Cricket

വനിതാ ക്രിക്കറ്റിലെ ഏറ്റവും വേഗയേറിയ പന്തെറിഞ്ഞ് ലോക റെക്കോഡിട്ട് മുംബൈ ഇന്ത്യന്‍സ് താരം!! വെടിക്കെട്ട് ബാറ്റിംഗുമായി സജന

വനിതാ പ്രീമിയര്‍ ലീഗില്‍ ലോക റെക്കോഡ് നേട്ടവുമായി ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഷബ്‌നിം ഇസ്മയില്‍. വനിതാ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞാണ് മുംബൈ ഇന്ത്യന്‍സ് താരമായ ഷബ്‌നിം ഏവരെയും ഞെട്ടിച്ചത്.

കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ഷബ്‌നിം 132.1 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞാണ് ഇസ്മയിലിന്റെ റെക്കോഡ്.

കഴിഞ്ഞ ഐപിഎല്ലില്‍ ഓസ്‌ട്രേലിയന്‍ താരം എല്ലിസ് പെറി ആര്‍സിബിയ്ക്കായി യുപി വാരിയേഴ്‌സിനെതിരേ എറിഞ്ഞ 130.5 കിലോമീറ്ററായിരുന്നു വനിതാ ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ പന്ത്.

ഷബ്‌നം തന്നെ ഈ ഐപിഎല്ലില്‍ 128.3 കിലോ മീറ്റര്‍ വേഗത്തിലെറിഞ്ഞിരുന്നെങ്കിലും 130 കടന്നത് ആദ്യമായാണ്. 161.3 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞ പാക്കിസ്ഥാന്‍ മുന്‍ പേസ് എക്‌സ്പ്രസ് ഷൊയ്ബ് അക്തറിന്റെ പേരിലാണ് പുരുഷ ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ പന്തിന്റെ റെക്കോഡ്.


വേഗതയേറിയ പന്തെറിഞ്ഞെങ്കിലും നാലോവറില്‍ ഷബ്‌നിം വഴങ്ങിയത് 46 റണ്‍സാണ്. മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയതും ദക്ഷിണാഫ്രിക്കന്‍ താരമാണ്. ഒരു വിക്കറ്റ് മാത്രമാണ് താരത്തിന് നേടാനായത്.

മത്സരത്തില്‍ മുംബൈ 29 റണ്‍സിന്റെ തോല്‍വി വഴങ്ങുകയും ചെയ്തു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപ്റ്റന്‍ മെഗ് ലാനിംഗിന്റെയും(53) ജെമീമ റോഡ്രിഗസിന്റെയും(33 പന്തില്‍ 69*) അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തപ്പോള്‍ മുംബൈയുടെ മറുപടി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സില്‍ ഒതുങ്ങി.

മുന്‍നിരയില്‍ ഹെയ്ലി മാത്യൂസ്(29 ) മാത്രമാണ് തിളങ്ങിയത്. വാലറ്റത്ത് 27 പന്തില്‍ 42 റണ്‍സെടുത്ത അമന്‍ജ്യോത് കൗറും 14 പന്തില്‍ 24 റണ്‍സുമായി പുറത്താകാതെ നിന്ന മലയാളി താരം സജന സജീവനുമാണ് തോല്‍വി ഭാരം കുറച്ചത്.

ഡല്‍ഹിക്കായി ജെസ് ജൊനാസന്‍ മൂന്നും മരിസാന്‍ കാപ്പ് രണ്ടും വിക്കറ്റെടുത്തു. എട്ടു പോയിന്റുമായി പട്ടികയില്‍ ഡല്‍ഹിയാണ് ഒന്നാമത്. ആറു പോയിന്റുള്ള ആര്‍സിബി റണ്‍റേറ്റിന്റെ ബലത്തില്‍ മുംബൈയെ പിന്തള്ളി രണ്ടാമതെത്തി.

Related Articles

Back to top button