Cricket

സിക്‌സറടിച്ച് മല്‍സരം ജയിപ്പിച്ച് സഞ്ജു; കിവികള്‍ക്കു മേല്‍ സമ്പൂര്‍ണ ആധിപത്യം

ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യന്‍ ടീമിനായി സഞ്ജു സാംസാണിന് ജയത്തോടെ അരങ്ങേറ്റം. ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഏഴുവിക്കറ്റിനാണ് ഇന്ത്യന്‍ ജയം. 168 റണ്‍സിന്റെ വിജയലക്ഷ്യം 31.5 ഓവറില്‍ ഇന്ത്യ എ മറികടന്നു. സഞ്ജു സിക്‌സര്‍ അടിച്ചാണ് വിജയറണ്‍ നേടിയത്. 32 പന്തില്‍ മൂന്നു സിക്‌സറടക്കം 29 റണ്‍സുമായി സഞ്ജു പുറത്താകാതെ നിന്നു.

പൃഥ്വി ഷാ (17), റിതുരാജ് ഗെയ്ക്ക്‌വാദ് (41), രാഹുല്‍ ത്രിപാദി (31), രജത് പട്ടിഡാര്‍ (45) എന്നിവര്‍ ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്തി. തുടക്കം മുതല്‍ ഇന്ത്യയുടെ നിയന്ത്രണത്തിലായിരുന്നു മല്‍സരം. ഒരിക്കല്‍പ്പോലും കിവി ബൗളര്‍മാര്‍ക്ക് ആധിപത്യം നേടാനായില്ല.

നേരത്തെ സഞ്ജുവിന്റെ ക്യാപ്റ്റന്‍സി മികവില്‍ സന്ദര്‍ശകര്‍ വെറും 167 റണ്‍സിന് ഓള്‍ഔട്ടായി. 4 വിക്കറ്റെടുത്ത ശാര്‍ദുല്‍ താക്കൂറും 3 വിക്കറ്റെടുത്ത കുല്‍ദീപ് സെന്നുമാണ് കിവികളെ തകര്‍ത്തത്. ടോസ് നേടി തന്ത്രപൂര്‍വം ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു സഞ്ജുവിലെ ക്യാപ്റ്റന്‍. തുടക്കം മുതല്‍ തന്റെ സ്‌ട്രൈക്ക് ബൗളര്‍മാരെ സമര്‍ത്ഥമായി ഉപയോഗിക്കാന്‍ സഞ്ജുവിനായി. സ്പിന്നര്‍മാരെ ഉപയോഗിച്ച് ബാറ്റ്‌സ്മാന്മാരെ തളയ്ക്കുകയെന്ന തന്ത്രം മാറ്റി പേസര്‍മാരെയാണ് സഞ്ജു ഈ ദൗത്യത്തിന് നിയോഗിച്ചത്.

താക്കൂര്‍-സെന്‍ കോംബോയ്ക്ക് മുന്നില്‍ കിവികളുടെ തുടക്കം പാളി. എട്ടോവര്‍ പിന്നിടും മുമ്പേ ആദ്യത്തെ അഞ്ച് വിക്കറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. മധ്യനിരയില്‍ മൈക്കിള്‍ റിപ്പണ്‍ നേടിയ 61 റണ്‍സാണ് അവരെ വലിയ കുഴപ്പത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. മുമ്പ് നെതര്‍ലന്‍ഡ്‌സ് താരമായിരുന്നു റിപ്പണ്‍. ഈ പരമ്പരയോടെയാണ് താരം കിവീസ് ടീമിലേക്ക് എത്തുന്നത്.

Related Articles

Back to top button