Cricket

ഗാരി കിര്‍സ്റ്റനെ കോച്ചാക്കിയത് പാക്കിസ്ഥാന് ഗുണം ചെയ്യുമോ ? ചര്‍ച്ചകള്‍ ഇങ്ങനെ…

താന്‍ സഹകരിച്ചിട്ടുള്ളതില്‍ വച്ചേറ്റവും മികച്ച പരിശീലകന്‍ എന്നാണ് 2011 ലോകകപ്പില്‍ മാന്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരം നേടിയ ശേഷം യുവ് രാജ് സിംഗ് ഗാരി കിര്‍സ്റ്റനെക്കുറിച്ചു പറഞ്ഞത്.

യുവ് രാജ് മാത്രമല്ല അന്ന് ടീമിലുണ്ടായിരുന്ന സുരേഷ് റെയ്‌നയും ഹര്‍ഭജന്‍ സിംഗുമെല്ലാം കിര്‍സ്റ്റന്റെ മാനേജ്‌മെന്റ് വൈദഗ്ധ്യത്തെ മുക്തകണ്ഠം പ്രശംസിച്ചിരുന്നു. ഗ്രെഗ് ചാപ്പലിന്റെ കീഴില്‍ രണ്ടു വര്‍ഷം കൊണ്ട് ഹതാശരായ ഇന്ത്യന്‍ ടീം 2008ല്‍ കിര്‍സ്റ്റന്‍ പരിശീലകനായതോടെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയായിരുന്നു.

28 വര്‍ഷങ്ങള്‍ക്കു ശേഷം ലോകകിരീടം ഇന്ത്യയിലെത്താന്‍ സഹായിച്ച പരിശീലകനെ ഇന്ത്യന്‍ ആരാധകരും വാനോളം സ്‌നേഹിച്ചിരുന്നു. എന്നാല്‍ ലോകകപ്പ് വിജയത്തിനു പിന്നാലെ അദ്ദേഹം സ്ഥാനമൊഴിയുകയും ചെയ്തു.

പിന്നീട് രണ്ടു വര്‍ഷം സ്വന്തം രാജ്യമായ ദക്ഷിണാഫ്രിക്കയെ പരിശീലിപ്പിച്ചെങ്കിലും അവര്‍ക്ക് കിരീടമൊന്നും നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനായില്ല.

പിന്നീട് ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ശ്രദ്ധ നല്‍കിയ കിര്‍സ്റ്റന്‍ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ മെന്ററും ബാറ്റിംഗ് കോച്ചുമായി തന്റെ മികവ് തെളിയിക്കുകയും ചെയ്തു.

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ പാക്കിസ്ഥാന്റെ പരിശീലകനായി അദ്ദേഹം നിയമിതനായത്.

ജൂണ്‍ ഒമ്പതിന് ന്യൂയോര്‍ക്കിലെ നാസോ സ്‌റ്റേഡിയത്തില്‍ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം നടക്കുമ്പോള്‍ ഇന്ത്യന്‍ കളിക്കാരുടെ തന്ത്രങ്ങള്‍ പാക്കിസ്ഥാന് പറഞ്ഞു കൊടുക്കാന്‍ പച്ച ഡഗൗട്ടില്‍ കിര്‍സ്റ്റനും ഉണ്ടാവും.

ഇതേപ്പറ്റി ആശങ്ക ഇന്ത്യന്‍ ആരാധകര്‍ക്കുമുണ്ട്. എന്നാല്‍ ഇതേപ്പറ്റി ആശങ്കപ്പെടേണ്ട ഒരു കാര്യവും ഇന്ത്യയ്ക്കില്ലെന്നാണ് കിര്‍സ്റ്റന്‍ ഇന്ത്യന്‍ കോച്ചായിരുന്ന കാലത്ത് പരിശീലക സംഘത്തിലുണ്ടായിരുന്ന പാടി ഉപ്ടണ്‍ പറയുന്നത്.

ഇന്ന് സാങ്കേതിക വിദ്യ പുരോഗമിച്ചതിനാലും ഫ്രാഞ്ചൈസി ലീഗ് കളിക്കുന്നതിനാലും എല്ലാ കളിക്കാര്‍ക്കും മറ്റു രാജ്യങ്ങളിലെ കളിക്കാരെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും അതിനാല്‍ തന്നെ കിര്‍സ്റ്റന്റെ ഉപദേശങ്ങള്‍ ഇന്ത്യയ്ക്ക് കാര്യമായ വെല്ലുവിളിയാകില്ലെന്നും ഉപ്ടണ്‍ പറയുന്നു.

തന്റെ കരിയറില്‍ കിര്‍സ്റ്റന്റെ ഉപദേശങ്ങള്‍ ഗുണം ചെയ്തിട്ടുണ്ടെന്ന് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് പറഞ്ഞിട്ടുണ്ട്.

”ഒരു കളിക്കാരന് എത്രമാത്രം പരിശീലനം ആവശ്യമാണെന്ന് നന്നായി അറിയാമായിരുന്ന പരിശീലകനായിരു കിര്‍സ്റ്റന്‍. നെറ്റ്‌സില്‍ എന്നോട് 50 ബോളുകള്‍ നേരിടാനാണ് അദ്ദേഹം പറഞ്ഞിരുന്നത്. അതേ സമയം ദ്രാവിഡിന് 200ഉം സച്ചിന് 300ഉം ഗൗതം ഗംഭീറിന് 400ഉം ബോളുകളാണ് നല്‍കിയിരുന്നത്. അതിനു ശേഷം ഹോട്ടലില്‍ പോയി വിശ്രമിക്കാന്‍ അദ്ദേഹം ഞങ്ങളോടു പറയുമായിരുന്നു.” സെവാഗ് പറയുന്നു.

ഇന്ത്യയ്ക്കു വേണ്ടി ചെയ്ത കാര്യങ്ങള്‍ കിര്‍സ്റ്റന് പാക്കിസ്ഥാനു വേണ്ടിയും ചെയ്യാനാവുമെന്ന പ്രതീക്ഷയിലാണ് പാക് ആരാധകര്‍.

എന്നാല്‍ നിരവധി അഭിപ്രായങ്ങളുള്ള പാക് ടീമിനെ ഒരുമിപ്പിച്ചു നിര്‍ത്തുക കിര്‍സ്റ്റന് വെല്ലുവിളിയായേക്കുമെന്നും ചിലര്‍ നിരീക്ഷിക്കുന്നു.

Related Articles

Back to top button