Cricket

കങ്കാരുക്കളുടെ ബെസ്റ്റ് ടൈം! ഇംഗ്ലണ്ടിന്റെ കാര്യം കട്ടപ്പുറത്ത്!!

ഇംഗ്ലണ്ടിനെ അയര്‍ലന്‍ഡ് 5 റണ്‍സിന് തകര്‍ത്തു വിട്ടപ്പോള്‍ സന്തോഷമേറെയും ഓസ്‌ട്രേലിയയ്ക്കാണ്. ഗ്രൂപ്പ് ഒന്നില്‍ ഓസ്‌ട്രേലിയയുടെ സാധ്യത മങ്ങി നില്‍ക്കുമ്പോഴാണ് ഇംഗ്ലണ്ടിന്റെ അപ്രതീക്ഷിത തോല്‍വി വരുന്നത്. പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണെങ്കിലും ഇനി ജയം മറ്റു ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിക്കാതെ ജയിച്ചാല്‍ സെമിയിലെത്താമെന്ന അവസ്ഥയിലായി ആരോണ്‍ ഫിഞ്ചിന്റെ സംഘം.

ഇംഗ്ലണ്ട് അപരാജിതരായി മുന്നോട്ടു പോകുമ്പോള്‍ ആകെ ഒരു സ്‌പോട്ട് മാത്രമേ മറ്റ് ടീമുകള്‍ക്ക് ഗ്രൂപ്പ് ഒന്നില്‍ സെമിയിലേക്ക് ഉണ്ടായിരുന്നുള്ളൂ. ഇംഗ്ലണ്ട് തോറ്റതോടെ എല്ലാ ടീമുകള്‍ക്കും തുല്യ സാധ്യതയായി. ആര്‍ക്കു വേണമെങ്കിലും സെമിയിലേക്ക് കടക്കാമെന്ന അവസ്ഥയിലായി കാര്യങ്ങള്‍.

ഓസ്‌ട്രേലിയ അടുത്ത കളിയില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചാല്‍ ഇംഗ്ലണ്ടിന്റെ സെമി ചിലപ്പോള്‍ കൈയ്യാലപ്പുറത്താകും. മറ്റൊരു കാര്യമുള്ളത് താരതമ്യേന എളുപ്പമുള്ള രണ്ട് എതിരാളികളുമായും ഇംഗ്ലണ്ടിന്റെ കളി കഴിഞ്ഞുവെന്നതാണ്. ഇനി ന്യൂസിലന്‍ഡ്, ഓസീസ്, ശ്രീലങ്ക എന്നിവരുമായാണ് ജോസ് ബട്‌ലറിന്റെയും സംഘത്തിന്റെയും കളി.

ഒരൊറ്റ മല്‍സരത്തിലെ തോല്‍വിയോടെ ഇംഗ്ലണ്ട് വറചട്ടിയിലായെന്ന് പറയാം. നെറ്റ് റണ്‍റേറ്റിന്റെ കാര്യത്തില്‍ പോലും അവര്‍ പിന്നിലാണ്. പോയിന്റ് പട്ടികയില്‍ നാലാമതുള്ള ഇംഗ്ലണ്ടിന്റെ നെറ്റ് റണ്‍റേറ്റ് -1.124 ആണ്. ഓസ്‌ട്രേലിയ തൊട്ടുപിന്നിലുണ്ട് -1.555.

ചാമ്പ്യന്മാരാകുമെന്ന് ഏവരും പ്രതീക്ഷിക്കപ്പെട്ട ഇംഗ്ലണ്ടിന്റെ ഈ അവസ്ഥ അപ്രതീക്ഷിതമെന്ന് പറയാം. പാക്കിസ്ഥാനില്‍ പോയി അവരെ തോല്‍പ്പിച്ച് വന്ന ഇംഗ്ലണ്ട് പരിശീലന മല്‍സരങ്ങളിലും മികച്ച ഫോമിലായിരുന്നു. എന്തായാലും ഗ്രൂപ്പ് ഒന്നില്‍ എന്തു വേണമെങ്കിലും സംഭവിക്കാം.

Related Articles

Back to top button