Cricket

ആകാശത്തോളം വലിയ മനസ് !! ആരാധകരോട് സഞ്ജുവിന്റെ പേരെടുത്തു വിളിക്കാന്‍ ആവശ്യപ്പെട്ട് സൂര്യകുമാര്‍; വീഡിയോ

ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് വിജയത്തിന്റെ ആവേശം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന വിക്ടറി പരേഡ് ചരിത്ര സംഭവമായി മാറിയിരുന്നു. ഏകദേശം മൂന്നുലക്ഷം ആളുകളാണ് പരേഡ് കാണാനായി തടിച്ചു കൂടിയത്.

ട്വന്റി20 ലോകകപ്പില്‍ ഒരു മത്സരത്തില്‍ പോലും അന്തിമ ഇലവനില്‍ സ്ഥാനം പിടിക്കാനായില്ലെങ്കിലും ടീമിന്റെ ഭാഗമാകാന്‍ മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിച്ചു.

ലോകകപ്പിന് മുമ്പ് പ്രധാന വിക്കറ്റ് കീപ്പറാകുമെന്ന വിലയിരുത്തപ്പെട്ടെങ്കിലും പുറത്തിരിക്കാനായിരുന്നു വിധി. റിഷഭ് പന്തായിരുന്നു പ്രധാന വിക്കറ്റ കീപ്പര്‍.

അവസരം ലഭിക്കാത്ത സഞ്ജു ഉള്‍പ്പെടെയുള്ള താരങ്ങള്‍ ടീമിന്റെ പ്രധാന ഭാഗമായിരുന്നുവെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പിന്നീട് വ്യക്തമാക്കിയിരുന്നു.

മുംബൈ മറൈന്‍ ഡ്രൈവില്‍ നിന്ന് തുറന്ന ബസില്‍ വാംഖഡെ സ്റ്റേഡിയം വരെ നടന്ന വിക്ടറി പരേഡിന് ശേഷം വാംഖഡെയിലെത്തിയ 33000ത്തോളം ആരാധകരെ സാക്ഷി നിര്‍ത്തിയായിരുന്നു ഇന്ത്യന്‍ ടീമിന്റെ വിജയാഘോഷം.

കനത്ത മഴയെപ്പോലും തൃണവല്‍ക്കരിച്ചാണ് ലക്ഷങ്ങള്‍ തെരുവുകളില്‍ നിലയുറപ്പിച്ചത്. രണ്ടു മണിക്കൂറോളം വൈകിയായിരുന്നു പരേഡ് തുടങ്ങിയത്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ജസ്പ്രിത് ബുമ്ര, ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് തുടങ്ങിയവരുടെയെല്ലാം പേരെടുത്ത് പറഞ്ഞ് ആരാധകര്‍ ആര്‍പ്പു വിളിക്കുകയും ചെയ്തു.

മുംബൈ നഗരം ചുറ്റിയ തുറന്ന ബസില്‍ സഞ്ജുവുണ്ടായിരുന്നു. ഇതിനിടെ സൂര്യയുടെ ഇടപെടല്‍ ക്രിക്കറ്റ് ആരാധകരുടെ വലിയ ബഹുമാനത്തിനിടയാക്കി. സഞ്ജുവിന്റെ പേര് പറയാന്‍ ആരാധകരോട് ആവശ്യപ്പെടുകയായിരുന്നു സൂര്യ. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

ദില്ലി വിമാനത്താവളത്തില്‍ ലോകകപ്പുമായി വ്യാഴാഴ്ച പുലര്‍ച്ചെ വന്നിറങ്ങിയ ഇന്ത്യയ്ക്ക് ആവേശോജ്ജ്വലമായ സ്വീകരണമാണ് ലഭിച്ചത്. തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ഒരുക്കിയ സ്വീകരണത്തില്‍ പങ്കെടുത്തശേഷമാണ് മുംബൈയിലെത്തിയത്.

ഡല്‍ഹിയില്‍ നിന്ന് വിസ്താര വിമാനത്തില്‍ മുംബൈയിലെത്തിയ ഇന്ത്യന്‍ ടീമിനെ വാട്ടര്‍ സല്യൂട്ട് നല്‍കിയാണ് അഗ്‌നിശമനസേന സ്വീകരിച്ചത്. വിക്ടറി പരേഡിനിടയില്‍ നിന്നുള്ള നിരവധി വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

Related Articles

Back to top button