Cricket

അവന്‍ പാടിപ്പുകഴ്ത്തപ്പെടാത്ത ഹീറോയാണ് !! ലോകകപ്പില്‍ പങ്കെടുത്ത യുവതാരത്തെ വാഴ്ത്തി ഇര്‍ഫാന്‍ പത്താന്‍

നീണ്ട പതിനേഴ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ട്വന്റി20 ലോകകിരീടം ഇന്ത്യയിലേക്ക് വീണ്ടുമെത്തിയിരിക്കുകയാണ്.
2013 ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഇതാദ്യമായാണ് ഇന്ത്യ ഒരു ഐസിസി കിരീടം നേടുന്നത്.

ഈ വിജയത്തിന് പിന്നാലെ ഒന്നിലധികം തവണ ട്വന്റി20 ലോകകപ്പ് സ്വന്തമാക്കുന്ന ചരിത്രത്തിലെ മൂന്നാമത് ടീം എന്ന നേട്ടം സ്വന്തമാക്കാനും ഇന്ത്യക്കായി. ഇംഗ്ലണ്ട് (2010, 2022) വെസ്റ്റ് ഇന്‍ഡീസ് (2012, 2016) എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്.

ഈ ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തില്‍ ഏറെ നിര്‍ണായകമായ താരമാണ് വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയെയും ബുറയുടെയും അര്‍ഷ്ദീപിന്റെയും ബൗളിംഗ് പ്രകടനത്തെയും ഹാര്‍ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവിനെയെല്ലാം ആളുകള്‍ വാനോളം പ്രശംസിച്ചിരുന്നു.

വിരാട് കോഹ് ലിയുടെ ഫൈനലിലെ ഇന്നിംഗ്‌സും സൂര്യകുമാര്‍ യാദവിന്റെ ക്യാച്ചുമെല്ലാം പ്രശംസിക്കപ്പെട്ടപ്പോഴും റിഷഭ് പന്തിന്റെ പ്രകടനത്തെക്കുറിച്ച് കാര്യമായി ആരും സംസാരിച്ചില്ല. അക്ഷര്‍ പട്ടേലിനു പോലും അതിലധികം ശ്രദ്ധ ലഭിച്ചു.

എന്നാല്‍ ഇപ്പോള്‍ പന്തിനെ കുറിച്ചും താരത്തിന്റെ പ്രകടനത്തെ കുറിച്ചും തുറന്നു സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഇര്‍ഫാന്‍ പത്താന്‍. എട്ട് മത്സരത്തില്‍ നിന്നും 24.42 ശരാശരിയിലും 127.61 സ്ട്രൈക്ക് റേറ്റിലും 171 റണ്‍സാണ് താരം സ്വന്തമാക്കിയത്.

എന്നാല്‍ വിക്കറ്റിന് പിന്നിലാണ് പന്തിന്റെ മികച്ച പ്രകടനത്തിന് ക്രിക്കറ്റ് ലോകം സാക്ഷിയായത്. 13 ക്യാച്ചും ഒരു സ്റ്റംപിങ്ങുമടക്കം 14 പുറത്താക്കലുകളാണ് താരം നടത്തിയത്. ഇതിനെ കുറിച്ചാണ് ഇപ്പോള്‍ പത്താന്‍ സംസാരിക്കുന്നത്.

‘ആദ്യം തന്നെ നമുക്ക് അവന്റെ വിക്കറ്റ് കീപ്പിംഗിനെ കുറിച്ച് സംസാരിക്കാം. ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരാള്‍ക്ക് പോലും 14 ഡിസ്മിസ്സലുകള്‍ നടത്താന്‍ സാധിച്ചിട്ടില്ല. ലോകകപ്പില്‍ ഇതുവരെ ഒരു വിക്കറ്റ് കീപ്പറുടെ റെക്കോഡ് എന്നത് പത്ത് ഡിസ്മിസ്സലുകളായിരുന്നു.

ഒരു വിക്കറ്റ് കീപ്പര്‍ എന്ന നിലയില്‍ അവനെ സംബന്ധിച്ച് ഈ വേള്‍ഡ് കപ്പ് ഏറെ സ്പെഷ്യലായിരിക്കും. കാരണം അവനെടുത്ത ചില ക്യാച്ചുകളെല്ലാം തന്നെ അത്രത്തോളം മനോഹരമായിരുന്നു,’ സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ അഭിമുഖത്തില്‍ പത്താന്‍ പറഞ്ഞു.

എന്നാല്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ പന്തിനേക്കാളും ലോകകപ്പില്‍ തിളങ്ങുക സഞ്ജു സാംസണായിരുന്നു എന്ന അഭിപ്രായമുള്ളവരുമുണ്ട്.

Related Articles

Back to top button