Cricket

അങ്ങനെയാണ് ഞങ്ങള്‍ തോറ്റത് !! ചെന്നൈയ്‌ക്കെതിരായ തോല്‍വിയുടെ കാരണം വിശദീകരിച്ച് സഞ്ജു സാംസണ്‍

ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ ചെന്നൈ സൂപ്പര്‍ കിംഗ്്‌സ് അഞ്ചു വിക്കറ്റിനു തോല്‍പിച്ചിരുന്നു.

ചെന്നൈയുടെ തട്ടകമായ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന് നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ 18.2 ഓവറില്‍ അഞ്ചു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.

തോല്‍വിക്ക് പിന്നാലെ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ പ്രതികരിക്കുകയും ചെയ്തു.”പവര്‍ പ്ലേയ്ക്കുശേഷം മത്സരം അല്പം മന്ദഗതിയില്‍ ആയിരുന്നു. പവര്‍ പ്ലേ കഴിഞ്ഞതിനുശേഷം ഞങ്ങള്‍ പ്രതീക്ഷിച്ച സ്‌കോര്‍ 170 ആയിരുന്നു. എന്നാല്‍ ഞങ്ങള്‍ക്ക് 20-25 റണ്‍സ് കുറവായിരുന്നു,’ സഞ്ജു മത്സരശേഷം പറഞ്ഞു.

ചെന്നൈയ്ക്ക് വേണ്ടി മൂന്നു വിക്കറ്റ് വീഴ്ത്തിയ സിമര്‍ജീത് സിംഗിനെ സഞ്ജു അഭിനന്ദിക്കുകയും ചെയ്തു.

‘സിമര്‍ജീത് ചെന്നൈയ്ക്ക് വേണ്ടി നന്നായി പന്തെറിഞ്ഞു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുന്നതാണ് മികച്ച ഓപ്ഷന്‍ എന്നാണ് ഞങ്ങള്‍ കരുതിയത്. എന്നാല്‍ ഇവിടെ എങ്ങനെയാണ് കളിക്കേണ്ടത് എന്ന് ചെന്നൈയ്ക്ക് കൃത്യമായി ധാരണയുണ്ടായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ വേഗത കുറവായിരുന്നു.

വേനല്‍ക്കാലമായതിനാല്‍ ചേസിംഗ് നടത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ചൂട് കൂടുമെന്ന് ഞങ്ങള്‍ കരുതി. പ്ലേ ഓഫ് ലേക്ക് യോഗ്യത നേടുന്നതിനെക്കുറിച്ചാണ് ഞങ്ങള്‍ ചിന്തിക്കുന്നത്. ആദ്യം ഞങ്ങളുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.

എന്റെ ടീം അംഗങ്ങളോട് ഈ കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. മത്സരങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അടുത്ത മത്സരം വിജയിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യണം,’ രാജസ്ഥാന്‍ നായകന്‍ കൂട്ടിച്ചേര്‍ത്തു.

ചെന്നൈയോടു പരാജയപ്പെട്ടെങ്കിലും 12 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയവും നാല് തോല്‍വിയും അടക്കം 16 പോയിന്റുമായി രാജസ്ഥാന്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.

മെയ് 15ന് പഞ്ചാബ് കിങ്സിനെതിരെയും മെയ് 19ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേയും ആണ് രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത മത്സരങ്ങള്‍.

ഇതില്‍ ഏതെങ്കിലും ഒരു മത്സരം വിജയിക്കാന്‍ രാജസ്ഥാന് സാധിച്ചാല്‍ പ്ലേ ഓഫിലേക്ക് മുന്നേറാന്‍ സഞ്ജുവിന് കൂട്ടര്‍ക്കും സാധിക്കും.

ചെന്നൈ, ലഖ്‌നൗ എന്നീ ടീമുകളിലേതെങ്കിലുമൊന്ന് ഇനിയുള്ള അവരുടെ മത്സരങ്ങളിലൊന്നില്‍ പരാജയപ്പെട്ടാലും രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പിക്കാം.

Related Articles

Back to top button