ശര്‍മയും സംഘവും.

ഫെബ്രുവരി ഒന്‍പതിന് നാഗ്പൂരിലാണ് ആദ്യ ടെസ്റ്റ്. ആദ്യ ദിനം മുതല്‍ കുത്തിതിരിയുന്ന പിച്ചാണ് നാഗ്പൂരിലേത്. ഡെല്‍ഹി, ധര്‍മശാല, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് അവശേഷിക്കുന്ന മല്‍സരങ്ങള്‍.

Related Articles

Back to top button