Football

പൃഥ്വിക്ക് പിന്നാലെ ദുല്‍ഖറും ഫുട്‌ബോള്‍ ബിസിനസിലേക്ക്; നോട്ടം ഈ ലീഗില്‍

ഫുട്‌ബോള്‍ ബിസിനസിലേക്ക് കൂടുതല്‍ സിനിമതാരങ്ങള്‍ നിക്ഷേപം നടത്താനൊരുങ്ങുന്നു. സൂപ്പര്‍താരം പൃഥ്വിരാജ് സൂപ്പര്‍ ലീഗ് കേരളയില്‍ കൊച്ചി ടീമിനെ സ്വന്തമാക്കിയതിന് പിന്നാലെയാണ് കൂടുതല്‍ താരങ്ങള്‍ താല്പര്യവുമായി രംഗത്തുള്ളത്. കൊച്ചി ടീമില്‍ സഹഉടമയായി എത്തിയ പൃഥ്വി കൂടുതല്‍ പങ്കാളിത്തം ഈ ക്ലബില്‍ ഉറപ്പിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് മറ്റൊരു താരവും നിക്ഷേപ കാര്യത്തില്‍ ചര്‍ച്ച നടത്തുന്നത്.

നടന്‍ ദുല്‍ഖര്‍ സല്‍മാനാണ് സൂപ്പര്‍ ലീഗ് കേരളയില്‍ നിക്ഷേപം നടത്താനുള്ള സാധ്യത നിലനില്‍ക്കുന്നത്. ലീഗില്‍ കളിക്കുന്ന ഒരു ക്ലബ് താരവുമായി ചര്‍ച്ച നടത്തിയെന്ന വിവരമാണ് ലഭിക്കുന്നത്. ഏതു രീതിയിലുള്ള നിക്ഷേപമാകും ദുല്‍ഖറില്‍ നിന്നുണ്ടാകുകയെന്നത് വ്യക്തമല്ല. കൂടുതല്‍ സെലിബ്രിറ്റികള്‍ വരുന്നത് ലീഗിന് ഗുണം ചെയ്യുമെന്നുറപ്പാണ്.

സൂപ്പര്‍ ലീഗ് കേരളയില്‍ പങ്കെടുക്കുന്നത് ആറു ക്ലബുകളാണ്. കഴിഞ്ഞ മാസം നടന്ന ചടങ്ങളില്‍ ടീം ഉടമകളെയും ടീമുകളെയും അവതരിപ്പിച്ചിരുന്നു. എന്നാല്‍ ചില ടീമുകളുടെ ഉടമസ്ഥര്‍ പിന്നീട് പിന്‍മാറി. ഈ സ്ഥാനത്തേക്ക് പുതിയ നിക്ഷേപകരും വന്നു. ലീഗിന് ഏകദേശ ഫ്രെയിം ആയതോടെ കൂടുതല്‍ നിക്ഷേപകര്‍ താല്പര്യം കാണിച്ചെത്തുന്നുണ്ട്.

സ്റ്റാര്‍ സ്‌പോര്‍ട്‌സും ഹോട്ട്‌സ്റ്റാറുമാണ് ലീഗിന്റെ തല്‍സമയ സംപ്രേക്ഷണം നടത്തുന്നത്. ഈസ്റ്റേണ്‍ ഗ്രൂപ്പിന്റെ നവാസ് മീരാനാണ് ലീഗിന്റെ തലപ്പത്ത്. ബിസിനസ് രംഗത്തുള്ളവര്‍ നിക്ഷേപം നടത്താനുള്ള കാരണവും നവാസ് മീരാന്റെ സാന്നിധ്യമാണ്. ദുല്‍ഖര്‍ കൂടി വന്നാല്‍ ലീഗിന്റെ താരമൂല്യം ഇരട്ടിക്കും.

നവാസ് മീരാനാണ് കേരള ഫുട്ബോള്‍ അസോസിയേഷന്റെ പ്രസിഡന്റ്. കേരള ഫുട്ബോളിനെ പുതിയ തലത്തിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സൂപ്പര്‍ ലീഗ് കേരള അണിയിച്ചൊരുക്കുന്നത്. ഇന്ത്യന്‍ ടെന്നീസ് താരം മഹേഷ് ഭൂപതി അടക്കമുള്ളവര്‍ ലീഗില്‍ ടീമുകളെ സ്വന്തമാക്കിയിട്ടുണ്ട്.

സംഘാടകര്‍ക്ക് വ്യക്തമായ പദ്ധതി

കോടികള്‍ മുടക്കി ടീമിനെ എടുക്കുന്ന ഫ്രാഞ്ചൈസികള്‍ക്ക് വരുമാനം പ്രധാനമായും വരുന്നത് സ്‌പോണ്‍സര്‍ഷിപ്പ്, ഗേറ്റ് കളക്ഷന്‍, സെന്‍ട്രല്‍ റവന്യു, ടി.വി സംപ്രേക്ഷണ കരാറിലെ വരുമാനം എന്നിവയിലൂടെയാണ്. സ്റ്റാര്‍ സ്‌പോര്‍ട്‌സും ഹോട്ട്സ്റ്റാറും ആണ് സൂപ്പര്‍ ലീഗ് കേരളയുടെ ചാനല്‍ പാര്‍ട്ണര്‍മാര്‍. തുടക്കത്തില്‍ പക്ഷേ ടി.വി കരാറിലൂടെ വലിയ വരുമാനം കിട്ടില്ല.

സ്‌പോണ്‍സര്‍പ്പിലൂടെ കൂടുതല്‍ വരുമാനം കണ്ടെത്തുകയെന്നത് തന്നെയാകും ടീമുകളുടെ പ്രധാന മാര്‍ക്കറ്റിംഗ് തന്ത്രം. ഗേറ്റ് കളക്ഷനിലൂടെ ലഭിക്കുന്ന വരുമാനം ഒരുപരിധിയില്‍ കൂടുതല്‍ ഉണ്ടാകില്ലെന്നത് തന്നെ കാരണം. ചുരുങ്ങിയത് 10 വര്‍ഷമെങ്കിലും വേണ്ടിവരും ഓരോ ടീമും ലാഭത്തിലെത്താന്‍.

ആദ്യ സീസണിലെ താരലേലവും ടൈറ്റില്‍ സ്‌പോണ്‍സര്‍മാരുടെ പ്രഖ്യാപനവും ഈ മാസം കൊച്ചിയില്‍ നടക്കുമെന്നാണ് വിവരം. ടീമുകളെല്ലാം തന്നെ അണിയറയില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ആദ്യ സീസണ്‍ കളര്‍ഫുള്‍ ഇവന്റാക്കി മാറ്റാനാണ് സംഘാടകരുടെ നീക്കം.

Related Articles

Back to top button